തമിഴ്‌നാട്ടില്‍ ഇനി മലയാളം പഠിപ്പിക്കില്ല
ചെന്നൈ: തമിഴ്‌നാട്ടില്‍ നിന്നും മലയാളത്തെ പുറത്താക്കുന്നു. തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ ഇനി മലയാളം പഠിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. മലയാള ഭാഷയെ ഒഴിവാക്കിയുള്ള പരിപാടികള്‍ തമിഴ്‌നാട് ആസൂത്രണം ചെയ്ത് തുടങ്ങിയിരിക്കുന്നു. കേരളത്തില്‍ നൂറോളം സ്‌കൂളുകളില്‍ നിലവില്‍ തമിഴ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നുണ്ട്.
ഒന്നാം ഭാഷയായി മലയാളം പഠിപ്പിക്കാന്‍ പാടില്ലെന്നാണ് തമിഴ്‌നാട് വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. തമിഴ്‌നാട് സര്‍ക്കാരിന്റെ ഈ നിലപാട് കൊണ്ട് മാതൃഭാഷ മറക്കേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്. 1956ന് മുന്‍പ് കേരളത്തിന്റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയില്‍ പത്ത് ലക്ഷത്തോളം മലയാളികളുണ്ട്. മലയാളം മീഡിയം സ്‌കൂളുകളിലെ കുട്ടികളോട് മാതൃഭാഷ ഉപേക്ഷിക്കാന്‍ പറയുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.

ഈ സാഹചര്യത്തില്‍ കേരളത്തില്‍ തമിഴിന്റെ സ്ഥാനം എടുത്തുകളയണമോയെന്നും ആലോചിക്കുന്നുണ്ട്. ഇടുക്കിയില്‍ 52 സ്‌കൂളുകളില്‍ പൂര്‍ണ്ണമായും തമിഴാണ് ഒന്നാം ഭാഷ. എല്ലാ ജില്ലകളിലും തമിഴ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നു. നൂറ് കണക്കിന് അദ്ധ്യാപകരെയാണ് ഇതിനായി നിയമിച്ചിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയവും, വിഷം ചേര്‍ത്ത പച്ചക്കറി വേണ്ടെന്ന കേരളത്തിന്റെ നിലപാടും കൊണ്ടാണോ തമിഴ്‌നാട് കേരളത്തിനെതിരെ ഇത്തരത്തില്‍ തിരിച്ചടിക്കുന്നതെന്നും സംശയമുണ്ട്.












Click it and Unblock the Notifications