കനത്ത മഴ; റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞുവീണു, ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് റദ്ദാക്കി
കോയമ്പത്തൂർ: കനത്ത മഴയിൽ റെയിൽപ്പാളത്തിൽ മണ്ണിടിഞ്ഞ് വീണതിനെ തുടർന്ന് ഊട്ടിയിലേക്കുള്ള ട്രെയിൻ സർവീസ് ശനിയാഴ്ച റദ്ദാക്കി. കല്ലാർഹിൽഗ്രോവ് റെയിൽവേ സ്റ്റേഷന് സമീപത്തെ പാളത്തിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഇതേ തുടർന്ന് മേട്ടുപ്പാളയം - ഉദഗമണ്ഡലം ( 06136) ട്രെയിനാണ് റദ്ദാക്കിയത്. പാതയിൽ നിന്ന് മണ്ണ് പൂർണ്ണമായി നീക്കിയതിന് ശേഷം ഗതാഗതം പുനഃസ്ഥാപിക്കും. യാത്രക്കാർക്ക് റീഫണ്ട് നൽകുമെന്ന് റെയിൽവേ അറിയിച്ചു.
അതേ സമയം കനത്ത മഴയ്ക്ക് സാധ്യത ഉള്ളതായി മുന്നറിയിപ്പുള്ളത് കാരണം നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് ഊട്ടി യാത്ര ഒഴിവാക്കണം എന്നും നീലഗിരി ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകിയിരുന്നു. ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മേയ് 18 ശനിയാഴ്ച മുതൽ മെയ് 20 തിങ്കളാഴ്ച വരെ നീലഗിരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നീലഗിരി ജില്ലാ കളക്ടർ ആവശ്യപ്പെട്ടത്.

വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. നീലഗിരിയിൽ ഓറഞ്ച് അലേർട്ടാണ്. മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അറിയിച്ചു
അതേ സമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച്, യെല്ലോ അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ റെഡ് അലേർട്ടാണ്.
തിങ്കൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു . ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 മില്ലി മീറ്ററിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications