പ്രമുഖ തമിഴ് ഗായകനെ കത്തിചൂണ്ടി തട്ടിക്കൊണ്ടുപോയി; സിനിമ സ്റ്റൈലില്‍ ചേസ് ചെയ്ത് പൊലീസ്
ചെന്നൈ: തമിഴിലെ യുവ റാപ്പ് ഗായകന്‍ ദേവ് ആനന്ദിനെ തട്ടിക്കൊണ്ടുപോയവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. ദേവ് ആനന്ദിനെ സുരക്ഷിതമായി മോചിപ്പിച്ച പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങുകയായിരുന്ന ദേവ് ആനന്ദിനെ ചെന്നൈ-ബെംഗളൂരു ഹൈവേയില്‍ വച്ചാണ് തട്ടിക്കൊണ്ടുപോയത്.
കുടുംബം ദേവ് ആനന്ദിനെ കാണാതായെന്ന് ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിരുന്നു, അന്വേഷണത്തില്‍, ബുധനാഴ്ച രാത്രി പത്തംഗ സംഘം ഗായകനെ തട്ടിക്കൊണ്ടുപോയതായി കണ്ടെത്തി. ബുധനാഴ്ച രാത്രി നുങ്കമ്പാങ്കത്തെ ഓഡിറ്റോറിയത്തില്‍ സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ പത്തംഗ സംഘം കാര്‍ തടഞ്ഞ് കത്തി ചൂണ്ടി തട്ടിക്കൊണ്ടു പോകുകയായിരുന്നു.

പൊലീസ് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിന്തുടര്‍ന്നത്. സംഘം സഞ്ചരിച്ച കാര്‍ പുതുക്കോട്ടയില്‍ വച്ച് തടയുകയും ദേവ് ആനന്ദിനെ മോചിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന നാല് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ദേവ് ആനന്ദിന്റെ സഹോദരന്‍ ഒരാളില്‍ നിന്ന് 2.5 കോടി രൂപ വായ്പയെടുത്ത് പണം തിരികെ നല്‍കിയിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.
ദേവ് ആനന്ദിനെ തട്ടിക്കൊണ്ടുപോയതുമായി ഈ സംഭവത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവ് ആനന്ദിന്റെ സഹോദരന്‍ ചിരഞ്ജീവി ഭാഗ്യക്കുറി ഇടപാട് നടത്തിയിരുന്നു. പലര്‍ക്കായി കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ട്. പണം കിട്ടാനുള്ളവര്‍ നടത്തിയ ആസൂത്രണമാണോ ഇതിന് പിന്നിലെന്ന് പൊലീസ് കരുതുന്നു.
പൊലീസ് കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ. തമിഴ്‌നാട്ടിലെ യുവാക്കള്‍ക്കിടയില്‍ വളരെ സ്വീകാര്യനായ തമിഴ് റാപ് ഗായകനാണ് ദേവ് ആനന്ദ്.
.












Click it and Unblock the Notifications