'ഇനിയും സുപ്രധാന പ്രസ്താവനകള്‍ ഉണ്ടാകും'; രജനീകാന്ത് പരോക്ഷമായി ബിജെപിയെ പിന്തുണക്കുമെന്ന് ആര്‍എസ്എസ്
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറിയെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് പ്രഖ്യാപിച്ചതിന് പിന്നാലെ പല സുപ്രധാന സംഭവ വികാസങ്ങളും നടക്കാനുണ്ടെന്ന് ആര്‍എസ്എസ് നേതാവ് എസ് ഗുരു മൂര്‍ത്തി. രജനികാന്ത് ഇനിയും നിര്‍ണായക പ്രസ്താവനകള്‍ നടത്തുമെന്നും അത് ബിജെപിക്ക് അനുകൂലമായിരിക്കുമെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.
സ്വന്തമായി ഒരു പാര്‍ട്ടി പ്രഖ്യാപിക്കില്ലന്നേ രജനികാന്ത് പറഞ്ഞിട്ടുള്ളു. ബിജെപിക്ക് പരോക്ഷ പിന്തുണ നല്‍കുമെന്നും ഗുമൂര്ത്തി അറിയിച്ചു. രജനികാന്തുമായി താന്‍ സംസാരിച്ചെന്ന് വെളിപ്പെടുത്തിക്കൊണ്ടായിരുന്നു ഗുരുമൂര്‍ത്തിയുടെ പ്രതികരണം. രജനികാന്ത് രാഷ്ട്രീയ പര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്മാറിയത് ഒരു ശരിയായ തീരുമാനമാണെന്നും ഈ പ്രഖ്യാപനം തന്നെ ഞെട്ടിച്ചില്ലെന്നും ഗുരുമൂര്‍ത്തി പറഞ്ഞു.ഒരു ദേശീയ ചാനലിന് നല്കിയ അഭിമുഖത്തിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.
പാര്‍ട്ടിയില്ല എന്നതിനര്‍ഥം അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്നോട്ട് പോകുമെന്നല്ല. പാര്‍ട്ടി രൂപീകരിക്കാതെ തന്നെ അദ്ദേഹം ഇലക്ട്രോള്‍ പൊളിറ്റിക്സിലൂടെ ഇടപെടും. ആ ഇടപെടല്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ വളരെ നിര്‍ണായകമായിരിക്കും. ഗുരുമൂര്‍ത്തി കൂട്ടിച്ചേര്‍ത്തു.
ജനങ്ങളെ സേവിക്കുന്ന പാര്‍ട്ടി എന്നര്‍ഥം വരുന്ന മക്കള്‍ സേവൈ കച്ചി എന്ന പേരിലാണ് രജനികാന്ത് പാര്‍ട്ടി രൂപീകരിക്കുകയെന്ന് മുന്‍പ് വാര്‍ത്തകള്‍ വന്നിരുന്നു. അനൈത് ഇന്ത്യ ശക്തി കഴകം എന്ന പേരിലാണ് ആദ്യം പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തെതെങ്കിലും മക്കള്‍ സേവൈ കച്ചി എന്ന പേരില്‍ പൊതുരംഗത്ത് സജീവമാകാന്‍ താരം നീക്കം നടത്തുകയായിരുന്നുവെന്നായിരുന്നു റിപ്പേര്‍ട്ടുകള്‍.
ഈമാസം 31ന് രജനികാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിസം രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്മാറിയതായി രജനികാന്ത് അറിയിക്കുകയായിരുന്നു. തല്കാലം രാഷ്ട്രീയത്തിലേക്കില്ലെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. വാക്കു പാലിക്കാനാവാത്തതില്‍ കടുത്ത വേദനയുണ്ട്. കൊവിഡ് സാഹചര്യം ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നെ വിശ്വസിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവരും ദുഖിക്കാന്‍ ഇടവരരുതെന്നും രജനീകാന്ത് ട്വിറ്ററില്‍ കുറിച്ചു.