മോദിയുടെ ജന്മദിനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്ന് ബിജെപി
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 ന് ജനിക്കുന്ന ഓരോ കുഞ്ഞിനും ഒരു സ്വര്‍ണ്ണ മോതിരം സമ്മാനിക്കുമെന്ന് ബി ജെ പിയുടെ തമിഴ്‌നാട് ഘടകം. പദ്ധതി പ്രകാരം 720 കിലോഗ്രാം മത്സ്യവും വിതരണം ചെയ്യും എന്നും ബി ജെ പി നേതാക്കള്‍ അറിയിച്ചു.
പദ്ധതിക്കായി പാര്‍ട്ടി തിരഞ്ഞെടുത്തത് ആര്‍ എസ് ആര്‍ എം ആശുപത്രിയാണ് എന്ന് കേന്ദ്ര സഹ മന്ത്രി എല്‍ മുരുകന്‍ അറിയിച്ചു. 2 ഗ്രാം തൂക്കമുള്ള സ്വര്‍ണ മോതിരമാണ് ഓരോ കുഞ്ഞിനും നല്‍കുക എന്ന് മന്ത്രി അറിയിച്ചു.

അതേസമയം ഇത് സൗജന്യമല്ല എന്നും നവജാതശിശുക്കളെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതാണ് എന്നും എല്‍ മുരുകന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടുകള്‍ പ്രകാരം സെപ്റ്റംബര്‍ 17 ന് ആര്‍ എസ് ആര്‍ എം ആശുപത്രിയില്‍ 10 മുതല്‍ 15 വരെ കുട്ടികള്‍ ജനിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം മത്സ്യം വിതരണം ചെയ്യാന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മണ്ഡലമാണ് തിരഞ്ഞെടുത്തത് എന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.

മത്സ്യ ഉപഭോഗം വര്‍ധിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്നും അദ്ദേഹം അവകാശപ്പെട്ടു. നരേന്ദ്ര മോദിക്ക് 72 വയസ്സ് തികയുന്നതിനാല്‍ ആണ് 720 കിലോ മത്സ്യം വിതരണം ചെയ്യുന്നത് എന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. 1950 സെപ്തംബര്‍ 17 ന് വാദ് നഗറിലാണ് നരേന്ദ്രമോദിയുടെ ജനനം. ഇന്ത്യയുടെ 14-ാമത് പ്രധാനമന്ത്രിയായ അദ്ദേഹം 2001 മുതല്‍ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു.

നരേന്ദ്ര മോദിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് നിരവധി പരിപാടികളാണ് ബി ജെ പി ആസൂത്രണം ചെയ്തിരിക്കുന്നത്. ഡല്‍ഹിയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പുകളും രക്തദാന ക്യാമ്പുകളും ബി ജെ പിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന പ്രത്യേക മത്സരവും പ്രഖ്യാപിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 17 മുതല്‍ 16 ദിവസത്തേക്ക് സേവന ദിനമായും ബി ജെ പി ആഘോഷിക്കുന്നുണ്ട്. പരിപാടികള്‍ സംബന്ധിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കത്തയച്ചു. ജില്ലകളില്‍ ബിജെപി പ്രവര്‍ത്തകര്‍ 'നാനാത്വത്തില്‍ ഏകത്വം' ഉത്സവങ്ങള്‍ സംഘടിപ്പിക്കണം എന്നും 'ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന സന്ദേശം ജനങ്ങള്‍ക്കിടയില്‍ നല്‍കണമെന്നും കത്തില്‍ പറയുന്നു.

കാമ്പെയ്നിന്റെ ഭാഗമായി, എല്ലാ സംസ്ഥാന യൂണിറ്റുകളിലെയും പാര്‍ട്ടി ഭാരവാഹികള്‍ അവരുടേതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംസ്ഥാനം കണ്ടെത്തി ഒരു ദിവസത്തേക്ക് അതിന്റെ ഭാഷയും സംസ്‌കാരവും സ്വീകരിക്കും. നമോ ആപ്പില്‍ ഇതും മറ്റ് എല്ലാ പ്രവര്‍ത്തനങ്ങളും അപ്ഡേറ്റ് ചെയ്യാന്‍ എല്ലാ സംസ്ഥാന യൂണിറ്റുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ ഈ ഉത്സവങ്ങള്‍ സംഘടിപ്പിക്കുന്നതിന് അഞ്ച് മികച്ച സംസ്ഥാന യൂണിറ്റുകള്‍ക്ക് അവാര്‍ഡ് നല്‍കും. രാജ്യത്തെ ക്ഷയരോഗ വിമുക്തമാക്കാന്‍ പാര്‍ട്ടി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയും നടത്തും. അതിന് കീഴില്‍ എല്ലാവരും ഒരു ക്ഷയരോഗിയെ ദത്തെടുക്കുകയും ഒരു വര്‍ഷത്തേക്ക് രോഗിയെ പരിപാലിക്കുകയും ചെയ്യും.












Click it and Unblock the Notifications