പൈസയിടുമ്പോൾ ഐഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണു; ധർമ്മ സങ്കടത്തിലായി യുവാവ്, ഇനി കിട്ടില്ല
ചെന്നൈ: ഭണ്ഡാരപ്പെട്ടിയിൽ പണം ഇടുന്നതിനിടെ യുവാവിന്റെ ഐ ഫോൺ അബദ്ധത്തിൽ ഭണ്ഡാരത്തിൽ വീണു. തമിഴ്നാട്ടിൽ ആണ് സംഭവം. ഐ ഫോൺ തിരികെ ലഭിക്കാനായി തമിഴ്നാട് ഹിന്ദു റിലീജിയസ് ആന്റ് ചാരിറ്റബിൾ എൻഡോവ്മെന്റ് ഡിപ്പാർട്ട്മെന്റിനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്റെ അഭ്യർത്ഥന നിരസിക്കുകയായിരുന്നു. ഐ ഫോൺ ഇപ്പോൾ ക്ഷേത്രത്തിന്റെ സ്വത്തായി മാറി എന്നാണ് അറിയിച്ചത്.
ഇൻസ്റ്റലേഷൻ, സേഫ് ഗാർഡിംഗ്, അക്കൗണ്ടിംഗ് ഓഫ് ഹുണ്ടിയൽ റൂൾസ് പ്രകാരം ഭണ്ഡാരത്തിലേക്കുള്ള എല്ലാ വഴിപാടുകളും ക്ഷേത്രത്തിന്റെതായതിനാൽ ഒരു ഘട്ടത്തിലും ഉടമയ്ക്ക് തിരിച്ച് നൽകാൻ ആവില്ലെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതായാണ് വിവരം. ഫോൺ ഒരു വഴിപാടായി എടുത്തിട്ടുണ്ട്. ഐ ഫോൺ ഉടമയ്ക്ക് ഡാറ്റ വീണ്ടെടുക്കാൻ മാത്രമെ കഴിയൂ എന്ന് ക്ഷേത്രം അധികൃതർ പറഞ്ഞു.

അബദ്ധത്തിൽ ഫോൺ ഭണ്ഡാരത്തിൽ ഇട്ട ദിനേശ് ചെങ്കൽപട്ട് ജില്ലയിലെ തിരുപ്പോരൂരിലെ ശ്രീകന്ദസ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥരെ സമീപിച്ച് ഐ ഫോൺ ആവശ്യപ്പെട്ടു. ക്ഷേത്രഭരണസമിതി അദ്ദേഹത്തിന്റെ അപേക്ഷ നിരസിച്ചു. വഴിപാട് പെട്ടിയിൽ നിക്ഷേപിക്കുന്നതെന്തും അനിയന്ത്രിതമായ നടപടിയാണെങ്കിലും അത് ദൈവത്തിന്റേതാണ് എന്ന് എച്ച ആർ ആന്റ് സി ഇ മന്ത്രി പി കെ ശേഖർ റാവു പറഞ്ഞു.
" ക്ഷേത്രങ്ങളിലെ ആചാരങ്ങളും പാരമ്പര്യവും അനുസരിച്ച് ഭണ്ഡാരത്തിൽ സമർപ്പിക്കുന്ന ഏതൊരു വഴിപാടും ആ ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്നു. ഭക്തർക്ക് വഴിപാടുകൾ തിരികെ നൽകാൻ ഭരണസംവിധാനത്തെ ചട്ടങ്ങൾ അനുവദിക്കുന്നില്ല " മന്ത്രി പറഞ്ഞു. എന്നിരുന്നാലും ഭക്തർക്ക് നഷ്ടപരിഹാരം നൽകാൻ എന്തെങ്കിലും സാധ്യതയുണ്ടോ എന്ന് പരിശോധിക്കാൻ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഇത് ആദ്യത്തെ സംഭവമല്ല. കേരളത്തിലെ ആലപ്പുഴ സ്വദേശിനിയായ എസ് സംഗീത എന്ന ഭക്തയാണ് 2023 മേയ് മാസത്തിൽ പഴനിയിലെ ശ്രീ ദണ്ഡയുതപാണി സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ തന്റെ 1.75 പവൻ സ്വർണ ചെയ്ൻ അബദ്ധത്തിൽ ഇട്ടത്. വഴിപാട് നടത്താനായി കഴുത്തിലെ തുളസിമാല അഴിച്ചപ്പോഴാണ് ചെയ്ൻ ഭണ്ഡാരത്തിൽ വീണത്. ഇവരുടെ സാമ്പത്തിക പശ്ചാത്തലം കണക്കിലെടുത്ത് സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് ചെയ്ൻ അബദ്ധത്തിൽ വീണതാണെന്ന് സ്ഥിരീകരിച്ചതോടെ ക്ഷേത്ര ഭരണസമിതി ചെയർമാൻ അതേ വിലയുള്ള പുതിയ സ്വർണ ചെയ്ൻ സ്വന്തം ചെലവിൽ വാങ്ങി നൽകി.












Click it and Unblock the Notifications