വീണ്ടും ദുരഭിമാനക്കൊല.. തമിഴ്‌നാട് ദമ്പതികളെ കാവേരി പുഴയിലെറിഞ്ഞ് കൊന്നു.. കൊലനടത്തിയത് പെണ്‍കുട്ടിയുടെ പിതാവ്
മാണ്ഡ്യ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല. തമിഴ്‌നാട് സ്വദേശികളായ ദമ്പതികളെ ജീവനോടെ പുഴയിലെറിഞ്ഞ് കൊന്നു.അഞ്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവാവിന്റെ മൃതദേഹം കാവേരി നദിയുടെ ശിവനസമുദ്രയില്‍ നിന്ന് പോലീസിന് ലഭിച്ചത്. രണ്ടു ദിവസം കഴിഞ്ഞ് യുവതിയുടെയും മൃതദേഹം ഇതേ സ്ഥലത്തുനിന്നും ലഭിച്ചതോടെയാണ് കൊലപാതകമാണോയെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്.

ആസൂത്രണം പിതാവ്
മാണ്ഡ്യ പോലീസിന്റെ അന്വേഷണത്തില്‍ ആണ് ക്രൂരമായ ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞത്. യുവതിയുടെ പിതാവ് തന്നെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. സ്വജാതിയില്‍പെടാത്ത യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് വഴിവെച്ചത്. 26 വയസുകാരനായ നന്ദിഷും 19 കാരിയായ സ്വാതിയും തമിഴ്‌നാട് സ്വദേശികളാണ്. ബന്ധുക്കളില്‍ നിന്നും ഒളിച്ച് കര്‍ണാടകയിലെത്തിയ ഇരുവരെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു.

ഹൊസൂരില്‍ താമസം
രഹസ്യമായി വിവാഹം ചെയ്ത ഇരുവരും കര്‍ണാടക ഹൊസൂരില്‍ താമസിച്ച് വരികയായിരുന്നു.കമല്‍ഹാസന്‍രെ പൊതുപരിപാടി കാണാന്‍ എത്തിയ ഇരുവരെയും സ്വാതിയുടെ ബന്ധുകാണുകയും സ്വാതിയുടെ പിതാവ് ശ്രീനിവാസയെ അറിയിക്കുകയുമായിരുന്നു.തുടര്‍ന്ന് ഇവരെ കണ്ടെത്തി ഏറെ നേരത്തെ വാഗ്വാദത്തിനു ശേഷം അനുരഞ്ജനത്തിനായി പോലീസ് സ്‌റ്റേഷനിലേക്കെന്ന് പറഞ്ഞ് കൊണ്ടുപോകുകയായിരുന്നു.

കൈകാലുകള്‍ കെട്ടി പുഴയിലെറിഞ്ഞു
ഇരുവരുടെയും കൈകാലുകള്‍ ബന്ധിപ്പിച്ച് പുഴയിലേക്കെറിയുകയായിരുന്നു.നന്ദിഷും സ്വാതിയും തമിഴ്‌നാട് കൃഷ്ണഗിരി ജില്ലയിലെ ചുഡഗൗണ്ടനഹള്ളി സ്വദേശികളാണ്.പ്രണയത്തിലായ ഇരുവരും വ്യത്യസ്ത ജാതിയിലുള്ളവരാണ്.നന്ദിഷ് ദളിതായതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരുന്നില്ല.

കുടുംബത്തിന്റെ മാനം കളഞ്ഞെന്ന്
തുടര്‍ന്ന് കുടുംബത്തിന്‍രെ മാനം കളഞ്ഞെന്നാരോപിച്ച് സ്വാതിയുടെ മുന്നില്‍ വച്ച് തന്നെ നന്ദിഷിനെ പുഴയിലേക്ക് വലിച്ചെറിഞ്ഞു.തുടര്‍ന്ന് സമാനമായ രീതിയില്‍ സ്വാതിയെയും പുഴയിലേക്കെറിയുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മാണ്ഡ്യയിലെത്തി പോലീസ് ശ്രീനിവാസനെ അറസ്റ്റ് ചെയ്തു.കൊലപാതകം നടത്തിയതായി അയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തിയതായും പോലീസ് പറയുന്നു.












Click it and Unblock the Notifications