ഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി; എംഡിഎംകെ മുന്നണി വിട്ടു, ഇനി വിജയിക്കൊപ്പം?
തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. ഡിഎംകെയുമായുള്ള ഒമ്പത് വര്‍ഷത്തെ സഖ്യം അവസാനിപ്പിക്കുകയാണ് എനന്ന് എംഡിഎംകെ അറിയിച്ചു. വൈക്കോയുടെ നേതൃത്വത്തിലുള്ള മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ), വിജയ് നയിക്കുന്ന ടിവികെ മുന്നണിയിലേക്ക് നീങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കണക്കുകൂട്ടുന്നത്.
ചെന്നൈയില്‍ ചേര്‍ന്ന എംഡിഎംകെയുടെ അടിയന്തര ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടി ഭരണഘടനാ സമിതി ഇത്തരമൊരു സുപ്രധാന തീരുമാനം കൈക്കൊണ്ടത്. തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയിയുടെ ഭരണനടപടികളെയും പുതിയ നയങ്ങളെയും സ്വാഗതം ചെയ്യുന്ന ഒരു പ്രത്യേക പ്രമേയം യോഗത്തില്‍ അംഗീകരിച്ചു.

ടിവികെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ പൂര്‍ണമായും പാലിക്കണമെന്നും സംസ്ഥാനത്ത് അഴിമതിയില്ലാത്ത സുതാര്യമായ ഭരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ധീരമായ നടപടികള്‍ കൈക്കൊള്ളണമെന്നും മേക്കേദാട്ടു അണക്കെട്ട് പദ്ധതി പോലുള്ള വിഷയങ്ങളില്‍ തമിഴ്നാടിന്റെ താല്പര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും എംഡിഎംകെ പ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഡിഎംകെയ്ക്ക് എതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചാണ് എംഡിഎംകെ സഖ്യം ഉപേക്ഷിച്ചത്. ഡിഎംകെ മുന്നണിയില്‍ തുടരുന്നതിലൂടെ എംഡിഎംകെയുടെ രാഷ്ട്രീയ അസ്തിത്വവും സ്വതന്ത്രമായ നിലനില്‍പ്പും പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടന്നുവെന്നാണ് അവര്‍ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. സഖ്യത്തില്‍ തുടര്‍ന്നുകൊണ്ട് തന്നെ എംഡിഎംകെയെ താഴെത്തട്ടില്‍ ദുര്‍ബലപ്പെടുത്താന്‍ ഡിഎംകെ ആസൂത്രിതമായി നീക്കം നടത്തി.
എഐഎഡിഎംകെയെ വീണ്ടും ശക്തിപ്പെടുത്താനും തങ്ങളെ ഒതുക്കാനുമുള്ള ചില രഹസ്യ പദ്ധതികള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും പാര്‍ട്ടി വിശദീകരിക്കുന്നു. അതേസമയം എംഡിഎംകെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഡിഎംകെ നേതാക്കള്‍ രംഗത്തെത്തി.
തമിഴ്‌നാട് രാഷ്ട്രീയത്തിലും കേന്ദ്രത്തിലും വലിയ സ്വാധീനം ചെലുത്താന്‍ എംഡിഎംകെയെ പ്രാപ്തമാക്കിയത് തങ്ങളാണെന്ന് ഡിഎംകെ വക്താവ് സയ്യിദ് ഹഫീസുള്ള വ്യക്തമാക്കി. എംഡിഎംകെയില്‍ വൈക്കോ നടത്തുന്ന കുടുംബവാഴ്ചാ നീക്കങ്ങളാണ് പാര്‍ട്ടിയുടെ പതനത്തിന് വഴിതുറന്നത്. കുടുംബാധിപത്യ വഴികളിലൂടെ സ്വന്തം മകന്‍ ദുരൈ വൈക്കോയെ നേതാവായി ഉയര്‍ത്തിക്കൊണ്ടുവന്നതാണ് അണികളില്‍ വലിയ തോതില്‍ അതൃപ്തി ഉണ്ടാക്കിയതെന്നും അത് പാര്‍ട്ടിയെ രാഷ്ട്രീയമായി ദുര്‍ബലമാക്കിയെന്നും ഡിഎംകെ തിരിച്ചടിച്ചു.
അതേസമയം വിജയിയുമായും ടിവികെയിലെ മറ്റു മുതിര്‍ന്ന നേതാക്കളുമായും കഴിഞ്ഞ ഏതാനും ആഴ്ചകളായി വൈക്കോയും അദ്ദേഹത്തിന്റെ മകനും എംപിയുമായ ദുരൈ വൈക്കോയും നിരന്തരമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിരുന്നു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ നിയമസഭയില്‍ നടന്ന നിര്‍ണായകമായ വിശ്വാസവോട്ടെടുപ്പില്‍ നിന്നും എംഡിഎംകെ പൂര്‍ണ്ണമായിട്ടു വിട്ടുനിന്നിരുന്നു.
പുതിയ സഖ്യങ്ങളില്‍ ഭാഗമാകാന്‍ ശ്രമിക്കുമ്പോഴും സ്വന്തം പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര ഭിന്നതകളും തര്‍ക്കങ്ങളും വൈക്കോയുടെ നേതൃത്വത്തിന് മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിന്റെ സൂചനയായി നിലവില്‍ എംഡിഎംകെയുള്ള രണ്ട് നിയമസഭാംഗങ്ങളും കഴിഞ്ഞ ദിവസം ചേര്‍ന്ന സുപ്രധാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ നിന്നും പൂര്‍ണമായി വിട്ടുനിന്നിരുന്നു.
കോയമ്പത്തൂരിലെയും ഈറോഡിലെയും ഈ ജനപ്രതിനിധികള്‍ രണ്ടുപേരും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയുടെ 'ഉദയസൂര്യന്‍' ചിഹ്നത്തിലാണ് മത്സരിച്ച് ജയിച്ചത്. ഔദ്യോഗികമായി ഡിഎംകെയുടെ ചിഹ്നത്തില്‍ മത്സരിച്ചതിനാല്‍ സാങ്കേതികമായി തങ്ങള്‍ ഡിഎംകെ പക്ഷത്തുതന്നെ ഉറച്ചുനില്‍ക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഇത് എംഡിഎംകെയ്ക്ക് കനത്ത തിരിച്ചടിയാണെങ്കിലും നിയമപരമായ കാര്യങ്ങള്‍ ഇതില്‍ ഏറെ നിര്‍ണായകമാണ്.
എംഡിഎംകെയിലെ ഭൂരിപക്ഷം പേരും സഖ്യം മാറിയാലും ഈ രണ്ട് എംഎല്‍എമാരുടെ നിലപാട് കൊണ്ട് മാത്രം ഭരണകക്ഷിയായ ടിവികെയുടെ രാഷ്ട്രീയ ശക്തി നിയമസഭയില്‍ വര്‍ധിക്കില്ല. ഈ എംഎല്‍എമാര്‍ രാജിവെക്കാന്‍ വിസമ്മതിക്കുന്നതിനാല്‍ പെട്ടെന്നൊരു ഉപതെരഞ്ഞെടുപ്പ് ഉണ്ടാക്കാനും സാധിക്കില്ല. ഈ പുതിയ രാഷ്ട്രീയ മാറ്റത്തോടെ തമിഴ്‌നാട് നിയമസഭയിലെയും മുന്നണികളിലെയും സമവാക്യങ്ങള്‍ മാറിമറിയുകയാണ്.
നിലവില്‍ വിജയ് നയിക്കുന്ന സര്‍ക്കാരിന് കോണ്‍ഗ്രസ്, വിടുതലൈ ചിരുതൈഗള്‍ കക്ഷി (വിസികെ), മുസ്ലിം ലീഗ് എന്നീ മുന്നണി കക്ഷികളുടെ പങ്കാളിത്തമുണ്ട്. ഈ സര്‍ക്കാര്‍ ഘടനയില്‍ കോണ്‍ഗ്രസിന് രണ്ടും വിസികെ, ലീഗ് എന്നീ കക്ഷികള്‍ക്ക് ഒന്നുവീതവും മന്ത്രിസ്ഥാനങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ഇടതുപക്ഷ പ്രസ്ഥാനങ്ങളായ സിപിഐയും സിപിഎമ്മും സര്‍ക്കാരിന് പുറത്തുനിന്ന് രാഷ്ട്രീയ പിന്തുണ നല്‍കുന്നവരാണ്.
ഈ മുന്നണിയില്‍ പുതിയതായി ചേരുന്നതിലൂടെ എംഡിഎംകെ കൂടുതല്‍ സുരക്ഷിതമായ ഒരു രാഷ്ട്രീയ താവളമാണ് ലക്ഷ്യമിടുന്നത്. മുന്‍പ് ഡിഎംകെയ്ക്കുള്ളില്‍ നിന്നും തന്നെ വരും തെരഞ്ഞെടുപ്പുകളില്‍ തനിച്ച് മത്സരിക്കണമെന്ന ചര്‍ച്ചകള്‍ ഉയര്‍ന്നുവന്നിരുന്നു. ഡിഎംകെ മുതിര്‍ന്ന നേതാവും എംപിയുമായ കനിമൊഴിയാണ് ആദ്യം ഈ അസംതൃപ്തി പാര്‍ട്ടിയ്ക്കുള്ളില്‍ പ്രകടിപ്പിച്ചത്.
തുടര്‍ന്ന് എ. രാജയും ഈ ആവശ്യത്തിന് വലിയ രാഷ്ട്രീയ പിന്തുണ നല്‍കി. സഖ്യകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റുകള്‍ വീതം വെയ്ക്കുന്നത് പാര്‍ട്ടിയുടെ സ്വന്തം വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഭാവിയില്‍ മുന്നണി സംവിധാനം ഒഴിവാക്കുക എന്ന രാഷ്ട്രീയ തന്ത്രം ഡിഎംകെയും ആലോചിക്കുന്നുണ്ട്.















Click it and Unblock the Notifications