ക്രിസ്മസ്, പുതുവത്സരം നോക്കി ടിക്കറ്റ് നിരക്ക് കൂട്ടി, സ്വകാര്യബസുകളെ പൂട്ടി തമിഴ്‌നാട് സര്‍ക്കാര്‍
ചെന്നൈ: ക്രിസ്മസ്-പുതുവത്സര സീസണിലെ അവധിക്കാല തിരക്ക് മുതലെടുത്ത് അധിക ടിക്കറ്റ് ഫീസ് ഈടാക്കിയതിന് 49 സ്വകാര്യ ഓമ്നി ബസുകള്‍ക്ക് എതിരെ നടപടിയുമായി ഗതാഗത വകുപ്പ്. അധിക ടിക്കറ്റ് ഫീസ് ഈടാക്കിയ സ്വകാര്യ ഓമ്നി ബസുകളില്‍ നിന്ന് ഗതാഗത വകുപ്പ് 92,500 രൂപ പിഴ ചുമത്തിയതായി പത്രക്കുറിപ്പില്‍ പറയുന്നു.
ഓമ്നി ബസുകള്‍ യാത്രക്കാരില്‍ നിന്ന് അധിക ചാര്‍ജ് ഈടാക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിസംബര്‍ 23ന് ചെന്നൈയിലെ പോരൂര്‍, കണ്ടന്‍ചാവടി തുടങ്ങിയ പ്രദേശങ്ങളില്‍ ഗതാഗത വകുപ്പ് മിന്നല്‍ പരിശോധന നടത്തി. ഓമ്നി ബസുകള്‍ അധികമായി ഈടാക്കിയതിനെതിരെ പരാതി നല്‍കിയ യാത്രക്കാര്‍ക്ക് പണം തിരികെ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.

ഓണ്‍ലൈന്‍ ടിക്കറ്റ് പ്ലാറ്റ്ഫോമുകളില്‍ ആണ് ചില സ്വകാര്യ ഓമ്നി ബസുകള്‍ നിരക്ക് വര്‍ധിപ്പിച്ചത്. ജനുവരി ഒന്നിന് തിരുനെല്‍വേലിയില്‍ നിന്ന് ചെന്നൈയിലേക്കുള്ള ടിക്കറ്റ് നിരക്ക് 3500 രൂപയായി ഉയര്‍ന്നിരുന്നു. കോയമ്പത്തൂര്‍, തിരുച്ചിറപ്പള്ളി തുടങ്ങിയ നഗരങ്ങളുമായി ചെന്നൈയെ ബന്ധിപ്പിക്കുന്ന മറ്റ് റൂട്ടുകളിലും സമാനമായ വിലകള്‍ പട്ടികപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ചില ബസുകള്‍ നികുതി അടയ്ക്കാതെ സര്‍വീസ് നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ട് എന്നും ഗതാഗത വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍ എല്ലാ ഓപ്പറേറ്റര്‍മാരും അമിത ഫീസ് ഈടാക്കുന്നില്ലെന്നും നിരക്ക് നിശ്ചയിച്ചിട്ടുണ്ടെന്നും ഓള്‍ ഓമ്നിബസ് ഓണേഴ്സ് അസോസിയേഷന്‍ തമിഴ്നാട് ജനറല്‍ സെക്രട്ടറി എ അന്‍പളഗന്‍ പറഞ്ഞു.
ഞങ്ങള്‍ അംഗങ്ങളുമായി ഒരു ചര്‍ച്ച നടത്തി. അസോസിയേഷന്‍ നിശ്ചയിച്ചിരിക്കുന്ന നിരക്കില്‍ ഉറച്ചുനില്‍ക്കാന്‍ ഞങ്ങള്‍ എല്ലാവരോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ പരാതി ഉന്നയിക്കുകയും ഫീസ് തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്ത ഓപ്പറേറ്റര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഓമ്നി ബസുകള്‍ക്ക് ഒരു നിശ്ചിത നിരക്ക് ഇല്ല എന്നതാണ് പ്രശ്‌നം എന്നും ഞങ്ങള്‍ സ്വയം ഒരു നിരക്ക് നിശ്ചയിക്കുകയും അംഗങ്ങള്‍ അത് പാലിക്കുകയും ചെയ്യുകയുമാണ് എന്നും അന്‍പളഗന്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ഈ രീതി അംഗീകരിച്ചെങ്കിലും ഓമ്നി ബസുകളുടെ അറ്റകുറ്റപ്പണി സര്‍ക്കാര്‍ വാഹനങ്ങളേക്കാള്‍ കൂടുതലാണ്.
അതിനാല്‍ ഞങ്ങള്‍ നേരിടുന്ന എല്ലാ ബുദ്ധിമുട്ടുകളും കണക്കിലെടുത്ത് നിരക്ക് നിശ്ചയിക്കാന്‍ ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരില്‍ നിന്ന് അധിക ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മിന്നല്‍ പരിശോധന തുടരുമെന്നും ഗതാഗത വകുപ്പ് അറിയിച്ചു.












Click it and Unblock the Notifications