തമിഴ്നാട്ടിൽ കനത്ത മഴ; ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം
നീലഗിരി: തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ നീലഗിരി ജില്ലയിലേക്ക് ഉള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ജില്ലയിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ മെയ് 18 ശനിയാഴ്ച മുതൽ മെയ് 20 തിങ്കളാഴ്ച വരെ നീലഗിരിയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നീലഗിരി ജില്ലാ കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
വരുന്ന മൂന്ന് ദിവസങ്ങളിൽ തെക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നീലഗിരി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ 456 ദുരിതാശ്വാസ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

തെങ്കാശിയിൽ കുറ്റാലം വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ള പാച്ചിലിൽ തിരുനെൽവേലി സ്വദേശിയായ അശ്വിനെ ( 17) കാണാതായി. അഗ്നി രക്ഷാ സേനാംഗങ്ങളും പോലീസും ജില്ലാ ഭരണകൂട അധികൃതരും അശ്വിനായി തിരച്ചിൽ തുടരുന്നുണ്ട്. വെളളം കുത്തിയൊലിച്ച് വന്നതോടെ ഇവിടെയുണ്ടായിരുന്ന സഞ്ചാരികൾ ഓടി രക്ഷപ്പെടുന്ന വീഡിയോ പുറത്തുവന്നിരുന്നു. അപകട സാധ്യത മുൻനിർത്തി വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി.
അതേ സമയം കേരളത്തിലും അതി ശക്തമായ മഴ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടാണ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ശനിയാഴ്ച ഓറ‍്ച് അലേർട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.
തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു .
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം എം മുതൽ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. 2024 മെയ് 20, 21 തീയതികളിൽ ചില ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും റെഡ് അലർട്ടിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications