വര്‍ക്ക് ഫ്രം ഹോം അവസാനിപ്പിച്ചു; വനിതാ ജീവനക്കാരുടെ രാജി കൂടിയെന്ന് ടാറ്റാ കണ്‍സള്‍ട്ടന്‍സി
ന്യൂഡല്‍ഹി: വര്‍ക്ക് ഫ്രം ഹോം സംവിധാനം ഒഴിവാക്കിയതോടെ കൂട്ടരാജി വെച്ച് വനിതാ ജീവനക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി സ്ഥാപനങ്ങളിലൊന്നായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ (ടിസിഎസ്) നിന്നാണ് നിരവധി വനിതാ ജീവനക്കാര്‍ രാജിവെച്ചത് എന്ന് കമ്പനി എച്ച് ആര്‍ മേധാവി മിലിന്ദ് ലക്കാട് പറഞ്ഞു. കൊവിഡ് മഹാമാരിക്ക് ശേഷം കഴിഞ്ഞ മൂന്ന് വര്‍ഷമായി കമ്പനി വര്‍ക്ക് ഫ്രം സംവിധാനം പിന്തുടരുകയായിരുന്നു.
ചിലരൊക്കെ ഓഫീസിലേക്ക് മടങ്ങിയെങ്കിലും മറ്റ് ചിലര്‍ക്ക് വര്‍ക്ക് ഫ്രം ഹോം കമ്പനി അനുവദിച്ചിരുന്നു. എന്നാല്‍ അടുത്തിടെ വര്‍ക്ക് ഫ്രം ഹോം പൂര്‍ണമായി അവസാനിപ്പിക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ജീവനക്കാരില്‍ പലരും രാജി വെക്കാന്‍ തുടങ്ങിയത്. രാജി വെക്കുന്നവരില്‍ ഭൂരിഭാഗവും വനിതാ ജീവനക്കാരാണ്. അതേസമയം രാജിക്ക് പിന്നില്‍ മറ്റ് കാരണങ്ങളും ഉണ്ടായേക്കാം എന്നും മിലിന്ദ് ലക്കാട് പറഞ്ഞു.

മുന്‍കാലങ്ങളില്‍ പുരുഷ ജീവനക്കാരായിരുന്നു കമ്പനിയില്‍ നിന്ന് രാജിവെക്കുന്നവരില്‍ ഭൂരിഭാഗവും. എന്നാല്‍ ഇപ്പോള്‍ അത് അത് പുരുഷന്മാരെ മറികടന്നിരിക്കുന്നു എന്നാണ് വിവരം. ടിസിഎസില്‍ 600000-ത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 35% സ്ത്രീകളാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 38.1% വനിതാ ജീവനക്കാരെ കമ്പനി നിലനിര്‍ത്തിയിരുന്നു. കമ്പനിയുടെ ഉന്നത സ്ഥാനങ്ങളില്‍ നാലില്‍ മൂന്ന് ഭാഗവും സ്ത്രീകളാണ്.
കഴിഞ്ഞ നാല് സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനിയിലെ മുതിര്‍ന്ന വനിതാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ 60% വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ടിസിഎസിന് അവരുടെ തൊഴിലാളികളുടെ 20 ശതമാനത്തിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോം ഒഴിവാക്കുന്ന മറ്റ് കമ്പനികളിലും രാജി കൂടുന്നുണ്ട് എന്നാണ് വിവരം. കൊവിഡിന് ശേഷമാണ് വര്‍ക്ക് ഫ്രം ഹോം എന്ന മാര്‍ഗത്തിന് വലിയ പ്രചാരം ലഭിച്ചത്.
ഇന്ത്യയില്‍ മാത്രമല്ല, ലോകത്തെമ്പാടും ഇപ്പോഴും വര്‍ക്ക് ഫ്രം ഹോം പിന്തുടരുന്ന നിരവധി കമ്പനികളുണ്ട്. അമേരിക്കയില്‍ അടുത്തിടെ നടത്തിയ ഒരു സര്‍വേ അനുസരിച്ച് 25% തൊഴിലാളികള്‍ ഒരിക്കലും ഓഫീസിലേക്ക് മടങ്ങരുത് എന്നാണ് ആഗ്രഹിക്കുന്നത്. ലോകബാങ്ക് കണക്കുകള്‍ പ്രകാരം 2022 ലെ കണക്കനുസരിച്ച് സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം കൊവിഡ് മഹാമാരിക്ക് ശേഷവും സ്ഥിരമാണ്. ഇന്ത്യയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് കുട്ടികളുടെ പരിചരണവും തൊഴിലും തിരഞ്ഞെടുക്കേണ്ടി വരുന്നത് പുരുഷന്മാരെ അപേക്ഷിച്ച് കൂടുതലാണ്.












Click it and Unblock the Notifications