ടിസിഎസിന്റെ 'കരുതല്‍': പിരിച്ചുവിടുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്ന ശമ്പള പാക്കേജ് ഇങ്ങനെ
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാവായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) 2026 സാമ്പത്തിക വര്‍ഷത്തില്‍ രണ്ട് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചത് വലിയ വിവാദമായിരുന്നു. ഏകദേശം 12,000 ത്തിലേറെ തൊഴിലവസരങ്ങള്‍ ഇല്ലാതാകും എന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. മിഡില്‍, സീനിയര്‍ മാനേജ്‌മെന്റ് ഉദ്യോഗസ്ഥരെയാണ് കൂട്ടപ്പിരിച്ചുവിടല്‍ ഏറ്റവും അധികം ബാധിച്ചത്.
ടിസിഎസിന്റെ ഈ നടപടി ഐടി മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരുന്നു. ടിസിഎസിന്റെ ചുവടു പിടിച്ച് നിരവധി കമ്പനികള്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. അതിനിടെ കമ്പനി അധികൃതര്‍ ജീവനക്കാരോട് നിര്‍ബന്ധിതമായി രാജിവെക്കാന്‍ ആവശ്യപ്പെടുന്നുവെന്നും ദേശീയ മാധ്യമമായ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൊഴിലാളി യൂണിയനുകളും ഈ കാര്യം ഉന്നയിച്ചിരുന്നു.

എന്നാല്‍ ടിസിഎസ് ഈ വാദങ്ങളെയെല്ലാം തള്ളിക്കളയുകയാണ്. പിരിച്ചുവിടുന്ന തൊഴിലാളികള്‍ക്ക് ഏറ്റവും നല്ല പരിരക്ഷയാണ് കമ്പനി നല്‍കുന്നതെന്നാണ് ടിസിഎസ് അവകാശപ്പെടുന്നത്. കമ്പനി നിയമങ്ങള്‍ക്ക് അനുസൃതമായി അവര്‍ക്ക് അര്‍ഹമായ പാക്കേജും പിന്തുണയും നല്‍കിയിട്ടുണ്ടെന്ന് ഒരു പ്രസ്താവനയില്‍ ടിസിഎസ് അറിയിച്ചു പൂനെയിലുള്ള തങ്ങളുടെ 2500 ജീവനക്കാരെ രാജിവയ്ക്കാന്‍ നിര്‍ബന്ധിച്ചതായുള്ള ആരോപണങ്ങളും കമ്പനി നിഷേധിച്ചു.
രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയില്‍ ദീര്‍ഘകാലമായി ജോലി ചെയ്തിരുന്ന ജീവനക്കാരെയാണ് പിരിച്ചുവിടല്‍ ബാധിച്ചത്. പിരിച്ചുവിട്ടവര്‍ക്ക് മികച്ച പാക്കേജുകളാണ് കമ്പനി പ്രഖ്യാപിച്ചതെന്നാണ് ടിസിഎസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്. മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യയ്ക്ക് അനുസരിച്ച് ഉയരാന്‍ കഴിയാത്തവരെയും മികച്ച പ്രകടനം കാഴ്ച്ച വയ്ക്കാത്തവരെയുമാണ് പിരിച്ചുവിട്ടത്. ഇവര്‍ക്ക് മൂന്ന് മാസത്തെ നോട്ടീസ് പിരീഡും ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള ശമ്പളവും പിരിച്ചുവിടല്‍ പാക്കേജായി വാഗ്ദാനം ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.
റിട്ടയര്‍മെന്റ് പ്രായത്തോട് അടുത്ത ജീവനക്കാര്‍ക്ക് കമ്പനി നേരത്തെയുള്ള വിരമിക്കല്‍ ഓപ്ഷനുകള്‍ കൂടി നല്‍കുന്നുണ്ട്. ഇവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എല്ലാം നല്‍കും. അവര്‍ കമ്പനിയില്‍ സേവനം ചെയ്ത കാലയളവ് പരിഗണിച്ച് ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെയുള്ള ശമ്പളത്തിന് തുല്യമായ പിരിച്ചുവിടല്‍ പാക്കേജും ലഭിക്കും
10 മുതല്‍ 15 വര്‍ഷത്തെ സേവനമുള്ള ജീവനക്കാര്‍ക്ക് ഏകദേശം ഒന്നര വര്‍ഷത്തെ ശമ്പളം പിരിച്ചുവിടുന്ന സമയത്ത് ലഭിക്കും. 15 വര്‍ഷത്തില്‍ കൂടുതല്‍ സേവനമുള്ളവര്‍ക്ക് അതിലും ഉയര്‍ന്ന പാക്കേജാണു ലഭിക്കുക. ഇതിനു മുമ്പ് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ നടന്നത് 2012 ലാണ്. അന്ന് പ്രകടനം മോശമാണെന്ന് വിലയിരുത്തിയ 2500 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.












Click it and Unblock the Notifications