ദളിത് വിദ്യാര്‍ഥിയെ അധ്യാപകന്‍ അടിച്ചുവീഴ്ത്തി, എന്തിനെന്നോ?
ജയ്പൂര്‍: ഉയര്‍ന്ന ജാതിയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഭക്ഷണം കഴിക്കാനായി വെച്ച പാത്രം എടുത്ത ദളിത് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ വക മര്‍ദനം. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. ഗാന്ധിജയന്തിയുടെ തലേന്ന് ഒക്ടോബര്‍ 1 നാണ് സംഭവം നടന്നത്. എന്നാല്‍ ഇക്കാര്യം ഇപ്പോഴാണ് പുറത്തറിയുന്നത് എന്ന് മാത്രം. ജോധ്പൂരിലെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ രമേഷ് മേഘ്വാളിനാണ് (പേര് യഥാര്‍ഥമല്ല) അധ്യാപകന്റെ മര്‍ദനമേറ്റത്.
ഉയര്‍ന്ന ജാതിയില്‍ പെട്ട വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വെച്ച പാത്രം താന്‍ അറിയാതെ എടുക്കുകയായിരുന്നു എന്നാണ് വിദ്യാര്‍ഥി പറയുന്നത്. കഴിച്ചുതുടങ്ങിയ ശേഷമാണ് തനിക്ക് കാര്യം മനസിലായത്. ഇത് കണ്ടുവന്ന അധ്യാപകന്‍ തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തലയില്‍ അടിയേറ്റ് താന്‍ കുഴഞ്ഞുവീഴുകയും ഛര്‍ദ്ദിക്കുകയും ചെയ്തു.

ഓരോ ജാതിയിലും പെട്ട വിദ്യാര്‍ഥികള്‍ക്ക് കഴിക്കാനായി ഓരോ നിറത്തിലുള്ള പാത്രങ്ങളാണ് തയ്യാറാക്കിയിരുന്നത് എന്ന് ദളിത് അധികാര്‍ നെറ്റ് വര്‍ക്ക് തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ദളിത് വിദ്യാര്‍ഥികള്‍ക്ക് ചുവന്ന നിറമുള്ള പാത്രങ്ങളും ഉയര്‍ന്ന ജാതിക്കാരായ കുട്ടികള്‍ക്ക് പച്ച നിറമുള്ള പാത്രങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. അധ്യാപകന്റെ മര്‍ദനമേറ്റ് അവശനായ 7 വയസ്സുകാരനെ ജോധ്പൂരിലെ ഉമൈദ് ആശുപത്രിയിലാണ് ചികിത്സിച്ചത്. 6 ദിവസം കുട്ടിക്ക് ആശുപത്രിയില്‍ കഴിയേണ്ടിവന്നു.
ദളിത് അധികാര്‍ നെറ്റ് വര്‍ക്ക് ജോധ്പൂരില്‍ സംഘടിപ്പിച്ച പൊതുപരിപാടിയില്‍ വെച്ചാണ് ഈ സംഭവം പുറത്തറിഞ്ഞത്. സ്‌കൂളിലെ പാചകക്കാരനാണ് കുട്ടി പാത്രം മാറി എടുക്കുന്നത് ആദ്യം കണ്ടതെന്നും ഇയാള്‍ അധ്യാപകനോട് പരാതിപ്പെടുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം ചോദിക്കാനായി ചെന്ന തന്നെയും അധ്യാപകന്‍ മര്‍ദ്ദിച്ചു എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്.












Click it and Unblock the Notifications