കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിന്ധ്യയുടെ തലവര തന്നെ മാറ്റിയെഴുതും, 'കോട്ട 16' കോൺഗ്രസ് പൊളിക്കും! കെണിവെച്ച് വീഴ്ത്താൻ 'ടീം'!

Google Oneindia Malayalam News

ഭോപ്പാല്‍: രാജ്യത്ത് ലോക്ക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കാനുളള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലേത് അടക്കമുളള ഉപതിരഞ്ഞെടുപ്പുകളുടെ പ്രഖ്യാപനം അടുത്ത് തന്നെ പ്രതീക്ഷിക്കാവുന്നതുമാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ഇത് അഭിമാന പോരാട്ടമാണ്.

24 നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും നിര്‍ണായകം ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയായ ഗ്വാളിയോര്‍- ചമ്പല്‍ മേഖലയിലെ 16 സീറ്റുകളാണ്. സിന്ധ്യയുടെ കോട്ട തകര്‍ക്കാന്‍ പുതിയ ടീമിനെ തന്നെ ഇറക്കിയിരിക്കുകയാണ് മധ്യപ്രദേശ് കോണ്‍ഗ്രസ്.

23 സീറ്റുകളും കോണ്‍ഗ്രസിന്റെത്

23 സീറ്റുകളും കോണ്‍ഗ്രസിന്റെത്

കമല്‍നാഥ് സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്തി വീഴ്ത്തിയാണ് 22 എംഎല്‍എമാര്‍ക്കൊപ്പം ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയത്. ഈ 22 എംഎല്‍എമാരുടേത് അടക്കം 24 സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. ഇതില്‍ 23 സീറ്റുകളും കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളാണ്. എന്നാല്‍ അന്ന് ജയിച്ച സാഹചര്യവും ഇന്നത്തെ സാഹചര്യവും സംസ്ഥാനത്ത് തികച്ചും വ്യത്യസ്തമാണ്.

ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി

ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി

ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിന്റെ ഭാവി ഈ ഉപതിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയിരിക്കും. തിരഞ്ഞെടുപ്പ് നടക്കേണ്ട 24 സീറ്റുകളില്‍ ഏറ്റവും നിര്‍ണായകമായത് ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ 16 സീറ്റുകളാണ്. ഈ മേഖല മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ ശക്തി കേന്ദ്രമാണ്.

കോണ്‍ഗ്രസ് തൂത്തുവാരി

കോണ്‍ഗ്രസ് തൂത്തുവാരി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ 16 സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരിയിരുന്നു. അന്നത്തെ കോണ്‍ഗ്രസ് വിജയം സിന്ധ്യയുടെ സ്വാധീനത്തിന്റെ ബലത്തില്‍ ആയിരുന്നു. എന്നാല്‍ ഇന്ന് സിന്ധ്യ കോണ്‍ഗ്രസിനൊപ്പമില്ല. എന്ന് മാത്രമല്ല എതിരാളിയായ ബിജെപിക്ക് ഒപ്പവുമാണ്. ഗ്വാളിയോര്‍-ചമ്പല്‍ മേഖല പിടിക്കുന്നവര്‍ക്കൊപ്പമായിരിക്കും അന്തിമ വിജയം.

തലവര മാറ്റി എഴുതിയേക്കും

തലവര മാറ്റി എഴുതിയേക്കും

ബിജെപി വിജയിച്ചാല്‍ ശിവരാജ് സിംഗ് ചൗഹാന്‍ അധികാരം നിലനിര്‍ത്തും. മറിച്ച് സിന്ധ്യയുടെ സഹായം ഇല്ലാതെ തന്നെ കോണ്‍ഗ്രസിന് മുഴുവന്‍ സിറ്റിംഗ് സീറ്റുകളും നിലനിര്‍ത്താന്‍ സാധിച്ചാല്‍ അത് സംസ്ഥാനത്ത് ബിജെപിയുടേയും ചൗഹാന്റെയും സിന്ധ്യയുടേയും തന്നെ തലവര മാറ്റി എഴുതിയേക്കും. ബിജെപി സര്‍ക്കാര്‍ തുലാസിലാടും.

ബിജെപിയുടെ മുഖം ജ്യോതിരാദിത്യ സിന്ധ്യ

ബിജെപിയുടെ മുഖം ജ്യോതിരാദിത്യ സിന്ധ്യ

അതുകൊണ്ട് തന്നെ കോണ്‍ഗ്രസും ബിജെപിയും ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ അതീവ ശ്രദ്ധയാണ് കൊടുത്തിരിക്കുന്നത്. ശിവരാജ് സിംഗ് ചൗഹാനും നരേന്ദ്ര സിംഗ് തോമറും അടങ്ങുന്ന നേതൃത്വമാണ് തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കുന്നത്. എന്നിരുന്നാലും ഈ നിര്‍ണായക മത്സരത്തില്‍ ബിജെപിയുടെ മുഖം ജ്യോതിരാദിത്യ സിന്ധ്യ തന്നെയാണ്.

അഭിമാന പ്രശ്‌നം

അഭിമാന പ്രശ്‌നം

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയെ മുന്‍നിര്‍ത്തിയാണ് ബിജെപി തന്ത്രങ്ങള്‍ മെനയുക. കോണ്‍ഗ്രസിനെ സംബന്ധിച്ച് ബിജെപിയെ തോല്‍പ്പിക്കുന്നതിനേക്കാള്‍ വലിയ അഭിമാന പ്രശ്‌നമാണ് സിന്ധ്യയെ തോല്‍പ്പിക്കുക എന്നത്. അതുകൊണ്ട് തന്നെ കമല്‍നാഥിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി അരയും തലയും മുറുക്കി രംഗത്തുണ്ട്.

പ്രത്യേക ടീം

പ്രത്യേക ടീം

ബിജെപിയില്‍ നിന്ന് പ്രേമചന്ദ്ര ഗുഡ്ഡു അടക്കമുളളവരെ കോണ്‍ഗ്രസ് സ്വന്തം പാളയത്തില്‍ എത്തിച്ചിരിക്കുകയാണ്. ജ്യോതിരാദിത്യ സിന്ധ്യ ഇല്ലാതെ എങ്ങനെ ഗ്വാളിയോര്‍-ചമ്പല്‍ മേഖല പിടിക്കാം എന്നതാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഇതിനായി ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ 16 സീറ്റുകളിലേക്ക് മാത്രമായി പ്രത്യേക ടീമിനെ നിയോഗിച്ചിരിക്കുകയാണ് പാര്‍ട്ടി.

ഭാരിച്ച ഉത്തരവാദിത്തം

ഭാരിച്ച ഉത്തരവാദിത്തം

ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ തിരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ട പദ്ധതി തയ്യാറാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഈ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ കോണ്‍ഗ്രസ് നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്ന ചുമതല. ഒരു കാലത്ത് ജ്യോതിരാദിത്യ സിന്ധ്യയുടെ അടുത്ത ആളായിരുന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡണ്ട് രാംനിവാസ് റാവത്ത് അടക്കമുളള നേതാക്കളാണ് ഈ ടീമിലുളളത്.

വീണ്ടും അധികാരത്തിലെത്താം

വീണ്ടും അധികാരത്തിലെത്താം

ഗോബിന്ദ് സിംഗ്, കെപി സിംഗ്, മുന്‍ മന്ത്രി ലഖന്‍ യാദവ് എന്നിവരും ഈ പ്രത്യേക സംഘത്തിലുണ്ട്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യയോട് കോണ്‍ഗ്രസ് ഏറ്റുമുട്ടുമെന്ന് രാം നിവാസ് റാവത്ത് പറഞ്ഞു. ഈ മേഖലയില്‍ കോണ്‍ഗ്രസിന് കരുത്തരായ സ്ഥാനാര്‍ത്ഥികളില്ലെന്നും അതിനാല്‍ അവരുടെ മുന്നൊരുക്കങ്ങള്‍ ഊഹിക്കാം എന്നുമാണ് ബിജെപി നേതാവ് നരോത്തം മിശ്ര പ്രതികരിച്ചത്. ഉപതിരഞ്ഞെടുപ്പ് ജയിച്ചാല്‍ കമല്‍നാഥ് സര്‍ക്കാരിന് വീണ്ടും അധികാരത്തിലെത്താം എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍.

English summary
Team 16 of Congress will challenge Scindia in Gwalior-Chambal region
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X