പൂനെയെ ഞെട്ടിച്ച് അഞ്ചാമത്തെ കൊല ! പിന്തുടര്‍ന്നെത്തിയ അജ്ഞാതന്‍ യുവതിയെ കുത്തിക്കൊന്നു
പൂനെയെ ഞെട്ടിച്ച് വീണ്ടും കൊല. അജ്‍ഞാതന്‍റെ കുത്തേറ്റ് യുവ എന്‍ജിനീയര്‍ മരിച്ചു. പിന്തുടര്‍ന്നെത്തിയ ശേഷം ആക്രമിക്കുകയായിരുന്നു.
പൂനെ : പൂനെയെ ഞെട്ടിച്ച് വീണ്ടും യുവ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥയുടെ കൊല. യുവതിയെ പിന്തുടര്‍ന്നെത്തിയ ശേഷം അജ്ഞാതന്‍ കുത്തി കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. ജോലികഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് യുവതിയെ പിന്തുടര്‍ന്നെത്തിയയാള്‍ കുത്തിക്കൊലപ്പെടുത്തിയത്.
അന്താര ദാസ് എന്ന 23കാരിയാണ് കൊല്ലപ്പെട്ടത്. കൊല്‍ക്കത്ത സ്വദേശിയാണ് ഇവര്‍. പൂനെയില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെയുള്ള തലവാദെ ഫൂട്ട്പാത്തില്‍ വച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്.

വഴിവിളക്കുകള്‍ അണഞ്ഞ സമയത്താണ് അക്രമി യുവതിയെ കുത്തിയത്. കുത്തേറ്റ ഇവര്‍ സഹായം അഭ്യര്‍ഥിച്ച് ഓടുകയായിരുന്നു. ഇതിനിടെ ബൈക്ക് യാത്രികനുമായി കൂട്ടിയിടിച്ചു. ബൈക്ക് യാത്രികനായ സത്യേന്ദ്ര കൃഷ്ണാനന്ദ സിന്‍ഹയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
കഴുത്തില്‍ ആഴത്തില്‍ കുത്തേറ്റ യുവതി ആശുപത്രിയിലെത്തിയപ്പോഴേക്കും മരിച്ചിരുന്നു. സിന്‍ഹയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇയാള്‍ നല്‍കിയ പരാതിയില്‍ കറുപ്പും നീലയും വരകളുള്ള ടീഷര്‍ട്ട് ധരിച്ചിരുന്നയാളാണ് അക്രമിയെന്ന് വ്യക്തമാക്കുന്നു.
പൂനെയില്‍ ഇത്തരത്തില്‍ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആളാണ് അന്താര. സംഭവത്തില്‍ പ്രതിക്കായി തിരച്ചില്‍ തുടരുന്നു. ഇതിനു മുമ്പുള്ള സംഭവങ്ങളിലും പ്രതികളെ പിടിച്ചിട്ടില്ല.












Click it and Unblock the Notifications