ഗൂഗിളിലെ ജോലി ആഡംബരമല്ല; വര്‍ഷത്തില്‍ ഒരു കോടി രൂപ ശമ്പളമില്ല: യാഥാത്ഥ്യം തുറന്നു പറഞ്ഞ് ടെക്കി
ബെംഗളൂരു: ആഗോള ടെക് കമ്പനികളില്‍ ജോലി കിട്ടുന്നതോടെ ജീവിതം വലിയ സാമ്പത്തിക നിലവാരത്തിലേക്ക് ഉയരുമെന്ന ധാരണ തെറ്റാണെന്ന് ഗൂഗിളില്‍ ജോലി ചെയ്യുന്ന ടെക്കി യുവതി. സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ ദിവ്യ പോര്‍വാളിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഉയര്‍ന്ന ശമ്പളവും ആഡംബര ജീവിതവും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചാണ് ദിവ്യ തന്റെ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ഗൂഗിള്‍ പോലുള്ള വമ്പന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ലംബോര്‍ഗിനി പോലുള്ള ആഡംബര കാറുകള്‍ എളുപ്പത്തില്‍ വാങ്ങാന്‍ സാധിക്കുമെന്ന പൊതുധാരണ തെറ്റാണെന്ന് അവര്‍ തന്റെ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ ഒരു ലംബോര്‍ഗിനി കാര്‍ വാങ്ങണമെങ്കില്‍ കുറഞ്ഞത് നാല് മുതല്‍ അഞ്ച് കോടി രൂപ വരെ വേണമെന്ന് ദിവ്യ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ തനിക്ക് വര്‍ഷത്തില്‍ ഒരു കോടി രൂപ പോലും ശമ്പളമില്ലെന്നും പിന്നെ എങ്ങനെയാണ് ഇത്തരം അമിത ആഡംബരങ്ങള്‍ സ്വന്തമാക്കാന്‍ കഴിയുകയെന്നും അവര്‍ ചോദിക്കുന്നു. ഉയര്‍ന്ന ശമ്പളമുള്ള ജോലി ഒരാള്‍ക്ക് മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളും സ്ഥിരതയും നല്‍കുമെന്നല്ലാതെ അമിതമായ ആഡംബരങ്ങള്‍ നല്‍കില്ലെന്നാണ് ദിവ്യയുടെ പക്ഷം. ആഗോള ടെക് കമ്പനികളില്‍ ജോലി കിട്ടുന്നതോടെ ഒരാള്‍ വലിയ സമ്പന്നനാകുമെന്ന ധാരണ തിരുത്തപ്പെടേണ്ടതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ശമ്പളമായി ലഭിക്കുന്ന തുകയില്‍ വലിയൊരു ഭാഗം നികുതിയായും വീട്ടുവാടകയായും ദൈനംദിന ചെലവുകള്‍ക്കായും മാറുന്നുണ്ടെന്ന് അവര്‍ വിശദീകരിച്ചു. കൂടാതെ കുടുംബപരമായ ഉത്തരവാദിത്തങ്ങളും സാമ്പത്തിക ബാധ്യതകളും ഉള്ളപ്പോള്‍ കോടികള്‍ വിലമതിക്കുന്ന സാധനങ്ങള്‍ വാങ്ങുക എന്നത് സാധാരണ ശമ്പളക്കാര്‍ക്ക് അസാധ്യമാണ്. തലമുറകളായി കൈമാറിവരുന്ന സ്വത്തോ അല്ലെങ്കില്‍ ബിസിനസ് സാമ്രാജ്യമോ ഇല്ലാത്തവര്‍ക്ക് വെറും ജോലി കൊണ്ട് മാത്രം ഇത്ര വലിയ ആഡംബരങ്ങള്‍ സ്വപ്നം കാണാന്‍ കഴിയില്ലെന്നും ദിവ്യ പറഞ്ഞു.
ദിവ്യയുടെ ഈ തുറന്നുപറച്ചിലിനോട് സമ്മിശ്ര പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 'ഒരു കോടി പോലും ലഭിക്കുന്നില്ല എന്ന് പറയുമ്പോള്‍ അത് 95 ലക്ഷം ആയിരിക്കും' എന്ന് പരിഹസിച്ചവരും കുറവല്ല. എന്നാല്‍ ഒന്‍പത് മുതല്‍ അഞ്ച് വരെയുള്ള ജോലികള്‍ ഒരാള്‍ക്ക് സുരക്ഷിതമായ ജീവിതം നല്‍കുമെങ്കിലും റോള്‍സ് റോയ്സും ലംബോര്‍ഗിനിയും വാങ്ങാനുള്ള പണം നല്‍കില്ലെന്ന വസ്തുത പലരും ശരിവെക്കുന്നു. യഥാര്‍ത്ഥ ആഡംബരങ്ങള്‍ സ്വന്തമാക്കാന്‍ സംരംഭകത്വമോ ഓഹരി നിക്ഷേപങ്ങളോ അത്യാവശ്യമാണെന്ന ചര്‍ച്ചയിലേക്കും ഈ പോസ്റ്റ് വഴിതുറന്നു. കോര്‍പ്പറേറ്റ് മേഖലയിലെ ഉയര്‍ന്ന തസ്തികകള്‍ സാമ്പത്തിക ഭദ്രത നല്‍കുമെങ്കിലും യഥാര്‍ത്ഥ സമ്പന്നത എന്നത് പ്രതിമാസ ശമ്പളത്തിന് അപ്പുറമാണെന്ന തിരിച്ചറിവാണ് ദിവ്യ പോര്‍വാളിന്റെ പോസ്റ്റ് പങ്കുവെക്കുന്നത്.












Click it and Unblock the Notifications