ലിഫ്റ്റിലെ പീഡനം; തെഹല്‍ക്ക സ്ഥാപകന്‍ തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിന തടവ്, അപ്പീല്‍ നല്‍കി
മുംബൈ: ഗോവ റിസോര്‍ട്ടിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു എന്ന കേസില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകനും തെഹല്‍ക്ക സ്ഥാപകനുമായ തരുണ്‍ തേജ്പാലിന് 10 വര്‍ഷം തടവ് ശിക്ഷ. 2021ല്‍ വിചാരണ കോടതി വെറുതെവിട്ട കേസിലാണ് ബോംബ ഹൈക്കോടതിയുടെ വിധി. വിചാരണ കോടതി ഇരയുടെ മൊഴി കൃത്യമായി പരിശോധിച്ചില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
2013 നവംബറില്‍ തെഹല്‍ക്ക മാഗസിന്റെ വാര്‍ഷിക പരിപാടിക്കിടെ ഗോവയിലെ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലെ ലിഫ്റ്റില്‍ വച്ച് സഹപ്രവര്‍ത്തകയായ യുവതിയെ പീഡിപ്പിച്ചു എന്നാണ് കേസ്. വിചാരണ കോടതി വിധിക്കെതിരെ ഗോവ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു. ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

വിധി കേള്‍ക്കാന്‍ തരുണ്‍ തേജ്പാല്‍ ഹൈക്കോടതിയില്‍ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കകം ഗോവ പോലീസിന് മുമ്പാകെ കീഴടങ്ങണം എന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇന്ന് രാവിലെ തേജ്പാല്‍ കുറ്റക്കാരനാണ് എന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. അപ്പോള്‍ തന്നെ അദ്ദേഹം സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഉച്ചയോടെ ഹൈക്കോടതി ശിക്ഷ പ്രഖ്യാപിച്ചു. 10 വര്‍ഷം കഠിന തടവും പിഴയുമാണ് ശിക്ഷ.
ജസ്റ്റിസുമാരായ ഡോ. നീല ഗോഖലെ, അമിത് ജംസദേകര്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകള്‍ പ്രകാരം രണ്ട് 10 വര്‍ഷം തടവും രണ്ട് 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൂടാതെ ഒരു വര്‍ഷം തടവും 10000 രൂപ പിഴയുമുണ്ട്. ശിക്ഷ ഒരുമിച്ച് 10 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഒരുകാലത്ത് രാജ്യം ആദരവോടെ കണ്ടിരുന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു തരുണ്‍ തേജ്പാല്‍. ഒട്ടേറെ ഒളിക്യാമറ ഓപറേഷനിലൂടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്ന മാധ്യമ സ്ഥാപനമായിരുന്നു തെഹല്‍ക്ക.
തരുണ്‍ തേജ്പാല്‍ കോടതിയില്‍ പറഞ്ഞത്
62 വയസായെന്നും ദയ കാണിക്കണം എന്നും തരുണ്‍ തേജ്പാല്‍ കോടതിയോട് അപേക്ഷിച്ചു. താനൊരു ഇരയാണ് എന്ന് വിശ്വസിക്കുന്നു. ഭാര്യയുണ്ട്. കൂടുതലൊന്നും പറയാനില്ലെന്നും തരുണ്‍ േതജ്പാല്‍ പറഞ്ഞു. ശിക്ഷ നടപ്പാക്കുന്നത് എട്ട് ആഴ്ച സസ്‌പെന്റ് ചെയ്യണം എന്ന് തേജ്പാലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ആബാദ് പോണ്ട ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. അപ്പീല്‍ സമര്‍പ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം ബോധിപ്പിച്ചു.
13 വര്‍ഷം പഴക്കമുള്ള കേസാണിത്. മറ്റൊരു കേസിലും തരുണ്‍ തേജ്പാല്‍ പ്രതിയല്ല. നേരത്തെ ആറ് മാസം കേസില്‍ ജയിലില്‍ കഴിഞ്ഞതാണ്. അക്കാര്യം കൂടി പരിഗണിക്കണം എന്നും തരുണ്‍ തേജ്പാലിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. മകളുടെ പ്രായമുള്ള പെണ്‍കുട്ടിയോടാണ് പ്രതി ക്രൂരത കാണിച്ചത് എന്ന് ഗോവ സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. പെണ്‍കുട്ടി തടഞ്ഞിട്ടും പ്രതി പീഡിപ്പിച്ചു. വിധിയിലൂടെ സമൂഹത്തിന് കൃത്യമായ സന്ദേശം നല്‍കണമെന്നും തുഷാര്‍ മേത്ത ആവശ്യപ്പെട്ടു.
വിചാരണ കോടതിയുടെ വിലയിരുത്തല്‍
സംഭവം നടന്ന കാലത്ത് രാജ്യത്തെ ഏറ്റഴും സ്വാധീനമുള്ള മാഗസിന്‍ ആയിരുന്നു തെഹല്‍ക്ക. തേജ്പാലിന് താരപരിവേഷവുമുണ്ടായിരുന്നു. പരാതി ഉയര്‍ന്ന പിന്നാലെ 2013 നവംബര്‍ 30ന് തരുണ്‍ തേജ്പാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു. മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. 2017ല്‍ ഗോവയിലെ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങി. 2021ല്‍ വിചാരണ കോടതി തരുണ്‍ തേജ്പാലിനെ വെറുതെവിട്ടു. അതിജീവിത ലൈംഗിക പീഡനം നേരിട്ടതിന്റെ ലക്ഷണം കാണിച്ചില്ല എന്നായിരുന്നു വിചാരണ കോടതിയുടെ വിലയിരുത്തല്‍. ഇതിനെതിരെ കടുത്ത ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചത്.
തരുണ്‍ തേജ്പാലിനെ വെറുതെവിട്ടതില്‍ വിചാരണ കോടതിക്ക് തെറ്റുപറ്റി, മാപ്പ് ചോദിച്ച് ഇരയ്ക്ക് തേജ്പാല്‍ അയച്ച ഇ-മെയില്‍ കുറ്റസമ്മതത്തിന് തെളിവാണ് തുടങ്ങിയ കാര്യങ്ങളാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇരയുടെ മൊഴി പരിശോധിക്കുന്നതിന് പകരം അവരുടെ പെരുമാറ്റമാണ് വിചാരണ കോടതി കണക്കിലെടുത്തത് എന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. തെഹല്‍ക്കയുടെ പരിപാടിക്കെതിരെ ഹോളിവുഡ് താരം റോബര്‍ട്ട് ദിനിറോയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തേജ്പാലിനെ അതിജീവിത ക്ഷണിച്ച കാര്യം പ്രതിഭാഗം ചൂണ്ടിക്കാട്ടി. വനിതകള്‍ക്കെതിരായ അക്രമത്തെ കുറിച്ച് പുസ്തകം എഴുതുന്നതിന് ഒരു ലക്ഷം രൂപയുടെ ഗ്രാന്റ് ലഭിക്കാന്‍ വേണ്ടിയാണ് യുവതി കേസ് കെട്ടിച്ചമച്ചുണ്ടാക്കിയത് എന്നും പ്രതിഭാഗം വാദിച്ചു.





Click it and Unblock the Notifications