ട്രെയിനിലെ സീറ്റുകളിലെല്ലാം എല്‍സിഡി സ്‌ക്രീന്‍; വമ്പന്‍ പരിഷ്‌കരണത്തിനൊരുങ്ങി റെയില്‍വെ
ദില്ലി: ലോക നിലവാരത്തിലുള്ള യാത്ര വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യന്‍ റെയില്‍വെ വമ്പന്‍ പരിഷ്‌കരണത്തിനൊരുങ്ങുന്നു. തേജസ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ട്രെയിനാണ് പരിഷ്‌കരണത്തിന് തുടക്കമിടുന്നത്. രാജകീയമായ യാത്രയാണ് ഇതിലൂടെ റെയില്‍വെ ലക്ഷ്യമിടുന്നതെന്ന് റെയില്‍വെ മന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.
22 പരിഷ്‌കാരങ്ങളാണ് തേജസില്‍ വരുത്തുന്നത്. വിമാനത്തിന്റെ സീറ്റുകളുടെ മാതൃകയില്‍ എല്ലാ സീറ്റുകളിലും എല്‍സിഡി സ്‌ക്രീനുകളും ഹെഡ്‌ഫോണുമാണ് ഇതില്‍ പ്രധാനപ്പെട്ടത്. രാജധാനി, ദുരന്തോ എക്‌സ്പ്രസ് ട്രെയിനുകളിലേതുപോലെ മികച്ച കാറ്ററിങ് സര്‍വീസും റെയില്‍വെ വാഗ്ദാനം ചെയ്യുന്നുണ്ട്. 2016ന്റെ തുടര്‍ച്ചയായി പല പരിഷ്‌കാരങ്ങലും റെയില്‍വെ വരുത്തുമെന്ന് മന്ത്രി അറിയിച്ചു.

യാത്രക്കാര്‍ക്ക് മികച്ച യാത്ര നല്‍കുകയെന്നതാണ് പരമപ്രധാനം. വളരെ വേഗത്തിലാണ് റെയില്‍വെയുടെ പരിഷ്‌കാരങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ മേഖലയിലും പരിഷ്‌കാരങ്ങള്‍ വ്യാപിപ്പിക്കും. ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രം തന്നെ മാറ്റുന്നതായിരിക്കും തേജസ് തീവണ്ടിയെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ ആധുനിക സൗകര്യങ്ങളും ട്രെയിനില്‍ ഉള്‍പ്പെടുത്തും. ഇവയെക്കുറിച്ച് പരിശോധിച്ചുവരികയാണ്. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. സൗകര്യങ്ങള്‍ വര്‍ധിക്കുന്നതുകൊണ്ടുതന്നെ ടിക്കറ്റ് നിരക്കില്‍ വലിയ മാറ്റമുണ്ടാകും. അതേസമയം, എന്നുമുതല്‍ തീവണ്ടി ഓടിത്തുടങ്ങുമെന്ന് വ്യക്തമല്ല.












Click it and Unblock the Notifications