തോറ്റമ്പിയിട്ടും വോട്ട് വിഹിതത്തില്‍ ആര്‍ജെഡി മുന്നില്‍; ഞെട്ടിച്ചത് എല്‍ജെപി, ഈ കണക്ക് പറയും
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ എന്‍ഡിഎക്ക് മിന്നും ജയം. മഹാസഖ്യം ദുര്‍ബലമായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമാണ് മഹാസഖ്യത്തിന് തിരിച്ചടിയയിരുന്നത് എങ്കില്‍ ഇത്തവണ ആര്‍ജെഡിയും വീണു. ഇത്രയും ദയനീയ തോല്‍വി എക്‌സിറ്റ് പോളുകള്‍ പോലും പ്രവചിച്ചിരുന്നില്ല.
അതേസമയം, വോട്ട് വിഹിതത്തില്‍ ആര്‍ജെഡി ആണ് മുന്നില്‍. 90ല്‍ അധികം സീറ്റ് നേടിയ ബിജെപിയേക്കാള്‍ കൂടുതല്‍ വോട്ട് ആര്‍ജെഡിക്കാണ്. ബിജെപിയും ജെഡിയുവും എല്‍ജെപിയുമെല്ലാം വോട്ട് വിഹിതത്തില്‍ ആര്‍ജെഡിക്ക് പിന്നിലായി. വോട്ട് വിഹിതത്തില്‍ മുന്നിലെത്തിയിട്ടും എന്തുകൊണ്ട് ആര്‍ജെഡി ദയനീയമായി പരാജയപ്പെട്ടു? അച്ചടക്കമില്ലാത്ത മല്‍സര രീതിയാണ് ഈ അവസ്ഥ വരുത്തിവച്ചത്.

2020ല്‍ ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയത് ആര്‍ജെഡിക്കായിരുന്നു. 75 സീറ്റുകള്‍. എന്നാല്‍ ഇത്തവണ അവര്‍ 30ല്‍ താഴേക്ക് എത്തി. അതേസമയം, കഴിഞ്ഞ തവണ 74 സീറ്റ് നേടി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി ഇത്തവണ 90ല്‍ അധികം സീറ്റ് നേടി മികച്ച മുന്നേറ്റം നടത്തി. ബിജെപി മൊത്തം 101 സീറ്റിലാണ് മല്‍സരിച്ചത് എന്നത് പ്രത്യേകം പറയണം. ആര്‍ജെഡി 143 സീറ്റിലും.
രാംവിലാസ് പാസ്വാന്റെ എല്‍ജെപിയാണ് ഇത്തവണ ഞെട്ടിച്ചത്. അവര്‍ മല്‍സരിച്ചത് 29 സീറ്റില്‍ മാത്രമാണ്. 19 സീറ്റില്‍ മികച്ച മുന്നേറ്റം നടത്തി എന്നാണ് ഒടുവിലെ വിവരം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജയിച്ച സീറ്റുകളുടെ എണ്ണം പൂര്‍ണമായി പരസ്യപ്പെടുത്തിയാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. ജെഡിയു കഴിഞ്ഞ തവണ 43 സീറ്റിലേക്ക് ഇടിഞ്ഞിരുന്നു എങ്കിലും ഇത്തവണ വന്‍ മുന്നേറ്റം നടത്തി 80ല്‍ അധികം സീറ്റ് നേടി.
ബിജെപിയുടെ വോട്ട് വിഹിതം 20%
ഏറ്റവും കൂടുതല്‍ സീറ്റ് നേടിയ ബിജെപിയുടെ വോട്ട് വിഹിതം 20 ശതമാനമാണ്. 80ല്‍ അധികം സീറ്റ് നേടിയ ജെഡിയുവിന്റെ വോട്ട് വിഹിതം 18 ശതമാനമാണ്. എന്നാല്‍ ആര്‍ജെഡി വലിയ പരാജയം ഏറ്റുവാങ്ങിയെങ്കിലും 22 ശതമാനം വോട്ട് വിഹിതം ലഭിച്ചു. എല്‍ജെപിക്ക് 5 ശതമാനം വോട്ട് മാത്രമേ ലഭിച്ചുള്ളൂ എങ്കിലും ആര്‍ജെഡിയുടെ തൊട്ടടുത്തു വരെ സീറ്റുകള്‍ നേടി. 8 ശതമാനം വോട്ട് നേടിയിട്ടും ഒരു കൈവിരലില്‍ എണ്ണാനുള്ള സീറ്റില്‍ പോലും കോണ്‍ഗ്രസ് ജയിച്ചില്ല.
അസദുദ്ദീന്‍ ഉവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്ക് രണ്ട് ശതമാനം വോട്ട് മാത്രമാണ് ലഭിച്ചത്. പക്ഷേ, അവര്‍ ആറ് സീറ്റില്‍ വലിയ മുന്നേറ്റം നടത്തി. 2020ല്‍ അഞ്ച് സീറ്റിലാണ് മജ്‌ലിസ് പാര്‍ട്ടി ജയിച്ചത്. പക്ഷേ, നാലു എംഎല്‍എമാരും കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ആര്‍ജെഡിയില്‍ ചേര്‍ന്നു. ഇത്തവണ മഹാസഖ്യത്തില്‍ ചേരാന്‍ ഉവൈസി പല ശ്രമങ്ങളും നടത്തിയെങ്കിലും തേജസ്വി യാദവ് സമ്മതിച്ചില്ല.
143 സീറ്റില്‍ മല്‍സരിച്ചതാണ് ആര്‍ജെഡിക്ക് വോട്ട് വിഹിതം കൂടാന്‍ കാരണം. എല്ലാ മണ്ഡലത്തിലും വോട്ട് ലഭിച്ചെങ്കിലും എല്ലായിടത്തും എതിര്‍സ്ഥാനാര്‍ഥികളെ പരാജയപ്പെടുത്താന്‍ അവര്‍ക്ക് സാധിച്ചില്ല. ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മല്‍സിച്ചതും ആര്‍ജെഡിയാണ്. കൂടുതല്‍ സീറ്റില്‍ മല്‍സരിക്കുന്നതില്‍ അല്ല കാര്യം. എത്ര സീറ്റില്‍ ജയിക്കുന്നു എന്നതാണ്. ജയിക്കുമെന്ന് ഉറപ്പുള്ള സീറ്റില്‍ മല്‍സരിക്കുകയോ മല്‍സരിക്കുന്ന സീറ്റില്‍ ജയിക്കുകയോ ചെയ്യുന്നതിലേക്ക് തന്ത്രം മാറ്റിയില്ലെങ്കില്‍ ആര്‍ജെഡിയുടെ അവസ്ഥ വരും.












Click it and Unblock the Notifications