ലൈംഗികവിവാദം; പരാതിക്കാരി തെഹല്‍ക്ക വിട്ടു
ദില്ലി: മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടി തെഹല്‍ക്ക വിട്ടു. തെഹല്‍ക്കയില്‍ ഇനിയും തുടരാന്‍ സാധ്യമല്ലെന്ന് അറിയിച്ചാണ് പരാതിക്കാരി ജോലി രാജിവെച്ചത്. ആരോപണവുമായി ബന്ധപ്പെട്ട് മനേജ്‌മെന്റിന്റെ മൃദു സമീപനത്തില്‍ പ്രതിഷേധിച്ച് തെഹല്‍ക്കയില്‍ നിന്ന് മറ്റ് പല ജീവനക്കാരും കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ചിരുന്നു.
തെഹല്‍ക്കയില്‍ നിന്നും വിട്ട പെണ്‍കുട്ടി കേസന്വേഷണത്തില്‍ പോലീസുമായി സഹകരിക്കും എന്നാണ് കരുതുന്നത്. ഇതിനുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഇപ്പോഴത്തെ രാജിയെ കരുതുന്നതും. ലിഫ്റ്റിനകത്ത് വെച്ച് രണ്ടു തവണ തേജ്പാല്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ജൂനിയര്‍ ജേര്‍ണലിസ്റ്റിന്റെ പരാതി.

അതേസമയം കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. തരുണിന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ച പരിഗണിക്കും.
പെണ്‍കുട്ടിയുടെ പരാതി മാനേജിംഗ് എഡിറ്ററായ ഷോമാ ചൗധരി കൈകാര്യം ചെയ്ത രീതിയില്‍ പ്രതിഷേധിച്ച് ലിറ്റററി എഡിറ്റര്‍ ഷോഗത്ത് ദാസ് ഗുപ്ത, അസിസ്റ്റന്റ് എഡിറ്റര്‍ രേവതി ലോല്‍, കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ ജെ മസൂംദാര്‍, ഓണ്‍ലൈന്‍ എഡിറ്റര്‍ കുണാല്‍ മജുംദാന്‍ തുടങ്ങിയ പ്രമുഖര്‍ തെഹല്‍ക്ക വിട്ടിരുന്നു.
ഗോവ പൊലീസ് ഷോമ ചൗധരി, മൂന്ന് ജീവനക്കാര്‍ എന്നിവരെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തരുണ്‍ തേജ്പാലിനെ പോലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. രാജ്യം വിട്ട് പോകാതിരിക്കാനായി തേജ്പാലിനെതിരെ ലൂക്കൊട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.












Click it and Unblock the Notifications