തേജ്പാലിനെ കുടുക്കിയത് ബിജെപി?
ദില്ലി: ഭാരതീയ ജനതാ പാര്‍ട്ടിയും ഗോവ സര്‍ക്കാരും ചേര്‍ന്ന് തന്ത്രപൂര്‍വ്വം തന്നെ കുടുക്കിയതാണ് എന്ന് ലൈംഗിക വിവാദത്തില്‍പ്പെട്ട പത്രപ്രവര്‍ത്തകന്‍ തരുണ്‍ തേജ്പാല്‍. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ് എന്നും താന്‍ നിരപരാധിയാണ് എന്നുമാണ് തേജ്പാല്‍ ദില്ലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നു.
ഇല്ലാത്ത ഒരു കാര്യം കെട്ടിച്ചമച്ച് നടന്ന സംഭവിച്ചപോലെയാക്കിയിരിക്കുന്നു. രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യമാണിത്. ഏതാനും നിമിഷങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഒരുമിച്ച് ഉണ്ടായിരുന്നത്. പറയുന്ന തരത്തിലുള്ള ഒരു സംഭവവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല - തെഹല്‍ക്കയുടെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പറഞ്ഞു.

ഗോവയിലെ ഹോട്ടലിലുള്ള സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിച്ചത് എന്നറിയാന്‍ സാധിക്കും. എന്നാല്‍ ഗോവ പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കാതെ ഒഴിവാക്കുകയാണ്. വീഡിയോ തനിക്കും കിട്ടണമെന്നും തേജ്പാല്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണിത്. ഗോവ പോലീസിന് പിന്നില്‍ ബി ജെ പി സര്‍ക്കാരാണ്. അതേസമയം തേജ്പാലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു. തരുണ്‍ തേജ്പാലിനെതിരായ ആരോപണത്തെത്തുടര്‍ന്ന് തെഹല്‍ക്കയില്‍ നിന്നും പ്രവര്‍ത്തകരുടെ രാജി തുടരുകയാണ.് റിപ്പോര്‍ട്ടര്‍ റാണ അയൂബാണ് തെഹല്‍ക്കയില്‍ നിന്നും ഒടുവിലായി രാജിവെച്ചത്.
പോലീസ് തേജ്പാലിനെതിരെ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തു. കുട്ടിയെ ബുധനാഴ്ച ഗോവയിലേക്ക് കൊണ്ടുപോയി മജിസ്‌ടേറ്റിന് മുന്നില്‍ മൊഴി രേഖപ്പെടുത്താന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications