തെലങ്കാനയില്‍ ചിത്രം മാറുന്നു, കെസിആറിന് വന്‍ തിരിച്ചടി; മുന്‍ മന്ത്രിമാരുള്‍പ്പടെ 15 നേതാക്കള്‍ കോണ്‍ഗ്രസില്‍
ഹൈദരാബാദ്: തെലങ്കാനയില്‍ ബി ആര്‍ എസിന് (ടിആര്‍എസ്) കനത്ത തിരിച്ചടി. മുന്‍ മന്ത്രിമാരും എം എല്‍ എമാരുമാടക്കം പതിനഞ്ചോളം പേര്‍ ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി ജെ പിക്കെതിരെ കോണ്‍ഗ്രസ് ഇതര മുന്നണി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ബി ആര്‍ എസ്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സംഭവവികാസം എന്നതാണ് ശ്രദ്ധേയം. ഈ വര്‍ഷം അവസാനം സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടേയും നേതൃത്വത്തിലാണ് നേതാക്കള്‍ പാര്‍ട്ടി പ്രവേശനം നേടിയത്. മുന്‍ എം പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുന്‍ എം എല്‍ എമാരായ പനയം വെങ്കിടേശ്വരലു, കോരം കനകയ്യ, കോട റാം ബാബു തുടങ്ങിയവരാണ് ഇന്ന് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബി ആര്‍ എസ് എം എല്‍ എ നര്‍സ റെഡ്ഡിയുടെ മകന്‍ രാകേഷ് റെഡ്ഡിയും കോണ്‍ഗ്രസില്‍ ചേര്‍ന്നിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയും രണ്ട് മുതിര്‍ന്ന നേതാക്കള്‍ ബി ആര്‍ എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. നിര്‍മല്‍ ജില്ലയിലെ മുതിര്‍ന്ന നേതാവ് ശ്രീഹരി റാവുവും സെക്കന്തരാബാദിലെ മുതിര്‍ന്ന നേതാവ് എന്‍ പ്രകാശ് ഗൗഡുമാണ് തങ്ങളുടെ അനുയായികള്‍ക്കൊപ്പം കോണ്‍ഗ്രസിലെത്തിയത്. ഹൈദരാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനില്‍ വെച്ചാണ് ഇരുവരും പാര്‍ട്ടി പ്രവേശനം നേടിയത്.
കോണ്‍ഗ്രസിലെത്തിയതിന് പിന്നാലെ തെലങ്കാന രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് സോണിയ ഗാന്ധിയാണെന്ന് ശ്രീഹരി രാവു പറഞ്ഞിരുന്നു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയും പറഞ്ഞിരുന്നു. മുഖ്യമന്ത്രി കെസിആറിന്റെ വഞ്ചനയില്‍ ജനങ്ങളില്‍ അതൃപ്തി പുകയുകയാണ് എന്നും കോണ്‍ഗ്രസ് പറഞ്ഞു.
പ്രമുഖ ബി ആര്‍ എസ് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെലങ്കാനയിലെ രാഷ്ട്രീയം കലങ്ങി മറിയുകയാണ്. സംസ്ഥാനത്ത് വിജയിക്കാനായാല്‍ 2024 ലെ ദേശീയ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ ഊര്‍ജമായിരിക്കും. സംസ്ഥാന രൂപീകരണം തൊട്ട് ബി ആര്‍ എസ് ആണ് തെലങ്കാന ഭരിക്കുന്നത്.
അതേസമയം പട്നയില്‍ നടന്ന മെഗാ പ്രതിപക്ഷ യോഗത്തില്‍ ബി ആര്‍ എസ് പങ്കെടുത്തിരുന്നില്ല. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ച യോഗത്തില്‍ രാജ്യത്തെ മിക്കവാറും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളും പങ്കെടുത്തിരുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിലവില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ബി ആര്‍ എസ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ടി ആര്‍ എസ് ആയിരുന്ന പാര്‍ട്ടി ദേശീയ പാര്‍ട്ടിയാകുക എന്ന ലക്ഷ്യത്തോടെയാണ് ബി ആര്‍ എസ് എന്ന പേര് സ്വീകരിച്ചത്.












Click it and Unblock the Notifications