കിഡ്‌നാപ്പ് ചെയ്തയാളെ വിവാഹം കഴിച്ച് യുവതി; വൈറല്‍ വീഡിയോയില്‍ സിനിമയെ വെല്ലും ട്വിസ്റ്റ്
ഹൈദരാബാദ്: തെലങ്കാനയില്‍ 18 കാരിയായ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. മകളെ തട്ടിക്കൊണ്ടുപോയതായി പിതാവ് പരാതിപ്പെട്ട് 12 മണിക്കൂറിനുള്ളില്‍ പെണ്‍കുട്ടിയുടെ വിവാഹഫോട്ടോ പുറത്തായി. പെണ്‍കുട്ടിയുടെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. വിവാഹ വസ്ത്രത്തില്‍ താന്‍ വിവാഹം കഴിച്ചതായി പറയുന്നതാണ് പുറത്ത് വന്ന വീഡിയോ.
ഇയാള്‍ക്കൊപ്പം നേരത്തെ ഒളിച്ചോടാന്‍ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ വ്യത്യസ്ത ജാതിയില്‍ നിന്നുള്ളവരായതിനാല്‍ പിതാവ് എതിര്‍ത്തിരുന്നു എന്നും വിവാഹം കഴിഞ്ഞെങ്കിലും ഭര്‍ത്താവിനെയും സ്വന്തം ജീവിതത്തെയും കുറിച്ച് തനിക്ക് ഭയമാണെന്നും അവര്‍ പറഞ്ഞു. 10 മാസം മുന്‍പ് ഇരുവരും വിവാഹം കഴിക്കാനായി ഒളിച്ചോടിയിരുന്നു.

എന്നാല്‍ 18 വയസ് പൂര്‍ത്തിയാകാത്തതിനാല്‍ അന്ന് പൊലീസ് പെണ്‍കുട്ടിയെ കൗണ്‍സിലിംഗ് നടത്തി വീട്ടുകാര്‍ക്കൊപ്പം അയയ്ക്കുകയായിരുന്നു. യുവാവിനെതിരെ ലൈംഗിക പീഡനത്തിനും ശൈശവ വിവാഹത്തിനും കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായത്തിന്റെ തടസം നീങ്ങിയതിനാല്‍ യുവാവിനൊപ്പം ജീവിക്കാന്‍ ആഗ്രഹിക്കുന്നതായും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം നാടകമായിരുന്നില്ല എന്നും പെണ്‍കുട്ടി പറഞ്ഞു.

തന്നെ കാറില്‍ കയറ്റിയപ്പോള്‍ നാലുപേരും മുഖം മറച്ചിരുന്നതിനാല്‍ തട്ടിക്കൊണ്ടുപോകുകയാണെന്ന് കരുതിയെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നാല് വര്‍ഷമായി താന്‍ പ്രണയിക്കുന്ന ആളാണെന്ന് കണ്ടപ്പോള്‍ ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. ഗള്‍ഫില്‍ ജോലിയുള്ള യുവാവ് പട്ടികജാതിക്കാരനാണ്. പെണ്‍കുട്ടി ഒ ബി സി വിഭാഗത്തില്‍പ്പെട്ടയാളാണ്. പെണ്‍കുട്ടിയുടെ പിതാവ് ഡ്രൈവറായിരുന്നു.

രാജണ്ണ സിര്‍സില്ല ജില്ലയില്‍ നിന്നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ 5.30 ഓടെ യുവതിയെ തട്ടിക്കൊണ്ടുപോകുന്ന വീഡിയോ പുറത്തായത്. തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണത്തിനായി ആറ് ടീമുകളെ രൂപീകരിച്ചിരുന്നു. മൂന്ന് പേര്‍ കാറില്‍ നിന്ന് ഇറങ്ങി പിതാവിനെ തള്ളിമാറ്റുന്നതും യുവതിയെ പിടികൂടുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം.

തട്ടിക്കൊണ്ടുപോയവരില്‍ ഒരാള്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളയാളാണെന്നും അവള്‍ മുമ്പ് സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണെന്നും ഇന്‍സ്‌പെക്ടര്‍ കിരണ്‍ കുമാര്‍ പറഞ്ഞു. ഇയാള്‍ പെണ്‍കുട്ടിയുമായി നേരത്തെ ഒളിച്ചോടിയിരുന്നതായും പൊലീസ് പറഞ്ഞിരുന്നു. അതേസമയം പെണ്‍കുട്ടിയുടെ വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിന്റെ ട്വിസ്റ്റില്‍ ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍.












Click it and Unblock the Notifications