തെലങ്കാനയില്‍ കോണ്‍ഗ്രസിന് വമ്പന്‍ തിരിച്ചടി; മുതിര്‍ന്ന നേതാവ് ബിആര്‍എസിലേക്ക്
ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. മുതിര്‍ന്ന നേതാവും മുന്‍ പി സി സി അധ്യക്ഷനുമായ പൊന്നല ലക്ഷ്മയ്യ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ച് ബി ആര്‍ എസില്‍ ചേര്‍ന്നു. എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് പൊന്നല ലക്ഷ്മയ്യ രാജി കത്ത് കൈമാറി. നവംബര്‍ 30 നാണ് തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്.
'പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള എന്റെ തീരുമാനം ഹൃദയഭാരത്തോടെയാണ് ഞാന്‍ പ്രഖ്യാപിക്കുന്നത്. ഇത്തരമൊരു അന്യായമായ ചുറ്റുപാടില്‍ എനിക്ക് ഇനി ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നുന്ന ഒരു ഘട്ടത്തില്‍ ഞാന്‍ എത്തിയിരിക്കുന്നു. വര്‍ഷങ്ങളായി എന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഞാന്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു,' അദ്ദേഹം എഴുതി.

സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടാനൊരുങ്ങുന്നതിനിടെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് തീരുമാനം. ജന്‍ഗാവ് അസംബ്ലി മണ്ഡലത്തില്‍ നിന്ന് പൊന്നല ലക്ഷ്മയ്യയ്ക്ക് ഇത്തവണ ടിക്കറ്റ് നിഷേധിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം പാര്‍ട്ടി വിടാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അവിഭക്ത ആന്ധ്രാപ്രദേശില്‍ 12 വര്‍ഷത്തോളം മന്ത്രിയായിരുന്നയാളാണ് പൊന്നല ലക്ഷ്മയ്യ
നാല് തവണ എം എല്‍ എയായിരുന്നു പൊന്നല ലക്ഷ്മയ്യ. 'നീതിയുടെയും പ്രാതിനിധ്യത്തിന്റെയും തത്വങ്ങളാല്‍ നയിക്കപ്പെടേണ്ട പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പ് പ്രക്രിയ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. ആരോപണങ്ങള്‍ പാര്‍ട്ടിയുടെ കെട്ടുറപ്പിനെ കൂടുതല്‍ ഇല്ലാതാക്കുന്നു. പലപ്പോഴും അര്‍പ്പണബോധമുള്ള പ്രവര്‍ത്തകരുടെ ശബ്ദം അവഗണിക്കുന്നു,' പൊന്നല ലക്ഷ്മയ്യ ആരോപിച്ചു.
പിന്നാക്ക വിഭാഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാനയില്‍ നിന്നുള്ള 50 നേതാക്കള്‍ ദല്‍ഹിയില്‍ പോയപ്പോള്‍ എ ഐ സി സി നേതാക്കളുമായുള്ള കൂടിക്കാഴ്ച പോലും നിഷേധിച്ചുവെന്നും പൊന്നല ആരോപിച്ചു. ആത്മാഭിമാനമുള്ള ഒരു സംസ്ഥാനത്തിന് ഇത് നാണക്കേടാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ എന്നെപ്പോലുള്ള മുതിര്‍ന്ന നേതാക്കള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.
എ െഎ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ കാണാന്‍ ദല്‍ഹിയില്‍ 10 ദിവസം കാത്തുനിന്നതിലുള്ള നിരാശ താന്‍ വ്യക്തിപരമായി പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ മൂന്നിനാണ് തെലങ്കാനയിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക. അതേസമയം എബിപി-സീവോട്ടര്‍ സര്‍വേയില്‍ തെലങ്കാനയില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്.












Click it and Unblock the Notifications