സഖ്യം ബിജെപിയുമായി, എട്ടിലും പൊട്ടി പവന്‍കല്യാണിന്റെ ജനസേന: കെട്ടിവെച്ച കാശ് പോലുമില്ല
ഹൈദരാബാദ്: തെലങ്കാന നിയമസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുമായി സഖ്യം ചേർന്ന് മത്സരിച്ച നടൻ പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജന സേന പാർട്ടി നേരിട്ടത് കനത്ത തിരിച്ചടി. മത്സരിച്ച എട്ട് സീറ്റുകളിലും തോൽവി ഏറ്റുവാങ്ങുകയും കെട്ടിവെച്ച കാശ് നഷ്ടമാവുകയും ചെയ്തു. കുക്കട്ട്പള്ളി സീറ്റിൽ മാത്രമാണ് പാർട്ടിക്ക് നേരിയ ചലനമെങ്കിലും ഉണ്ടാക്കാന്‍ സാധിച്ചത്.
പവൻ കല്യാൺ സംസ്ഥാനത്ത് വിപുലമായ പര്യടനം നടത്തിയിട്ടും പാർട്ടിക്ക് കാര്യമായ ഒരു നേട്ടവും ഉണ്ടായില്ല.അവസാന നിമിഷം മത്സരരംഗത്തേക്കുള്ള പ്രവേശനം. ശ്രദ്ധേയമായ സ്ഥാനാർത്ഥികളുടെ അഭാവം, 'ആന്ധ്ര കേന്ദ്രീകൃത' പാർട്ടി എന്ന ജനസേനയെക്കുറിച്ചുള്ള ധാരണ തുടങ്ങിയവ തിരിച്ചടിയുടെ ആക്കം കൂട്ടിയെന്നാണ് വിലയിരുത്തപ്പെടുന്നത്.

തെലങ്കാന തെരഞ്ഞെടുപ്പിൽ ജനസേന മത്സരിച്ചത് ബുദ്ധിപരമായ നീക്കമായിരുന്നില്ലെന്ന് സീനിയർ തിരഞ്ഞെടുപ്പ് അനലിസ്റ്റ് പ്രൊഫസർ കെ നാഗേശ്വരും പറയുന്നു. "ആന്ധ്രാ നേതാവിന്റെ നേതൃത്വത്തിലുള്ള ഒരു പാർട്ടിയും തെലങ്കാനയിൽ ക്ലച്ച് പിടിക്കില്ല. അവർക്ക് ഇവിടെ അടിസ്ഥാനമില്ല. ജനസേനയുമായി സഖ്യത്തിലേർപ്പെട്ടതിലൂടെ ബി ജെ പിയും തെറ്റ് ചെയ്തു. എന്നാല്‍ ജനസേനയുടെ ഈ തിരിച്ചടി 2024ലെ ആന്ധ്രാ പ്രദേശ് തിരഞ്ഞെടുപ്പിലെ സാധ്യതകെ ബാധിക്കാനിടയില്ല. ജാതി രാഷ്ട്രീയം കേന്ദ്രീകരിക്കുന്ന വ്യത്യസ്തമായ ഒരു പന്ത് കളിയാണ് ആന്ധ്രയിലെ രാഷ്ട്രീയം," അദ്ദേഹം പറയുന്നു.
ഹൈദരബാദ് മേഖലയിലെ ആന്ധ്രാ വോട്ടുബാങ്കിനെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ജനസേനയുമായുള്ള ബി ജെ പിയുടെ സഖ്യം. കുക്കട്ട്പള്ളിയില്‍ ഇത് ഏറെക്കുറെ വിജയകരമായി മാറുകയും ചെയ്തു. ഇവിടെ ജെഎസ്പി സ്ഥാനാർത്ഥി മുമ്മറെഡ്ഡി പ്രേം കുമാർ 16% വോട്ട് ഷെയറുമായി ഭാരത് രാഷ്ട്ര സമിതിക്കും (ബിആർഎസ്) കോൺഗ്രസിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്തി.
ജെഎസ്പി മത്സരിച്ച ഖമ്മം, കോതഗുഡെം, വ്രയ, അശ്വറോപേട്ട, കോതാട്, നാഗർകുർണൂൽ, തണ്ടൂർ എന്നീ ഏഴ് സീറ്റുകളിൽ അവരുടെ സ്ഥാനാർത്ഥികളാരും 5,000 വോട്ടുകള്‍ക്ക് മുകളില്‍ നേടിയില്ല. ഖമ്മം, കോതഗുഡെം, വൈര എന്നിവ ആന്ധ്രാപ്രദേശിന്റെ അതിർത്തി മണ്ഡലങ്ങളുമാണ്. ജെഎസ്പിയുടെ മോശം പ്രകടനത്തെ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയുടെ പ്രതികരണത്തിനും ഇടയാക്കി. ടിഡിപിയുടെ ജാതി വിധേയത്വം തെലങ്കാനയിൽ ജെഎസ്പിയുടെ സാധ്യതകളെ അട്ടിമറിച്ചുവെന്നാണ് മന്ത്രി അമ്പാട്ടി രാംബാബു അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications