രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകും? ഉപമുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി തര്‍ക്കം
ഹൈദരാബാദ്: അനുമുല രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. നവംബര്‍ 30ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചത് രേവന്ത് റെഡ്ഡിയായിരുന്നു.
തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷനാണ് അനുമുല രേവന്ത് റെഡ്ഡി. രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ചില മുതിര്‍ന്ന നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ വൈകിയത് എന്നാണ് വിവരം. അതേസമയം ഭൂരിപക്ഷം എം എല്‍ എമാരുടെ പിന്തുണ രേവന്ത് റെഡ്ഡിക്ക് ഉണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോട്ടുകള്‍.

കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും മറ്റ് എഐസിസി നിരീക്ഷകരും തിങ്കളാഴ്ച പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോയിരുന്നു. സംസ്ഥാനത്തെ 64 എം എല്‍ എമാരുടെ അഭിപ്രായങ്ങളും തേടിയ ശേഷമാണ് സംഘം ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. എം എല്‍ എമാരുടെ അഭിപ്രായം മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സമര്‍പ്പിച്ച ശേഷം പാര്‍ട്ടി ഹൈക്കമാന്‍ഡ് എം എല്‍ എമാര്‍ക്കിടയില്‍ സമവായമുണ്ടാക്കും.
മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തി സിഎല്‍പി യോഗം ഐകകണ്‌ഠ്യേന പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് എം എല്‍ എമാരുടെ വ്യക്തിപരമായ അഭിപ്രായം തേടിയത്. മുന്‍ സിഎല്‍പി നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക, ഉത്തം കുമാര്‍ റെഡ്ഡി, ശ്രീധര്‍ ബാബു എന്നിവരെ മുഖ്യമന്ത്രിമാരായി ചില നിയമസഭാ സാമാജികര്‍ ഉയര്‍ത്തി കാട്ടിയതായി പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
എന്നിരുന്നാലും, ഭൂരിഭാഗം എം എല്‍ എമാരും രേവന്ത് റെഡ്ഡിക്ക് പിന്നില്‍ അണിനിരക്കുകയായിരുന്നു. എ ഐ സി സി നേതൃത്വം രേവന്തിനെ മുഖ്യമന്ത്രിയായി നിശ്ചയിച്ചുവെന്നും ഉത്തമന്‍, ഭട്ടി, ശ്രീധര്‍ ബാബു, കോമാട്ടിറെഡ്ഡി സഹോദരന്മാര്‍ എന്നിവര്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തുവെന്നും കോണ്‍ഗ്രസ് വൃത്തങ്ങളില്‍ നേരത്തെ സംസാരമുണ്ടായിരുന്നു.
എന്നാല്‍ എ ഐ സി സി രേവന്തിനെ പിന്തുണയ്ക്കുന്നുവെന്ന വാര്‍ത്ത മിക്ക മുതിര്‍ന്ന നേതാക്കളും നിഷേധിച്ചു. അതേസമയം പാര്‍ട്ടിക്കുള്ളില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയും അഭിപ്രായവ്യത്യാസമുണ്ടായി എന്നാണ് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ ദലിത് മുഖ്യമന്ത്രി മുഖമായി വിശേഷിപ്പിക്കപ്പെടുന്ന ഭട്ടി, ഒന്നിലധികം ഉപമുഖ്യമന്ത്രിമാരെ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്തിരുന്നു.
മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടാല്‍ തന്നെ മാത്രം ഉപമുഖ്യമന്ത്രിയാക്കണമെന്നും തനിക്ക് പ്രധാനപ്പെട്ട വകുപ്പ് അനുവദിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നിയമസഭാ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ടിപിസിസി പ്രസിഡന്റ്, ഉപമുഖ്യമന്ത്രിമാര്‍ ആരൊക്കെയാകണമെന്ന കാര്യത്തിലും ധാരണയായില്ല. രേവന്ത് സിഎല്‍പി നേതാവായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ടിപിസിസി അധ്യക്ഷ സ്ഥാനം മുതിര്‍ന്ന നേതാവിന് നല്‍കാനാണ് സാധ്യത.












Click it and Unblock the Notifications