തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ കർഷകർക്ക് മാസം 15000 രൂപ: വന്‍ പ്രഖ്യാപനവുമായി രേവന്ത് റെഡ്ഡി
ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ കർഷകർക്ക് പ്രതിമാസം 15000 രൂപ നല്‍കുമെന്ന് ടി പി സി സി അധ്യക്ഷന്‍ രേവന്ത് റെഡ്ഡി. കെ സി ആർ നേതൃത്വത്തിലുള്ള ബി ആർ എസ് സർക്കാർ കർഷകർക്ക് 10000 തുക മാത്രമേ നല്‍കുന്നുള്ളുവെന്നും കോൺഗ്രസിനെ വിജയിപ്പിച്ചാല്‍ അടുത്ത മാസം മുതൽ 15000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തുമെന്നുമാണ് രേവന്തിന്റെ വാഗ്ദാനം.
കൽവകുർത്തിയിലും മറ്റ് മണ്ഡലങ്ങളിലും പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു രേവന്ത്. തെലങ്കാനയിൽ കോൺഗ്രസ് അധികാരത്തിലെത്തുന്നത് തടയാൻ മുഖ്യമന്ത്രി കെ സി ആറും പ്രധാനമന്ത്രി മോദിയും ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ് കർഷകർക്ക് പണം വിതരണം ചെയ്യാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി. കർഷകർക്കുള്ള ഋതു ബന്ധു പദ്ധതി പ്രകാരം മാത്രം തുക നല്‍കുമ്പോള്‍ എന്തുകൊണ്ടാണ് ദലിത് ബന്ധു, ബിസി ബന്ധു, ന്യൂനപക്ഷ ബന്ധു പദ്ധതി തുകകൾ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാൻ കെസിആർ അനുമതി തേടാത്തതെന്നും രേവന്ത് ചോദിച്ചു.

60 ലക്ഷം കർഷകർക്ക് പ്രയോജനപ്പെടുന്ന ഋതു ബന്ധു പദ്ധതി വഴി പണം വിതരണം ചെയ്യുന്നതിന് തെലങ്കാന സർക്കാരിന് കഴിഞ്ഞ ദിവസം അനുമതി ലഭിച്ചിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് ഫണ്ട് അനുവദിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനാണ് അനുമതി നൽകിയത്. ഈ പദ്ധഥി വഴി ഒരു കർഷകന് ഏക്കറിന് 5000 രൂപ സർക്കാർ അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കുന്നു. പതിനൊന്ന് വിളവെടുപ്പ് സീസണുകളിലായി 70000 കോടി രൂപ ആകെ നല്‍കും.എന്നാൽ, പാട്ടത്തിനെടുത്ത കർഷകരെ പദ്ധതിയിൽ ഉൾപ്പെടുത്താത്തത് കർഷക സംഘങ്ങളുടെ വിമർശനത്തിന് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, കോൺഗ്രസ് അധികാരത്തിലെത്തിയാൽ പ്രഗതിഭവന്റെ പേര് 'അംബേദ്കർ പ്രജാഭവൻ' എന്നാക്കുമെന്ന് ടി പി സി സി പ്രസിഡന്റ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയും ജോലിസ്ഥലവും പ്രഗതി ഭവന്റെ ഗേറ്റുകൾ നീക്കം ചെയ്യുകയും 24*7 ആളുകൾക്ക് തുറന്നുകൊടുക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായ 2014- ല്‍ 119 നിയോജക മണ്ഡലങ്ങളിൽ ബി ആർ എസ് 63 സീറ്റുകളായിരുന്നു നേടിയത്. കോൺഗ്രസ് 21, എ ഐ എം ഐ എം 7, ബിജെപി 5 സീറ്റുകളും നേടി. 2018 ലെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ആർ എസ് 88, കോൺഗ്രസ് 19, എ ഐ എം ഐ എം 7, ബി ജെ പി ഒരു സീറ്റ് എന്നതായിരുന്നു നില.












Click it and Unblock the Notifications