സ്വന്തമായി കാറില്ലാത്ത മുഖ്യമന്ത്രി, പക്ഷേ സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുളളത് കോടികളുടെ ആസ്തി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന് 26.33 കോടിയുടെ ആസ്തി. നിയമസഭാ തിരഞ്ഞെടുപ്പിനുളള നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചന്ദ്രശേഖര്‍ റാവുവിന്റെ സ്വത്ത് വിവരങ്ങള്‍ ഉളളത്. 17.83 കോടിയുടെ ജംഗമ സ്വത്തുക്കളും 8.50 കോടിയുടെ സ്ഥാവര വസ്തുക്കളുമാണ് ഉളളത് എന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.
ചന്ദ്രശേഖര്‍ റാവുവിന്റെ ഭാര്യ ശോഭയുടെ പേരില്‍ 7 കോടിയുടെ സ്വത്തുക്കളാണ് ഉളളത്. തെലങ്കാന മുഖ്യമന്ത്രിക്ക് സ്വന്തമായി കാറില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. 2018ലെ സത്യവാങ്മൂലത്തിലെ വിവരങ്ങള്‍ പ്രകാരം ചന്ദ്രശേഖര്‍ റാവുവിന് 10.40 കോടിയുടെ ജംഗമ സ്വത്തുക്കളും 12.20 കോടിയുടെ സ്ഥാവര സ്വത്തുക്കളുമായിരുന്നു ഉണ്ടായിരുന്നത്. ഭാര്യയുടെ പേരില്‍ 94.5 ലക്ഷത്തിന്റെ സ്വത്തായിരുന്നു അന്നുണ്ടായിരുന്നത്.

ആകെ 17 കോടിയുടെ ബാധ്യതകള്‍ ചന്ദ്രശേഖര്‍ റാവുവിന് ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ആദായ നികുതി റിട്ടേണ്‍സ് പ്രകാരം റാവുവിന്റെ വരുമാനം 1.60 കോടിക്ക് മുകളിലാണ്. 2023 മാര്‍ച്ച് 31 പ്രകാരമുളള കണക്കാണിത്. 2019 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം വരുമാനം 1.74 കോടി ആയിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യയുടെ വരുമാനം 8.68 ലക്ഷത്തിന് മുകളിലാണ്.
ചന്ദ്രശേഖര്‍ റാവുവിന്റെ തൊഴില്‍ കൃഷിയെന്നാണ് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത ബിഎ ആണ്. റാവുവിന്റെ പേരില്‍ 9 കേസുകളുണ്ട്. എന്നാല്‍ ഒരു കേസിലും കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്നും പറയുന്നു. റാവുവിന്റെ മകനും ബിആര്‍എസ് പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡണ്ടുമായ കെടി രാമ റാവുവിന് 6.92 കോടിയുടെ ജംഗമ സ്വത്തുക്കളാണ് ഉളളത്. 2018ല്‍ ഇത് 3.63 കോടി ആയിരുന്നു.












Click it and Unblock the Notifications