രേവന്ത് റെഡ്ഡിയുടെ പുതിയ തീരുമാനത്തിന് കൈയ്യടി; കൂടുതല്‍ ഡെക്കറേഷന്‍ വേണ്ട, സിദ്ധ മോഡല്‍
ഹൈദരാബാദ്: മികച്ച വിജയം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനങ്ങള്‍ തെലങ്കാനയില്‍ ജനകീയമാകുന്നു. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തുന്നത് ഒഴിവാക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ നിര്‍ദേശം. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് വാഗ്ദാനം ചെയ്ത പോലെ അംഗപരിമിതിയുള്ള യുവതിക്ക് ജോലി നല്‍കിയ പിന്നാലെയാണ് രേവന്ത് കൂടുതല്‍ ജനകീയ തീരുമാനങ്ങള്‍ എടുക്കുന്നത്.
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ വേളയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ സ്വീകരിച്ച നടപടികള്‍ക്ക് സമാനമാണ് തെലങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെയും പരിഷ്‌കാരങ്ങള്‍. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം കടന്നുപോകുമ്പോള്‍ മറ്റു വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തുകയാണ് ഇതുവരെയുണ്ടായിരുന്ന രീതി. എന്നാല്‍ ഇനി മറ്റു വാഹനങ്ങള്‍ തടഞ്ഞുവയ്ക്കരുതെന്ന് മുഖ്യമന്ത്രി പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ കാറുകളുടെ എണ്ണം കുറയ്ക്കാനും രേവന്ത് റെഡ്ഡി നിര്‍ദേശിച്ചു. ഇതുവരെ 15 വാനങ്ങളാണ് മുഖ്യമന്ത്രി പോകുമ്പോള്‍ നിരയായി നില്‍ക്കുക. ഇനി ഒമ്പത് എണ്ണം മതിയെന്നാണ് തീരുമാനം. കൂടുതല്‍ വാഹനങ്ങള്‍ മുഖ്യമന്ത്രിക്കൊപ്പം വരുന്നത് ട്രാഫിക് കുരുക്കിന് കാരണമാകുമെന്നും അമിത ചെലവാണെന്നും വിലയിരുത്തിയാണ് ഈ തീരുമാനമെന്ന് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രധാന നഗരങ്ങളിലെ ട്രാഫിക് കുരുക്ക് അഴിക്കാന്‍ മതിയായ നിര്‍ദേശങ്ങള്‍ എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് മുഖ്യമന്ത്രി പോലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ച് പറഞ്ഞത്. ജനങ്ങളില്‍ നിന്ന് അകന്നു നില്‍ക്കാന്‍ തനിക്കാകില്ല. ജനങ്ങളുമായി ബന്ധമില്ലാതെ പോയാല്‍ എങ്ങനെ അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും പരിഹരിക്കാനും സാധിക്കുമെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.
കഴിഞ്ഞ മാസം 30നായിരുന്നു തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിച്ചു. ബിആര്‍എസ് സര്‍ക്കാരിനെ തൂത്തെറിഞ്ഞുകൊണ്ടാണ് കോണ്‍ഗ്രസ് വന്‍ മുന്നേറ്റം നടത്തിയത്. 19 സീറ്റില്‍ നിന്ന് 65ലേക്ക് കുതിക്കുകയായിരുന്നു കോണ്‍ഗ്രസ്. ഏഴിന് സത്യപ്രതിജ്ഞയും പിന്നീടുള്ള യോഗങ്ങളും കാരണം ഹൈദരാബാദില്‍ കടുത്ത ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രേവന്ത് റെഡി പോലീസ് ഓഫീസര്‍മാരുടെ യോഗം വിളിച്ചത്.
കോണ്‍ഗ്രസ് അധികാരത്തിലെത്തിയ പിന്നാലെ വനിതകള്‍ക്ക് സര്‍ക്കാര്‍ ബസില്‍ സൗജന്യ യാത്ര അനുവദിച്ചിരുന്നു. കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്. മുതിര്‍ന്ന സ്ത്രീകള്‍ക്ക് മാത്രമല്ല, പെണ്‍കുട്ടികള്‍, വിദ്യാര്‍ഥികള്‍, ട്രാന്‍സ്‌ജെന്റേഴ്‌സ് എന്നിവര്‍ക്കും യാത്ര സൗജന്യമാണ്. സര്‍ക്കാരിന് ഓരോ വര്‍ഷവും 3000 കോടി രൂപയാണ് ഈ ഇനത്തില്‍ ചെലവ് വരിക.












Click it and Unblock the Notifications