തെലങ്കാനയില്‍ ദുരഭിമാനക്കൊല; വനിതാ കോണ്‍സ്റ്റബിളിനെ സഹോദരന്‍ വെട്ടിക്കൊന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിനെ സഹോദരന്‍ വെട്ടിക്കൊന്നു. രംഗ റെഡ്ഡി ജില്ലയിലെ ഇബ്രാഹിംപട്ടണത്തിന് സമീപം ഇന്ന് രാവിലെയാണ് സംഭവം. റായ്‌പോളെ നിവാസിയായ നാഗമണിയേയാണ് (28) സഹോദരന്‍ പരമേശ് കൊലപ്പെടുത്തിയത്. ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതരജാതിയില്‍പ്പെട്ടയാളുമായി രണ്ടാഴ്ച മുന്‍പാണ് നാഗമണിയുടെ വിവാഹം കഴിഞ്ഞത്.
കുടുംബത്തിന്റെ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയും സഹോദരനുമായി നാഗമണിക്ക് സ്വത്ത് തര്‍ക്കവും നിലനിന്നിരുന്നു. ഈ വഴിക്കും അന്വേഷണം നടക്കുന്നുണ്ട്. ഹായത് നഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു നാഗമണി. ഭര്‍ത്താവുമായി ഫോണില്‍ സംസാരിച്ച് കൊണ്ടിരിക്കെയാണ് പരമേഷ് നാഗമണിയെ ആക്രമിച്ചത്.

നവംബര്‍ 21 ന് യാദഗിരിഗുട്ടയില്‍ വെച്ചായിരുന്നു നാഗമണിയുടേയും ഇബ്രാഹിംപട്ടണം സ്വദേശി ശ്രീകാന്തിന്റേയും വിവാഹം. വിവാഹത്തോട് നാഗമണിയുടെ കുടുംബത്തിന് ശക്തമായ എതിര്‍പ്പുണ്ടായിരുന്നു. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചാല്‍ രണ്ട് പേരും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് പരേഷ് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നീട് പരമേഷിനേയും കുടുംബത്തേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
കുടുംബത്തെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയ പൊലീസ് ദമ്പതികള്‍ക്ക് പ്രശ്നങ്ങളൊന്നും ഉണ്ടാക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിന് പിന്നാലെ പരമേഷ് തങ്ങളെ ഭീഷണിപ്പെടുത്തിയതായി ശ്രീകാന്ത് പറയുന്നു. തിങ്കളാഴ്ച രാവിലെ ശ്രീകാന്ത് ജോലിക്ക് പോയ ശേഷമായിരുന്നു പരമേഷ് നാഗമണിയെ ആക്രമിച്ചത്.
''ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ കാറിലെത്തിയ പരമേഷ് നാഗമണിയുടെ സ്‌കൂട്ടറിനെ പിന്തുടരുകയും പിന്നില്‍ നിന്ന് ഇടിച്ച് വീഴ്ത്തുകയുമായിരുന്നു. റോഡിലേക്ക് വീണ നാഗമണിയെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു,'' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശ്രീകാന്ത് സ്ഥലത്തെത്തിയപ്പോഴേക്കും നാഗമണി മരിച്ചിരുന്നു. കൊലപാതകം നടന്ന് മിനിറ്റുകള്‍ക്ക് ശേഷം പരമേഷ് പൊലീസില്‍ കീഴടങ്ങി.
ഒന്നിലധികം തവണ വെട്ടേറ്റ നാഗമണി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗമണിയുടെ മാതാപിതാക്കള്‍ നേരത്തെ തന്നെ മരിച്ചിരുന്നതാണ്. സഹോദരങ്ങള്‍ക്കൊപ്പമാണ് നാഗമണി താമസിച്ചിരുന്നത്. 2020 ബാച്ചില്‍ നിന്നു പുറത്തിറങ്ങിയ പൊലീസ് കോണ്‍സ്റ്റബിളാണ് നാഗമണി.












Click it and Unblock the Notifications