ജയിച്ചത് പണിയായോ? തെലങ്കാന കോണ്‍ഗ്രസില്‍ ലോക്സഭ സീറ്റ് മോഹികളുടെ എണ്ണം പെരുകുന്നു
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പില്‍ തെലങ്കാനയില്‍ നേടിയ വിജയം ലോക്സഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇതോടെ സംസ്ഥാനത്തെ സീറ്റ് മോഹികളുടെ എണ്ണത്തിലും വലിയ വർധനവ് ഉണ്ടായിരിക്കുകയാണ്. സംസ്ഥാനത്തെ 17 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാൻ പാർട്ടിയുടെ അനുമതി തേടി ഒരു മണ്ഡലത്തില്‍ നിന്നും മൂന്നും നാലും നേതാക്കൾ എത്തിയതോടെ ടിക്കറ്റ് മോഹികളുടെ എണ്ണം നൂറ് കടന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിൽ ആവേശഭരിതരായി, കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയെ തെലങ്കാനയിൽ നിന്ന് മത്സരിപ്പിക്കാൻ സംസ്ഥാന കോൺഗ്രസ് അടുത്തിടെ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. സോണിയ ഇല്ലെങ്കില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കണമെന്ന ആവശ്യവും ശക്തമാണ്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വാഗ്‌ദാനം ചെയ്‌ത ആറ് ഉറപ്പുകൾ നടപ്പാക്കി ജനങ്ങളുടെ വിശ്വാസം വർധിപ്പിച്ച് സംസ്ഥാനത്തെ ഭൂരിപക്ഷം ലോക്‌സഭാ സീറ്റുകളും നേടുകയെന്നതാണ് പാർട്ടിയുടെ തന്ത്രം. മുൻ നൽഗൊണ്ട, ഖമ്മം, മഹ്ബൂബ്‌നഗർ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ലോക്‌സഭാ സെഗ്‌മെന്റുകളിൽ അനുകൂലമായ ഫലം പ്രതീക്ഷിക്കുന്ന കോൺഗ്രസ് പത്തിലേറെ സീറ്റുകളിലാണ് വിജയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ 3 സീറ്റുകളില്‍ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിക്കാന്‍ സാധിച്ചത്.
പട്ടേൽ രമേഷ് റെഡ്ഡിക്ക് ടിക്കറ്റ് നൽകാൻ പാർട്ടി നേതൃത്വം താല്‍പര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും നൽഗൊണ്ട മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ മുതിർന്ന കോൺഗ്രസ് നേതാവ് കെ ജന റെഡ്ഡിയും ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രമേഷ് റെഡ്ഡി ടിക്കറ്റിനായി ശ്രമിച്ചിരുന്നെങ്കിലും ലോക്സഭ തിരഞ്ഞെടുപ്പ് ടിക്കറ്റ് വാഗ്ധാനം ചെയ്ത് അനുനയിപ്പിക്കുകയായിരുന്നവെന്നാണ് സൂചന.
നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിന് ശേഷം കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡിയുടെ രാജിയെ തുടർന്ന് ഒഴിവുവന്ന ഭോംഗിർ മണ്ഡലത്തിൽ നിന്ന് ടിപിസിസി വൈസ് പ്രസിഡന്റ് ചമല കിരൺ കുമാർ റെഡ്ഡി മത്സരിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം പ്രിയങ്ക ഗാന്ധി ഈ മണ്ഡലത്തിൽ നിന്ന് മത്സരിക്കണമെന്ന് വെങ്കട്ട് റെഡ്ഡി നിർദ്ദേശിച്ചിട്ടുണ്ട്.
അതേസമയം ഖമ്മം ടിക്കറ്റിനായി കടുത്ത മത്സരമാണ് നടക്കുന്നത്. മുൻ കേന്ദ്രമന്ത്രി രേണുക ചൗധരി, റവന്യൂ-ഭവന മന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ റെഡ്ഡിയുടെ സഹോദരൻ പ്രസാദ് റെഡ്ഡി, വി ഹനുമന്ത റാവു തുടങ്ങി നിരവധി നേതാക്കൾ ഈ ടിക്കറ്റിനായി മത്സരിക്കുന്നതായി റിപ്പോർട്ടുണ്ട്.
മഹ്ബൂബാബാദിൽ, ആദിവാസി കോൺഗ്രസ് ദേശീയ വൈസ് ചെയർമാൻ ബെല്ലയ്യ നായിക്കിന് കോൺഗ്രസ് ഹൈക്കമാൻഡ് ടിക്കറ്റ് ഉറപ്പ് നൽകിയിട്ടും മുൻ കേന്ദ്രമന്ത്രി പി ബൽറാം നായിക്, പഞ്ചായത്ത് രാജ്, ഗ്രാമവികസന മന്ത്രി ദൻസാരി അനസൂയയുടെ മകൻ സൂര്യ എന്നിവർ ഈ മണ്ഡലത്തിൽ മത്സരിക്കാൻ ശ്രമം നടത്തുന്നുണ്ട്. മുമ്പ് ടിപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായ എ രേവന്ത് റെഡ്ഡി പ്രതിനിധീകരിച്ചിരുന്ന മൽക്കാജ്ഗിരി മണ്ഡലത്തിലും മൈനമ്പള്ളി ഹനുമന്ത റാവു, മധു യാസ്‌കി ഗൗഡ്, നടനും രാഷ്ട്രീയനേതാവുമായ വിജയശാന്തി എന്നിവരും ടിക്കറ്റിൽ കണ്ണുവെച്ച് രംഗത്തുണ്ട്.












Click it and Unblock the Notifications