തെലങ്കാന പിടിച്ച കോണ്‍ഗ്രസിന് ഹൈദരബാദ് കിട്ടാക്കനിയാകുമോ? പ്രകടനം വളരെ മോശം
ഹൈദരാബാദ്: ആകെയുള്ള 119 മണ്ഡലങ്ങളില്‍ 64 ലും വിജയിച്ചുകൊണ്ടായിരുന്നു തെലങ്കാനയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് അധികാരം പിടിച്ചത്. നിയമസഭ തിരഞ്ഞെടുപ്പിലെ വിജയം ലോക്സഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദം. എന്നാല്‍ പാർട്ടിയെ സംബന്ധിച്ച് ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നത് ഗ്രേറ്റർ ഹൈദരാബാദ് മേഖലയിലെ പാർട്ടിയുടെ പ്രവർത്തനങ്ങളാണ്.
സംസ്ഥാന തലസ്ഥാന മേഖലയില്‍ 24 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. എന്നാല്‍ ഇവിടെ കോണ്‍ഗ്രസിന് ഒരു സീറ്റ് പോലുമില്ലെന്നുള്ളതാണ് ശ്രദ്ധേയം. എ ഐ എം ഐ എം പതിവ് പോലെ ഏഴ് സീറ്റുകൾ നേടിയപ്പോള്‍ ഒരിടത്ത് ബി ജെ പി വിജയിച്ചു. ബാക്കിയുള്ള 16 മണ്ഡലങ്ങളിലും ബി ആർ എസിനായിരുന്നു വിജയം. നവംബർ 30-ന് നടന്ന തിരഞ്ഞെടുപ്പിൽ ഗ്രേറ്റർ ഹൈദരാബാദിൽ കോൺഗ്രസ് പൂർണ്ണമായും തകർന്നടിഞ്ഞെങ്കിലും ഗ്രാമപ്രദേശങ്ങളിലേയും മറ്റ് പട്ടണങ്ങളിലേയും പ്രകടനമാണ് കോണ്‍ഗ്രസിന് കരുത്തായത്.

ഗ്രേറ്റർ ഹൈദരാബാദ് മേഖലയില്‍ നാല് ലോക്‌സഭാ സീറ്റുകളാണുള്ളത്. അവയിൽ രണ്ടെണ്ണം ഹൈദരാബാദും സെക്കന്തരാബാദും ഉൾപ്പെടെ പൂർണ്ണമായും ഗ്രേറ്റർ ഹൈദരാബാദ് പരിധിക്ക് കീഴിലാണ്. മൽകാജ്ഗിരിയിൽ തലസ്ഥാനത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ആറെണ്ണവും ചെവെല്ലയിൽ രാജേന്ദ്രനഗർ, സെരിലിംഗംപള്ളി എന്നിവയും ഉള്‍പ്പെടുന്നു.
തെലങ്കാന കോൺഗ്രസ് അധ്യക്ഷനും മുഖ്യമന്ത്രിയുമായ എ രേവന്ത് റെഡ്ഡി 2019ൽ മൽകജ്ഗിരി ലോക്‌സഭാ സീറ്റിൽ വിജയിച്ചിരുന്നു എന്നതാണ് ശ്രദ്ധേയം. അതോടെ ഈ സീറ്റ് തിരിച്ചുപിടിക്കുക എന്നത് ഭരണകക്ഷിക്ക് ഇപ്പോൾ അഭിമാനകരമായ വിഷയമായി മാറിയിരിക്കുകയാണ്.
എന്നിരുന്നാലും, 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരി ലോക്‌സഭാ സീറ്റിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസ് ബിആർഎസിനോട് തോറ്റു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൽക്കാജ്ഗിരി, ഉപ്പൽ, എൽബി നഗർ എന്നീ നിയമസഭാ സീറ്റുകളിൽ രേവന്തിന് ഭൂരിപക്ഷം ലഭിച്ചുവെന്നതാണ് ഏക രക്ഷ.2019ലും 2009ലും ഈ സീറ്റ് കോൺഗ്രസ് നേടിയപ്പോൾ 2014ൽ ടിഡിപി പിടിച്ചെടുത്തു. മൈനാമ്പള്ളി ഹനുമന്ത് റാവു, ഹരിവർദ്ധൻ റെഡ്ഡി, കെ ലക്ഷ്മ റെഡ്ഡി എന്നിവർ ഈ സീറ്റിൽ കണ്ണുവെക്കുന്നുണ്ടെങ്കിലും മികച്ച സ്ഥാനാർഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പാർട്ടി നേതൃത്വം.
ചെവെല്ലയാണ് കോൺഗ്രസിന് പ്രതീക്ഷ നൽകുന്ന മറ്റൊരു ലോക്സഭാ സീറ്റ്. മണ്ഡലത്തിൽ വരുന്ന ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ പർഗി, വികാരാബാദ്, തണ്ടൂർ എന്നിവ നേടി, ശേഷിക്കുന്ന നാല് സീറ്റുകൾ - മഹേശ്വരം, രാജേന്ദ്രനഗർ, സെരിലിംഗംപള്ളി, ചെവെല്ല (എസ്‌സി) - അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി ആർ എസ് നേടിയിരുന്നു.












Click it and Unblock the Notifications