കെസിആര്‍ പെട്ടു; കവിത പുതിയ പാര്‍ട്ടി രൂപീകരിച്ചു, എന്താണ് തെലങ്കാന രാഷ്ട്രീയത്തില്‍ നടക്കുന്നത്?
തെലങ്കാന രാഷ്ട്രീയത്തിൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ. മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ കവിത പുതിയൊരു രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തന്റെ പാർട്ടിക്ക് 'ടിആർഎസ്' (തെലങ്കാന രാഷ്ട്ര സേന) എന്നാണ് പേര് നൽകിയിരിക്കുന്നതെന്ന് കവിത ഔദ്യോഗികമായി അറിയിച്ചു. മേഡ്ചൽ ജില്ലയിലെ മുനിറാബാദിൽ നടന്ന പൊതുസമ്മേളനം പാർട്ടി രൂപീകരണ പരിപാടിയാക്കി മാറ്റിക്കൊണ്ടാണ് അവർ ഈ പുതിയ രാഷ്ട്രീയ യാത്രക്ക് തുടക്കമിട്ടത്.
പഴയ ടിആർഎസ് (തെലങ്കാന രാഷ്ട്ര സമിതി) എന്ന പേരുമായി പുതിയ പാർട്ടിയുടെ പേരിനുള്ള സാമ്യം ഇപ്പോൾ രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചർച്ചാ വിഷയമായി മാറിയിട്ടുണ്ട്. പാർട്ടി പ്രഖ്യാപനത്തിനൊരുക്കിയ മുനിറാബാദിലെ അദ്വയ കൺവെൻഷൻ കേന്ദ്രം ജനസാഗരമായി. വനിതകളുടെ പങ്കാളിത്തമാണ് സമ്മേളനത്തെ ശ്രദ്ധേയമാക്കിയത്. ഇത് ബിആര്‍എസ് നേതാക്കളെ അലട്ടുന്ന കാര്യമാണ്.

സമ്മേളന വേദിയിലെത്തിയ കവിത, പ്രവർത്തകരുടെയും ആരാധകരുടെയും ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി അഭിവാദ്യം ചെയ്തുകൊണ്ട് സ്റ്റേജിലേക്ക് പ്രവേശിച്ചു. വനിതാ ശാക്തീകരണവും തെലങ്കാനയുടെ അവകാശങ്ങളുമാണ് തന്റെ പാർട്ടിയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് അവർ സൂചിപ്പിച്ചു. വേദിയിൽ പാർട്ടി പേര് പ്രഖ്യാപിച്ചതിന് പിന്നാലെ കവിത പാർട്ടി പതാക അനാച്ഛാദനം ചെയ്തു.
തുടർന്ന് അനുയായികളും ആരാധകരും മുദ്രാവാക്യങ്ങൾ വിളിച്ച് സമ്മേളനവേദി ഇളക്കിമറിച്ചു. ഈ രാഷ്ട്രീയ പ്രഖ്യാപനത്തിന് മുമ്പായി, കവിത ഗൺ പാർക്കിലെ രക്തസാക്ഷി സ്തൂപത്തിൽ എത്തി പുഷ്പാഞ്ജലി അർപ്പിച്ചു. രക്തസാക്ഷികളെ സാക്ഷിയാക്കി തെലങ്കാനയുടെ ക്ഷേമത്തിനായാണ് പുതിയ പാർട്ടി രൂപീകരിക്കുന്നതെന്ന് അവർ വ്യക്തമാക്കി.
കവിതയുടെ പുതിയ പാർട്ടി പ്രഖ്യാപനം കെസിആറിനും ബിആർഎസ് പാർട്ടിക്കും വലിയ തിരിച്ചടിയാണ് എന്നാണ് വിലയിരുത്തലുകൾ. പാർട്ടി വിടുന്ന നേതാക്കളുടെ എണ്ണം വർധിക്കുമ്പോൾ, കവിതയുടെ രൂപത്തിൽ മറ്റൊരു ബദൽ വരുന്നത് ബിആർഎസിന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്നു. വനിതാ വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടുള്ള കവിതയുടെ ഈ നീക്കം വരും ദിവസങ്ങളിൽ സംസ്ഥാന രാഷ്ട്രീയത്തെ എങ്ങനെ സ്വാധീനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
കെസിആറിന് അഗ്നിപരീക്ഷ
ഇത് കെസിആറിന്റെ രാഷ്ട്രീയ തന്ത്രജ്ഞതക്ക് ഒരു അഗ്നിപരീക്ഷയായി കണക്കാക്കാം. പ്രത്യേകിച്ചും 'തെലങ്കാന രാഷ്ട്ര സേന' എന്ന പാർട്ടി പേരും വനിതാ കേഡറിലെ അംഗബലവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ എന്ത് സ്വാധീനം ചെലുത്തുമെന്ന ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. ഒരുവശത്ത് ബിആർഎസ് രാഷ്ട്രീയത്തിൽ തുടരുമ്പോൾ മറുഭാഗത്ത് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതിന് പിന്നിലെ യഥാർത്ഥ തന്ത്രമെന്താണെന്നാണ് അറിയേണ്ടത്.
തെലങ്കാ സംസ്ഥാന രൂപീകരണ സമരത്തിന് മുന്നില്‍ നിന്ന വ്യക്തിയാണ് കെ ചന്ദ്രശേഖറ റാവു (കെസിആര്‍). യുപിഎ സര്‍ക്കാരിന്റെ കാലത്ത് പുതിയ സംസ്ഥാനം രൂപീകരിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ അദ്ദേഹത്തിന്റെ ടിആര്‍എസ് അധികാരത്തില്‍ എത്തി. ഏതാനും വര്‍ഷം മുമ്പ് ദേശീയ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനാണ് തെലങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എന്ന പാര്‍ട്ടിയുടെ പേര് ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എന്നാക്കിയത്.
കെസിആറിന്റെ മകള്‍ കവിതയും മകന്‍ കെടി രാമറാവുവും തമ്മില്‍ ഭിന്നത രൂക്ഷമാണ്. ബിആര്‍എസിനെ ബിജെപിയില്‍ എത്തിക്കാനാണ് ശ്രമം നടക്കുന്നത് എന്ന് കവിത ആരോപിക്കുന്നു. പാര്‍ട്ടി വിരുദ്ധ നടപടികളുടെ പേരില്‍ കവിതയെ ആഴ്ചകള്‍ക്ക് മുമ്പ് ബിആര്‍എസില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. അതിനിടെയാണ് ബിആര്‍എസ് നേതാക്കളെ ഞെട്ടിച്ച് കവിതയുടെ പുതിയ പാര്‍ട്ടി രൂപീകരണം.












Click it and Unblock the Notifications