രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശം; അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്തു
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ദ് ബിശ്വ ശര്‍മക്കെതിരെ കേസ്. ഹൈദാബാദ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്നാണ് ആരോപണം. ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അസം മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിക്കെതിരെ സംസാരിച്ചത്.

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ വിമര്‍ശിക്കുകയായിരുന്നു ഹിമന്ദ് ബിശ്വ ശര്‍മ. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സൈന്യം പാകിസ്താനിലെ ബാലാക്കോട്ടില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയിരുന്നു. 2016 സെപ്തംബറില്‍ നടന്ന ഈ സംഭവത്തില്‍ തെളിവ് ചോദിക്കുകയാണ് രാഹുല്‍ ഗാന്ധി ചെയ്തത്. ഇതിനുള്ള മറുപടിയായിട്ടായിരുന്നു ഹിമന്ദയുടെ പ്രതികരണം. രാഹുല്‍ ഗാന്ധി രാജീവ് ഗാന്ധിയുടെ മകനാണെന്നതിന് ബിജെപി ഇതുവരെ തെളിവ് ചോദിച്ചിട്ടില്ലല്ലോ എന്നായിരുന്നു പ്രതികരണം. ഇത് രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഹിമന്ദക്കെതിരെ രംഗത്തുവന്നു. ഹിമന്ദക്കെതിരെ പരാതി നല്‍കാന്‍ പ്രവര്‍ത്തകര്‍ക്ക് തെലങ്കാന കോണ്‍ഗ്രസ് നിര്‍ദേശം നല്‍കി.
ഗാന്ധി കുടുംബത്തിനോ കോണ്‍ഗ്രസിനോ എതിരായ പ്രസ്താവനയല്ല അസം മുഖ്യമന്ത്രി നടത്തിയത്. മാതൃത്വത്തെ അപമാനിക്കുകയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരാതി നല്‍കും. തെലങ്കാനയിലെ 709 പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കുമെന്നും തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡി പ്രതികരിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ ജൂബിലി ഹില്‍സ് പോലീസ് ആണ് അസം മുഖ്യമന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാണ് പരാതി. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 504, 505 (2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
അസമിലും വലിയ പ്രതിഷേധമാണ് കോണ്‍ഗ്രസ് പ്രകടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് ഗുവാഹത്തിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. രാഹുല്‍ ഗാന്ധി പുതിയ കാലത്തെ ജിന്നയാണ് എന്ന് ഹിമന്ദ ബിശ്വ ശര്‍മ കുറ്റപ്പെടുത്തിയിരുന്നു. ജിന്നയുടേതിന് സമാനമാണ് രാഹുലിന്റെ ഭാഷയും സംസാര രീതിയുമെന്നും അദ്ദേഹം പരിഹസിച്ചു. ശത്രുക്കളുടെ പ്രദേശത്ത് ആക്രമണം നടത്തുന്നതിന് മുമ്പ് സൈനികര്‍ ഏറെ മുന്നൊരുക്കം നടത്തിയിരിക്കും. എല്ലാം തന്ത്രപരമായ നീക്കങ്ങളാണ്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം സൈന്യം വാര്‍ത്താ കുറിപ്പ് ഇറക്കി. അപ്പോള്‍ നാമെല്ലാം വിഷയം അറിഞ്ഞു. ഈ സമയത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്കിന് തെളിവ് ചോദിച്ചാല്‍ സൈനികരുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ എന്നും ഹിമന്ദ ബിശ്വ ശര്‍മ ചോദിച്ചു.












Click it and Unblock the Notifications