തെലങ്കാന വനമേഖലയില്‍ ഏറ്റുമുട്ടല്‍; 7 മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു; വന്‍ ആയുധശേഖരം കണ്ടെടുത്തു
ബൈദരാബാദ്: തെലങ്കാനയിലെ മുളുഗു ജില്ലയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാവ് ബദ്രു എന്ന പപ്പണ്ണയടക്കമുള്ളവരാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. ഇവരിൽ നിന്ന് വൻ ആയുധ ശേഖരം പോലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത ആയുധങ്ങളിൽ രണ്ട് എകെ 47 തോക്കുകളും ഉൾപ്പെടുന്നുവെന്നാണ് വിവരം.
പുലർച്ചെ 5.30 ഓടെയാണ് വനത്തിൽ ഏറ്റുമുട്ടൽ നടന്നത്. മാവോയിസ്റ്റുകളോട് കീഴടങ്ങാൻ ആദ്യം സേന ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാവോയിസ്റ്റുകൾ കീഴടങ്ങാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് വെടി വെയ്പ്പിലേക്ക് എത്തിയതെന്നാണ് പറയുന്നത്.

Representative Image
പോലീസും മാവോയിസ്റ്റ് വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ വധിച്ചത്. നവംബർ 22 ന് ചത്തീസ്ഗഡിലെ സുക്മ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. ചത്തീസ്ഗഡിലെ ഏറ്റുമുട്ടലിന് ശേഷം മാവോയിസ്റ്റുകൾ തെലങ്കാനയിൽ എത്തി വീണ്ടും സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിച്ചേക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.ഇതേ ജില്ലയിൽ രണ്ട് ഗോത്രവർഗക്കാരെ മാവോയിസ്റ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന് തൊട്ടുപിന്നാലെയാണ് ഈ സംഘർഷം.












Click it and Unblock the Notifications