ടണല്‍ ദുരന്തം: രക്ഷാപ്രവര്‍ത്തനം ഒന്‍പതാം ദിവസം; നാലു പേരെ കണ്ടെത്തി; അതിജീവനം ഒരു ശതമാനമെന്ന് മന്ത്രി
ഹൈദരാബാദ്: തെലങ്കാനയില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം ഇടിഞ്ഞുവീണ് കുടുങ്ങിപ്പോയ എട്ടു തൊഴിലാളികളില്‍ നാലു പേരെ കണ്ടെത്തിയതായി സംസ്ഥാന സര്‍ക്കാര്‍. ഫെബ്രുവരി 22-നുണ്ടായ അപകടത്തില്‍ ഒരാഴ്ച്ച നീണ്ട രക്ഷാപ്രവര്‍ത്തനത്തിനു ശേഷമാണ് നിര്‍ണായകമായ വഴിത്തിരിവുണ്ടായത്. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തിയ തെരച്ചിലിലാണ് നാലു പേരുടെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിഞ്ഞത്.
സംസ്ഥാന എക്‌സൈസ് മന്ത്രി ജൂപള്ളി കൃഷ്ണ റാവുവാണ് ഇക്കാര്യം അറിയിച്ചത്. തൊഴിലാളികള്‍ രക്ഷപ്പെടാനുള്ള സാധ്യത ഒരു ശതമാനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി വൈകാതെ അപകടസ്ഥലം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജലസേചന മന്ത്രി എന്‍ ഉത്തംകുമാര്‍ റെഡ്ഡിക്കൊപ്പം അപകട സ്ഥലം സന്ദര്‍ശിച്ച ജൂപ്പള്ളി കൃഷ്ണ റാവു കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനം നിര്‍ണായക ഘട്ടത്തിലാണെന്ന് മാധ്യമങ്ങളോടു പറഞ്ഞു. നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരാണ് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്ന സ്ഥലം കണ്ടെത്തിയത്.
ഫെബ്രുവരി 22 നാണ് തെലങ്കാന നാഗര്‍കൂര്‍ണൂല്‍ ജില്ലയിലെ നിര്‍മ്മാണം പുരോഗമിക്കുന്ന ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ തുരങ്കത്തിന്റെ മുകള്‍ഭാഗം തകര്‍ന്നുവീണത്. രണ്ട് എന്‍ജിനിയര്‍മാരും ആറു തൊഴിലാളികളുമാണ് കുടുങ്ങിയത്.
നാല് പേരെ കണ്ടെത്തിയ സ്ഥലത്ത് മണ്ണ് നീക്കം ചെയ്യുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇന്ന് വൈകിട്ടോടെ ഈ ജോലികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഉടന്‍ തന്നെ തൊഴിലാളികള്‍ക്ക് അടുത്തേക്ക് എത്താന്‍ സാധിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. സ്ഥലത്ത് ആംബുലന്‍സുകളും ഫോറന്‍സിക് വിദഗ്ദ്ധരും ക്യാമ്പ് ചെയ്യുകയാണ്. ആര്‍മി, നാവിക, എന്‍.ഡി.ആര്‍.എഫ്, റാറ്റ് മൈനേഴ്‌സ് തുടങ്ങി പതിനൊന്നോളം ഏജന്‍സികളില്‍ നിന്നായി അഞ്ഞൂറോളം പേരാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നത്.
ഇനി കണ്ടെത്താനുള്ള നാല് തൊഴിലാളികളെക്കു വേണ്ടി റഡാറിന്റെ സഹായത്തോടെ പരിശോധന തുടരുന്നുണ്ട്. ഇവര്‍ ടണല്‍ ബോറിങ് മെഷീനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് അനുമാനം. അതീവ ദുഷ്‌കരമായ രക്ഷാപ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. 450 അടി ഉയരമുള്ള ടണല്‍ ബോറിങ് മെഷീന്‍ മുറിക്കുന്നത് ഏറെ സങ്കീര്‍ണമായ ജോലിയാണെന്ന് മന്ത്രി പറഞ്ഞു. തുരങ്കത്തിലെ വെള്ളം വറ്റിച്ച് ചെളി നീക്കം ചെയ്യുന്ന ജോലികളും പുരോഗമിക്കുന്നുണ്ട്.












Click it and Unblock the Notifications