തെലങ്കാന പിടിക്കാന്‍ ഡികെ വരുന്നു: തിരഞ്ഞെടുപ്പില്‍ ശിവകുമാറിന് പ്രത്യേക ചുമതല നല്‍കാന്‍ കോണ്‍ഗ്രസ്
ഹൈദരാബാദ്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തെലങ്കാനയില്‍ കോൺഗ്രസിന്റെ വിജയം ഉറപ്പാക്കാൻ പ്രത്യേക ചുമതലയുമായി കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എത്തിയേക്കും. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു മാസത്തോളം ഹൈദരാബാദിൽ ചെലവഴിക്കുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് മാനേജ്മെന്റിനും തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും മേൽനോട്ടം വഹിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
തെലങ്കാനയില്‍ പാർട്ടിയുടെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് പ്രക്രിയയുടെ നിയന്ത്രണം ശിവകുമാർ ഏറ്റെടുക്കുമെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള വഴികൾ അദ്ദേഹത്തിന്റെ കീഴിലായിരിക്കും രൂപപ്പെടുത്തുകയെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ടി പി സി സി പ്രസിഡന്റ് എ രേവന്ത് റെഡ്ഡി അടുത്തിടെ ബംഗളൂരുവിൽ വച്ച് ശിവകുമാറിനെ സന്ദർശിക്കുകയും തെലങ്കാനയിൽ പാർട്ടിക്ക് വേണ്ടി പ്രചാരണത്തിന് ക്ഷണിക്കുകയും ചെയ്തതായും പാർട്ടി വൃത്തങ്ങൾ അറിയിക്കുന്നു.

കൂടിക്കാഴ്ചയ്ക്ക് ഒടുവില്‍ ഹൈദരാബാദിൽ താമസം ഒരുക്കാൻ രേവന്തിനോട് കെ പി സി സി അധ്യക്ഷന്‍ കൂടിയായ ഡി കെ ശിവകുമാർ ആവശ്യപ്പെടുകയായിരുന്നു. ശിവകുമാറിന്റെ വരവ് തെലങ്കാനയിലെ കോണ്‍ഗ്രസ് വലിയ പ്രാധാന്യത്തോടെ നോക്കിക്കാണുമ്പോള്‍ എതിരാളികളായി ബി ആർ എസിനും ബി ജെ പിക്കും ആശങ്കയുമുണ്ട്. രേവന്തിനെ ടി പി സി സി പ്രസിഡന്റായി നിയമിക്കുന്നതിൽ ശിവകുമാർ നിർണായക പങ്ക് വഹിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.
വൈ എസ് ആർ ടി പി അധ്യക്ഷ വൈഎസ് ശർമിളയുമായി പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയതും ഡി കെ ശിവകുമാറായിരുന്നു. ലയനം ഇനിയും ഔപചാരികമായിട്ടില്ലെങ്കിലും ചർച്ചകള്‍ ഇപ്പോഴും നടക്കുകയാണ്. ഗാന്ധി കുടുംബത്തോടുള്ള അചഞ്ചലമായ വിശ്വസ്തതയ്ക്കും നിർണായകമായ നിരവധി പ്രതിസന്ധി ഘട്ടങ്ങളില്‍ പാർട്ടിയെ സംരക്ഷിച്ച് നിർത്തിയ നേതാവുമായ ശിവകുമാറിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർത്തിക്കൊണ്ടുവരികയെന്ന ലക്ഷ്യവും നേതൃത്വത്തിനുണ്ട്.
ബൂത്ത് ലെവൽ കമ്മിറ്റികൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും തെലങ്കാനയിൽ കർണാടകയില്‍ പരീക്ഷിച്ച് നടപ്പിലാക്കിയ തിരഞ്ഞെടുപ്പ് തന്ത്രം നടപ്പാക്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രധാന കോൺഗ്രസ് നേതാക്കളുമായി ഡി കെ ശിവകുമാർ ഉടന്‍ തന്നെ യോഗം നടത്തുകയും ചെയ്തേക്കും. ശിവകുമാറിന്റെ ഒരു മാസത്തെ താമസത്തിന് അനുയോജ്യമായ വസതിക്കായി ടി പി സി സിയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications