'ഷാഡോ കാബിനറ്റ്'; 'ഇനി പ്രൊഫഷണൽ ടച്ച്' തെലങ്കാനയിൽ വേറിട്ട നീക്കവുമായി കോൺഗ്രസ്
തെലങ്കാനയിൽ പുതിയ രാഷ്ട്രീയ തന്ത്രവുമായി കോൺഗ്രസ്. 'ഷാഡോ കാബിനറ്റ്' രൂപീകരിച്ചാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കാനുള്ള നീക്കം പാർട്ടി നടത്തുന്നത്. വിവിധ വകുപ്പുകളിലും വിഷയങ്ങളിലും പരിജ്ഞാനമുള്ള പരിചയസമ്പന്നരായ നേതാക്കളെ ഉൾപ്പെടുത്തിക്കൊണ്ടാണ് 'ഷാഡോ കാബിനറ്റ്' രൂപീകരിച്ചിരിക്കുന്നത്.
ദുർഭരണത്തെ ശക്തമായി നേരിടുക, സർക്കാരിന്റെ അവകാശവാദങ്ങളെ വസ്തുകളും കണക്കുകളും നിരത്തി പ്രതിരോധിക്കുക എന്നിങ്ങനെയാണ് ഷാഡോ കാബിനറ്റിലെ അംഗങ്ങളുടെ ചുമതലയെന്ന് കോൺഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കൊനഗൊലു പറഞ്ഞു. പ്രത്യേക വിഷയത്തിലെ അവരുടെ രാഷ്ട്രീയ നിലവാരമോ വൈദഗ്ധ്യമോ പരിഗണിക്കാതെ എല്ലാവരും എല്ലാ വിഷയങ്ങളോടും പ്രതികരിക്കുന്ന സാധാരണ കോൺഗ്രസ് രാഷ്ട്രീയത്തിൽ നിന്ന് തികച്ചു വ്യത്യസ്തമായാണ് കോൺഗ്രസ് ഈ രീതി അവലംബിച്ചിരിക്കുന്നത്.

പാർട്ടി നിലപാടുകൾ മാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കോൺഗ്രസ് ഏറെ പിന്നിലാണെന്നുള്ള പരാതികൾ പാർട്ടിക്കുള്ളിൽ തന്നെ ഉയർന്നതോടെയാണ് ഇത്തരമൊരു സമിതിയെ രൂപീകരിക്കാൻ തിരുമാനിച്ചതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഒരാഴ്ചയ്ക്ക് മുമ്പ് തന്നെ സുനില്‍ കനുമോലുവിന്റെ നേതൃത്വത്തിലുള്ള സംഘം താഴെ തട്ടില്‍ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചിരുന്നു. പാര്‍ട്ടിയുടെ അജണ്ട പ്രകാരം പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുണ്ടോ എന്ന കാര്യങ്ങൾ ഷാഡോ കാബിനറ്റ് അംഗങ്ങൾ പരിശോധിക്കും.തെലുങ്കാനയിലെ എഐസിസി ചുമതല വഹിക്കുന്ന മാണിക്കം ടാഗോറിന്റെ നേത്യത്വത്തില്‍ കഴിഞ്ഞ ദിവസം കമ്മിറ്റി അംഗങ്ങൾ യോഗം ചേർന്നിരുന്നു.

പ്രത്യേക വിഷയം കൈകാര്യം ചെയ്യാൻ മൂന്നോ നാലോ അംഗങ്ങളെയാകും ഇനി ചുമതലപ്പെടുത്തുക. അവർ ഉന്നത നേതൃത്വവുമായി ഏകോപിപ്പിച്ച് ഏത് വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനങ്ങൾ കൈക്കൊള്ളും. എല്ലാവരും കൃഷി, ക്രമസമാധാനം, ബിസിനസ്സ്, വിദ്യാഭ്യാസം, റവന്യൂ, ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ ഭരണത്തിന്റെ പ്രധാന മേഖലകളായ യുവാക്കൾ, തൊഴിൽ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദഗ്ധരല്ല.വിവിധ വിഷയങ്ങളിൽ വൈദഗ്ദ്യം ഇല്ലാത്ത ആളുകളാണ് പലപ്പോഴും പരസ്യമായി പ്രതികരിക്കാറുള്ളത്. പ്രത്യേകിച്ച് മാധ്യമങ്ങളിലൂടെ. ഈ സാഹചര്യത്തിലാണ് വിഷയങ്ങളെ ഇത്തരത്തിൽ വേറിട്ട രീതിയിൽ കൈകാര്യം ചെയ്യാനും പാർട്ടി നിലപാട് വ്യക്തമാക്കാനുള്ള രീതിയിൽ നിയോഗിച്ചിരിക്കുന്നതെന്ന് മുതിർന്ന നേതാക്കൾ പ്രതികരിച്ചു.

ഭരണകക്ഷിയായ ടി ആർ എസും ബി ജെ പിയും കോൺഗ്രസിനെതിരെ നടത്തുന്ന വിമർശനങ്ങളെ യോജിച്ച് ചെറുക്കാനുള്ള ശ്രമങ്ങൾ പാർട്ടി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്ന വിമർശനവും ശക്തമാണ്. ഇത് മറികടക്കാനുള്ള നീക്കങ്ങൾ പുതിയ സംവിധാനത്തിലൂടെ നടക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്. ടി പി സി സി അധ്യക്ഷൻ രേവന്ത് റെഡ്ഡിയോ ഭട്ടി വിക്രമാർക്കയെപ്പോലുള്ള മുതിർന്ന നേതാക്കളോ ഏതെങ്കിലും വിഷയത്തിൽ സംസാരിക്കുമ്പോൾ മാത്രമാണ് പാർട്ടിയിൽ നിന്നുള്ള ശക്തമായ സന്ദേശങ്ങൾ താഴെ തട്ടിൽ എത്തുന്നതെന്ന വികാരവും പാർട്ടിയിൽ ഉണ്ട്. പുതിയ ടീം എല്ലാ ദിവസവും രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും പാർട്ടി എന്ത് നിലപാട് സ്വീകരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്യും.പാർട്ടിയെ പ്രതിനിധീകരിച്ച് സംസാരിക്കുമ്പോൾ മണ്ഡലതലത്തിലും ഗ്രാമതലത്തിലും നേതാക്കളും ഇതേ രീതി പിന്തുടരേണ്ടതുണ്ടെന്ന നിർദ്ദേശവും നേതൃത്വം നൽകുന്നുണ്ട്.

അടുത്ത വർഷമാണ് തെലങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. എ ഐ സി സി അടുത്തിടെ നടത്തിയ ഒരു സർവേയിൽ ഭരണ കക്ഷിയായ ടി ആർ എസ് സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം നേരിടുന്നുണ്ടെന്നും കോൺഗ്രസിന് 50 നിയമസഭാ മണ്ഡലങ്ങളിൽ വിജയ സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നേരിട്ടാൽ ഭരണം പിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്.












Click it and Unblock the Notifications