നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു; വില്ലന്‍, കോമഡി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരം
ഹൈദരാബാദ്: പ്രശസ്ത തെലുഗു നടന്‍ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു. 83 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഹൈദരാബാദിലെ വസതിയില്‍ ആയിരുന്നു അന്ത്യം. തെന്നിന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമായിരുന്ന കോട്ട 750ല്‍ അധികം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. വിക്രം നായകനായ സാമി എന്ന തമിഴ് ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആന്ധ്ര പ്രദേശിലെ രാഷ്ട്രീയ രംഗത്തും സജീവമായിരുന്നു കോട്ട. വിജയവാഡ ഈസ്റ്റ് മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റില്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1999-2004 കാലത്തായിരുന്നു ഇത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു അദ്ദേഹത്തിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. നാല് പതിറ്റാണ്ടായി സിനിമാ രംഗത്തുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നും ഓര്‍മിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

1978ല്‍ പ്രണാം ഖലീഡ് എന്ന സിനിമയിലൂടെയാണ് കോട്ട റാവു ചലച്ചിത്ര ലോകത്ത് സാന്നിധ്യം അറിയിച്ചത്. പിന്നീട് തമിഴ്, ഹിന്ദി ഉള്‍പ്പെടെയുള്ള ഇതരഭാഷാ ചിത്രങ്ങളിലും തിളങ്ങി. ആന്ധ്ര സര്‍ക്കാര്‍ നല്‍കുന്ന നന്ദി പുരസ്‌കാരം ഒമ്പത് തവണ നേടിയ താരം കൂടിയാണ് അദ്ദേഹം. മികച്ച വില്ലന്‍, സ്വാഭാവ നടന്‍, സഹായ നടന്‍ എന്നിവയ്ക്കായിരുന്നു പുരസ്‌കാരങ്ങള്‍.
2015ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ മാനിച്ചായിരുന്നു ഇത്. സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ അഭിനയത്തോട് കിടപിടിച്ച അദ്ദേഹം ബോളിവുഡിലും ഏറെ ശ്രദ്ധിക്കപ്പെട്ടു. തെലുഗു സിനിമാ വ്യവസായത്തിന് നികത്താനാകാത്ത നഷ്ടമാണ് കോട്ട റാവുവിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിത്തുന്നതെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു.
മലയാളത്തില്‍ ഒരു സിനിമ മാത്രം
1942 ജൂലൈ 10ന് വിജയവാഡയിലാണ് കോട്ട റാവു ജനിച്ചത്. ഡോക്ടറാകാന്‍ ഇഷ്ടപ്പെട്ട അദ്ദേഹത്തിന് പക്ഷേ, അഭിനയത്തോട് അടങ്ങാത്ത ആഗ്രഹമുണ്ടായിരുന്നു. പഠനകാലത്ത് തന്നെ നാടകങ്ങളില്‍ വേഷമിട്ടു. സയന്‍സില്‍ ബിരുദം നേടിയ അദ്ദേഹം സ്റ്റേ ബാങ്ക് ജീവനക്കാരനായിരുന്നു. തെലുങ്ക് സിനിമയിലെ എല്ലാ നായകന്മാര്‍ക്കൊപ്പവും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
വിക്രം നായകനായ തമിഴ് ചിത്രം സാമിയിലെ വില്ലന്‍ വേഷത്തിലൂടെയാണ് തമിഴ്-മലയാളം പ്രേക്ഷകര്‍ അദ്ദേഹത്തെ ശ്രദ്ധിച്ചത്. തിരുപ്പാച്ചി, കൊ എന്നീ തമിഴ് സിനിമകളിലും വില്ലന്‍ വേഷം ചെയ്തു. മലയാളത്തില്‍ ജയരാജ് സംവിധാനം ചെയ്ത ദി ട്രെയിന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍ മാത്രമാണ് അഭിനയിച്ചത്. ഡബ്ബിങ് ആര്‍ട്ടിസ്റ്റായും കോട്ട റാവു തിളങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications