നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍; പോലീസ് വന്നപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് മറുപടി
ഹൈദരാബാദ്: പ്രമുഖ തെലുഗ് നടന്‍ പൊസാനി കൃഷ്ണ മുരളി അറസ്റ്റില്‍. ആന്ധ്ര പോലീസ് ഹൈദരാബാദില്‍ വച്ചാണ് ഇദ്ദേഹത്തെ പിടികൂടിയത്. അറസ്റ്റിന് മുമ്പ് അദ്ദേഹത്തിന് കുടുംബത്തിന് നോട്ടീസ് കൈമാറിയിരുന്നു. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചികില്‍സ തുടരുകയാണെന്നും പൊസാനി കൃഷ്ണ പോലീസിനോട് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
തെലുഗ് സിനിമയില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് പൊസാനി കൃഷ്ണ മുരളി. സ്വഭാവ നടനായും തിളങ്ങിയിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗമാണ് പൊസാനി കൃഷ്ണ. നേരത്തെയും രാഷ്ട്രീയപരമായ വിഷയങ്ങളില്‍ ഇദ്ദേഹത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഇത്തവണ ഒരു സമുദായത്തെ അപമാനിച്ചു സംസാരിച്ചുവെന്നാണ് കേസ്.

ബുധനാഴ്ച രാത്രി ഹൈദരാബാദിലെ അദ്ദേഹത്തിന്റെ താമസ സ്ഥലത്ത് എത്തിയാണ് ആന്ധ്ര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ശേഷം റോഡ് മാര്‍ഗം ആന്ധ്രയിലേക്ക് കൊണ്ടുപോയി. ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയതിന് ഒബുലവരിപള്ളി പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 196, 353(2), 111, പട്ടിക ജാതി നിയമത്തിലെ 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പൊസാനി കൃഷ്ണ മുരളിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കുമെന്നാണ് വിവരം. രാജംപേട്ട് അഡീഷണല്‍ മജിസ്‌ട്രേറ്റ് മുമ്പാകെയാകും ഹാജരാക്കുക. വിവിധ സമൂദായങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കാന്‍ ശ്രമിച്ച കുറ്റവും നടനെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിന് മുമ്പുള്ള നോട്ടീസ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പോലീസ് കൈമാറിയിരുന്നു.
തനിക്ക് സുഖമില്ലെന്നും ചികില്‍സയിലാണെന്നും കൃഷ്ണ മുരളി പോലീസിനോട് പറയുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാല്‍ നടപടികളുമായി സഹകരിക്കണമെന്നും കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പുള്ള നോട്ടീസ് കുടുംബത്തിന് കൈമാറിയിട്ടുണ്ടെന്നും പോലീസ് ഓഫീസര്‍ തിരിച്ചു പറയുന്നതും വീഡിയോയിലുണ്ട്. പിന്നീട് നടന്‍ പോലീസുമായി സഹകരിക്കുകയായിരുന്നു.
2024 നവംബറിലും പൊസാനി കൃഷ്ണ മുരളിക്കെതിരെ പോലീസ് നടപടിയുണ്ടായിരുന്നു. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ അപകീര്‍ത്തിപ്പെടുത്തി സംസാരിച്ചതായിരുന്നു കേസ്. കഴിഞ്ഞ വര്‍ഷം നടന്ന ആന്ധ്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ വൈസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രചാരണം നടത്തിയിരുന്നു കൃഷ്ണ മുരളി. കുറച്ചുമാസങ്ങളായി രാഷ്ട്രീയരംഗത്ത് സജീവമല്ല പൊസാനി കൃഷ്ണ മുരളി. ഒരുപാര്‍ട്ടിയുമായും പ്രത്യേക അടുപ്പം നിലവില്‍ സൂക്ഷിക്കുന്നില്ല.
ആന്ധ്ര ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്യാണിനെയും കുടുംബത്തെയും കുറിച്ച് മോശമായി സംസാരിച്ചതാണ് കേസിന് കാരണം എന്നും ചില തെലുഗ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് നടനെതിരെ ചുമത്തിയിരിക്കുന്നത്. ഇന്ന് രാവിലെ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications