കാണാതായ പൂജാരിയുടെ ഭാര്യ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടനിലയില്‍
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗര്‍ രജ്പുതാന മജ്രയില്‍ കഴിഞ്ഞദിവസം കാണാതായ യുവതിയെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമീപത്തെ ക്ഷേത്രത്തിലെ പൂജാരിയുടെ ഭാര്യയാണ് കൊല്ലപ്പെട്ടത്. ഇവര്‍ വീട്ടാവശ്യത്തിന് പുറത്തിറങ്ങിയപ്പോള്‍ കാണാതായതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഇതേക്കുറിച്ച് അന്വേഷണം നടക്കവെ ചത്രവാല്‍ പോലീസ് സ്‌റ്റേഷന് സമീപത്തെ ഒരു വയലിലാണ് മൃതശരീരം കണ്ടെത്തിയത്. അര്‍ദ്ധനഗ്നയായ നിലയിലായിരുന്നു മൃതശരീരം. പ്രാഥമിക പരിശോധനയില്‍ തന്നെ ബലാത്സംഗം നടന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ ഇക്കാര്യത്തില്‍ സ്ഥിതീകരണമാകുമെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് സ്ഥലവാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചു. പ്രധാനറോഡ് പ്രതിഷേധക്കാര്‍ ബ്ലോക്ക് ചെയ്തു. അക്രമികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് അതില്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്.
വര്‍ഗീയ സംഘര്‍ഷം ഉടലെടുത്തിട്ടുള്ള പ്രദേശം ആയതിനാല്‍ കൊലപാതകവിഷയം ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നത്. കൊല്ലപ്പെട്ടത് ഒരു പൂജാരിയുടെ ഭാര്യ ആണെന്നതിനാലും ജനങ്ങളില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ വാട്‌സ് ആപ്പിലൂടെയും മറ്റും കൈമാറരുതെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications