ട്രെയിനുകളുടെ തത്കാലികസ്റ്റോപ്പുകള്‍ നിലനിര്‍ത്തും
ബാംഗ്ലൂര്‍: കണ്ണൂര്‍- യശ്വന്ത്പൂര്‍, ബാംഗ്ലൂര്‍- കൊച്ചുവേളി ട്രെയിനുകളുടെ താത്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി സദാനന്ദഗൗഡ അറിയിച്ചു. കേന്ദ്രമന്ത്രിയായി അധികാരമേറ്റതിന് ശേഷം ബാംഗ്ലൂരിലെത്തി സദാനന്ദ ഗൗഡയ്ക്ക് കേരളസമാജം നല്‍കിയ സ്വീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്തേക്ക് ഒരു ട്രെയിന്‍ വേണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി.
പാലക്കാട് വഴിയുള്ള കണ്ണൂര്‍- യശ്വന്തപുരം എക്‌സ്പ്രസ്, ബാംഗ്ലൂര്‍- കൊച്ചുവേളി എന്നീ ട്രെയിനുകളുടെ താത്കാലിക സ്റ്റോപ്പുകള്‍ നിര്‍ത്തലാക്കാനുള്ള റെയില്‍വെയുടെ നീക്കം ബാംഗ്ലൂര്‍ മലയാളികളില്‍ ഏറെ ആശങ്കജനിപ്പിച്ചിരുന്നു. പാലക്കാട് വഴിയുള്ള യശ്വന്തപുരം- കണ്ണൂര്‍ എക്‌സ്പ്രസ്സിന്റെ പോത്തന്നൂര്‍, കര്‍മലാരാം, ബാനസവാടി സ്‌റ്റോപ്പുകളും കൊച്ചുവേളി എക്‌സ്പ്രസ്സിന്റെ ആലുവ, ചേര്‍ത്തല, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നീ സ്‌റ്റേഷനുകളുമാണ് നിര്‍ത്തലാക്കാനായിരുന്നു നീക്കം.

ഇതോടെ താത്കാലിക സ്‌റ്റോപ്പുകളായി കണക്കാക്കിയ സ്ഥലത്തേക്ക് റിസേര്‍വേഷന്‍ ലഭിക്കാതെ വന്നു. തുടര്‍ന്ന് മലയാളി സംഘടനകള്‍ റെയില്‍വെ അധികൃതരുമായി ബന്ധപ്പെട്ട് സ്റ്റോപ്പുകള്‍ എടുത്തുമാറ്റരുതെന്നാവശ്യപ്പെട്ടു. ലാഭകരമായ റെയില്‍വേ സ്‌റ്റേഷനുകള്‍ മാത്രമാണ് റെയില്‍വേ സ്ഥിരം സ്‌റ്റോപ്പുകളായി പ്രഖ്യാപിക്കാറുള്ളത്. മലയാളി സംഘടനകളുടെ പ്രവര്‍ത്തനഫലമായി കര്‍മലാരാം, ബാനസവാടി റെയില്‍വേ സ്‌റ്റേഷനുകള്‍ ഇപ്പോള്‍ ലാഭകരമായി മാറിയിട്ടുണ്ട്.
ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പുതുതായി ട്രെയിന്‍ അനുവദിക്കുക, കണ്ണൂര്‍ വഴി ആഴ്ചയിലൊരിക്കല്‍ സര്‍വീസ് നടത്തുന്ന മംഗലാപുരം എക്‌സ്പ്രസ് ദിവസേനയാക്കുക, ബാനസവാടി, കര്‍മാലാരം സ്‌റ്റേഷനുകള്‍ നവീകരിക്കുക, ഓണം, ക്രിസ്മസ്, മധ്യവേനല്‍ അവധി തുടങ്ങി തിരക്കുള്ള സമയങ്ങളില്‍ പ്രത്യേക ട്രെയിന്‍ നേരത്തെ പ്രഖ്യാപിക്കുക, പാലക്കാട് വഴിയുള്ള കണ്ണൂര്‍ എക്‌സ്പ്രസിന് കൂടുതല്‍ ബോഗികള്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ കേരളസമാജം ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു.












Click it and Unblock the Notifications