പത്ത് കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം; സ്പീക്കര്‍ക്ക് കത്ത് നല്കി
ദില്ലി: ലോക്സഭയില്‍ നിന്ന് 10 കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്യാന്‍ നീക്കം. ഭരണപക്ഷം ഇൗ ആവശ്യം ഉന്നയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്കി. ഇന്നലെ ഏഴ് കോണ്‍ഗ്രസ് എംപിമാരെ സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നാലെയാണ് പത്ത് പേരെ കൂടി സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഉയരുന്നത്. സ്പീക്കറുടെ ഇരിപ്പിടത്തില്‍ നിന്ന് പേപ്പറുകള്‍ വലിച്ചുകീറി എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ സസ്പെന്ഷന് നടപടി.
ഇന്നലെ ചെയറിലുണ്ടായിരുന്ന മീനാക്ഷി ലേഖിയുടേതാണ് നടപടി. ഇത് സഭ ശബ്ദവോട്ടോട് കൂടി അംഗീകരിക്കുകയായിരുന്നു.
കോണ്‍ഗ്രസ് എം.പിമാരായ ടി എന്‍ പ്രതാപന്, ബെന്നി ബെഹ്നാന്, രാജ് മോഹന്‍ ഉണ്ണിത്താന്, ഡീന്‍ കുര്യാക്കോസ്, മാണിക്കം ടാഗൂര്‍, ഗൗരവ് ഗൊഗോയ്, ഗുര്‍ജിത് സിംഗ് എന്നിവര്‍ക്കാണ് സസ്പെന്ഷന്. ഈ ബജറ്റ് സമ്മേളനകാലയളവ് മുഴുവനാണ് സസ്പെന്ഷന്.
പാര്‍ലമെന്റില്‍ ദില്ലിയിലെ അക്രമ സംഭവങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ ബഹളത്തോടെ കഴിഞ്ഞ ദിവസങ്ങളില്‍ പലതവണ സഭ പിരിഞ്ഞിരുന്നു. ഹോളിക്ക് ശേഷം ദില്ലി കലാപം സംബന്ധിച്ച് ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ ഓംകുമാര്‍ ബിര്‍ള അറിയിച്ചത്. എന്നാല്‍ ഇത് അനുവദിക്കാന്‍ കഴിയില്ലെന്നും ദില്ലിയിലെ അക്രമസംഭവങ്ങളില്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്നുമുള്ള നിലപാടില്‍ നിന്ന് പിന്നോട്ട് പോകാന്‍ പ്രതിപക്ഷം തയ്യാറായിരുന്നില്ല. രാജ്യത്ത് നിരവധി പേര്‍ക്ക് ജീവന് നഷ്ടമായ സംഭവം അടിയന്തരമായി പരിഗണിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നു. ബഹളത്തെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നു.
എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധം പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് എംപിമാര്‍ക്കെതിരായ സസ്പെന്ഷന് പിന്‍വലിക്കണമെന്നും ദില്ലി അക്രമസംഭവങ്ങള്‍ ഉടന്‍ ചര്‍ച്ച ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജി വെക്കണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പട്ടു.
സസ്പെന്ഷന് നടപടി കോണ്‍ഗ്രസിനെ ഭയപ്പെടുത്തുന്നതിന് വേണ്ടിയാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്നാല്‍ ഇത് കൊണ്ടൊന്നും ഭയപ്പെടില്ലെന്നും ആവശ്യം നിരന്തരം സഭയില്‍ ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.