ഹൈദരാബാദില്‍ ഐഎസ് ബന്ധമുള്ള രണ്ട് പേര്‍ പിടിയില്‍; വലിയ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു
ഹൈദരാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം രാജ്യത്തെ പ്രധാന നഗരങ്ങള്‍ അതീവ ജാഗ്രതയിലാണ്. രാജ്യത്ത് ഭീകര സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ സജീവമാകാന്‍ ഇടയുണ്ടെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇപ്പോഴിതാ, ഹൈദരാബാദില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ടു പേര്‍ പിടിയിലായിരിക്കുകയാണ്. ഐഎസ് ബന്ധമുള്ള രണ്ടു പേരാണ് ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്.
ഹൈദരാബാദ് നഗരത്തില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. സിറാജ് ഉര്‍ റഹ്‌മാന്‍ (29), സയ്യിദ് സമീര്‍ (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. ആന്ധ്രാപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ പിടികൂടിയത്. രഹസ്യ വിവരത്തെ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു തിരച്ചില്‍.

സൗദി അറേബ്യയിലെ ഐസിസ് വിഭാഗവുമായി പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്നാണ് പൊലീസിന്റെ അനുമാനം. പ്രതികളുടെ താമസസ്ഥലത്തു നിന്ന് അമോണിയ, സള്‍ഫര്‍, അലുമിനിയം പൊടി എന്നിവയുള്‍പ്പെടെ പൊലീസ് പിടിച്ചെടുത്തു. ഇവ സ്‌ഫോടക വസ്തുക്കള്‍ നിര്‍മിക്കാനാണ് ഉപയോഗിക്കുന്നത്. ഹൈദരാബാദ് നഗരത്തില്‍ വലിയ ഭീകരാക്രമണം നടത്താന്‍ പിടിയിലായവര്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു.
സിറാജ് ഉര്‍ റഹ്‌മാനെയാണ് ആദ്യം പിടികൂടിയത്. ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍ നിന്നാണ് റഹ്‌മാന്‍ അറസ്റ്റിലായത്. ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ചാണ് സമീറിനെ ഹൈദരാബാദില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഭീകരരെ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു.
ഏപ്രില്‍ 22 നാണ് രാജ്യത്തെ ഞെട്ടിച്ച പഹല്‍ഗാം ഭീകരാക്രമണമുണ്ടായത്. ഒരു നേപ്പാളി പൗരന്‍ ഉള്‍പ്പെടെ 26 നിരപരാധികളാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ സൈനിക നടപടി ഓപ്പഷേന്‍ സിന്ദൂര്‍ നടപ്പാക്കിയത്. നാല് ദിവസങ്ങളോളം നീണ്ട സംഘര്‍ഷഭരിതമായ സാഹചര്യത്തിന് ശേഷമാണ് ഇരു രാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയത്.
രാജ്യത്തിന്റെ അതിര്‍ത്തികളിലും ജമ്മു കശ്മീര്‍ ഉള്‍പ്പെടെ നിരവധി സംസ്ഥാനങ്ങളിലും സുരക്ഷാ സേന ഭീകരര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.












Click it and Unblock the Notifications