ശ്രീനഗറിലെ ആശുപത്രിയിൽ ഭീകരാക്രമണം; പോലീസുകാരെ ആക്രമിച്ച് ഭീകരനെ രക്ഷപ്പെടുത്തി...
കാശ്മീരിൽ തടവിൽ കഴിഞ്ഞിരുന്ന ഭീകരവാദി നവീദ് ജാട്ടിനെയാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുത്തിയത്.
ശ്രീനഗർ: നഗരത്തിലെ ആശുപത്രിയിൽ ലഷ്കറെ ത്വയ്ബയുടെ ഭീകരാക്രമണം. ആശുപത്രിയിലെത്തിയ പോലീസുകാരെ ആക്രമിച്ച് പാക്ക് ഭീകരനെ രക്ഷപ്പെടുത്തി. ഭീകരാക്രമണത്തിൽ ഒരു പോലീസുകാരൻ കൊല്ലപ്പെട്ടു. രണ്ടു പേർക്ക് പരിക്കേറ്റു.
കാശ്മീരിൽ തടവിൽ കഴിഞ്ഞിരുന്ന ഭീകരവാദി നവീദ് ജാട്ടിനെയാണ് പോലീസുകാരെ ആക്രമിച്ച് രക്ഷപ്പെടുത്തിയത്. ജയിലിൽ കഴിഞ്ഞിരുന്ന നവീദ് ജാട്ടിനെ ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തിച്ചപ്പോഴായിരുന്നു ആക്രമണം.

ശ്രീനഗറിലെ ശ്രീ മഹാരാജാ ഹരിസിങ് ആശുപത്രിയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. നവീദ് ജാട്ട് ഉൾപ്പെടെ ആറു ഭീകരരുമായാണ് പോലീസുകാർ ആശുപത്രിയിലെത്തിയത്. ഇതിനിടെയാണ് അകമ്പടി വന്ന പോലീസുകാരെ ആക്രമിച്ച് അവരുടെ തോക്കുകളും ഉപയോഗിച്ച് ഭീകരർ വെടിയുതിർത്തത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു പോലീസുകാരൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേൽക്കുകയും ഒരു പോലീസുകാരനെ കാണാതായതായും റിപ്പോർട്ടുണ്ട്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പാക്ക് ഭീകരൻ നവീദ് ജാട്ടിനെ 2014ൽ കുൽഗാമിൽ നിന്നാണ് പിടികൂടിയത്.












Click it and Unblock the Notifications