കശ്മീരിലെ ബാരാമുള്ളയില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം, 3 സൈനികര്‍ക്ക് വീരമൃത്യു
ശ്രീനഗര്‍: കശ്മീരില്‍ സിആര്‍പിഎഫ് സംഘത്തിന് നേരെ ഭീകരാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. ബാരാമുള്ളയില്‍ വെച്ചാണ് സിആര്‍പിഎഫും ജമ്മു കശ്മീര്‍ പോലീസും ചേര്‍ന്ന സംയുക്ത സൈന്യത്തിന് നേരെ ഭീകരര്‍ ആക്രമണം നടത്തിയത്. ബാരാമുള്ളയില്‍ ക്രീരി മേഖലയിലാണ് സംഭവം. രണ്ട് സൈനികരും ഒരു പോലീസ് ഉദ്യോഗസ്ഥനുമാണ് വീരമൃത്യു വരിച്ചത്. അതേസമയം കശ്മീര്‍ ശാന്തമായി വരുന്നതി നിടെയാണ് വീണ്ടുമൊരു ഭീകരാക്രമണം കൂടിയുണ്ടായിരിക്കുന്നത്. ഈ മേഖല മുഴുവന്‍ സൈനികരുടെ നിയന്ത്രണത്തിലാണ്. പരിശോധന അതിശക്തമാക്കിയിരിക്കുകയാണ്.
തീവ്രവാദികളെ എത്രയും പെട്ടെന്ന് പിടികൂടാനാണ് ശ്രമം. അതിനായി തിരച്ചില്‍ ശക്തമാക്കി. സൈനിക വാഹനത്തില്‍ നിന്ന് ഇറങ്ങവേയാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്. സൈനികരും പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു വരിച്ച കാര്യം സേനാ വക്താക്കള്‍ സ്ഥിരീകരിച്ചു. ആക്രമണത്തിന് ശേഷം തീവ്രവാദികള്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടെന്നാണ് സൈന്യം പറയുന്നത്. വലിയ കാടുകള്‍ക്കിടയിലാണ് ഇവര്‍ ഒളിച്ചിരിക്കുന്നതെന്നും, ഇവിടെ നിന്നാണ് വെടിവെപ്പ് നടത്തിയതെന്നും പോലീസ് പറഞ്ഞു.
നേരത്തെ മൂന്ന് ദിവസം രണ്ട് കശ്മീര്‍ പോലീസ് ഉദ്യോഗസ്ഥരെ ഭീകരര്‍ വധിച്ചിരുന്നു. പോലീസ് വ്യൂഹത്തിന് നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ശ്രീനഗറില്‍ വെച്ചായിരുന്നു ഈ ആക്രമണം. മൂന്ന് പോലീസുകാര്‍ക്കും പരിക്കേറ്റിരുന്നു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നില്‍. അതേസമയം സംസ്ഥാനത്ത് കേന്ദ്ര ഭരണം നിലവില്‍ വന്നശേഷം സമാധാനം നിലനിന്നിരുന്നെങ്കിലും അടുത്ത കുറച്ച് ദിവസങ്ങളിലായി ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണ്. പ്രധാനമായും രാഷ്ട്രീയ പ്രതിനിധികള്‍ക്ക് നേരെയാണ് ആക്രമണം വര്‍ധിക്കുന്നത്.
ബിജെപി നേതാക്കള്‍ക്കെതിരെയായിരുന്നു കൂടുതല്‍ ആക്രമണമുണ്ടായത്. ഇതുവരെ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോര്‍ട്ട്. ബുദ്ഗാം ജില്ലയില്‍ തീവ്രവാദികള്‍ ബിജെപി പ്രവര്ത്തകന് നേരെ വെടിയുതിര്‍ത്തിരുന്നു. മറ്റൊരു ബിജെപി നേതാവ് സജാദ് അഹമ്മദ് ഖാണ്ഡെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. നിരവധി ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം ഭയന്ന് പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്.