ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം; കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ബീഹാറില്‍ നിന്നുള്ള ദില്‍ഖുഷ് എന്ന കുടിയേറ്റ തൊഴിലാളി കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യഴാഴ്ച രാത്രിയോടെയാണ് സംഭവം. ബുദ്ഗാം ജില്ലയിലെ ചദൂര ഗ്രാമത്തിലെ ഒരു ഇഷ്ടിക ചൂളയിലാണ് കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്തിരുന്നത്.

ഇവരെ ഉടന്‍ തന്നെ ശ്രീനഗറിലെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ദില്‍ഖുഷ് മരിച്ചിരുന്നു. രാജസ്ഥാന്‍ സ്വദേശിയായ ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ കുല്‍ഗാമില്‍ വെടിയേറ്റ് മരിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ആക്രമണം.കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ജമ്മുവിലെ സാംബ ജില്ലയില്‍ നിന്നുള്ള അധ്യാപിക രജനി ബാലയെ കുല്‍ഗാമിലെ ഗോപാല്‍പോറയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വെച്ച് ഭീകരര്‍ വെടിവെച്ച് കൊന്നിരുന്നു.
അതേസമയം, ഒറ്റ ദിവസം കൊണ്ട് കാശ്മീരില്‍ നടന്ന രണ്ടാമത്തെ കൊലപാതകത്തില്‍ പ്രതികരിച്ച് ജമ്മു കശ്മീര്‍ നാഷണല്‍ കോണ്‍ഫറന്‍സ് പാര്‍ട്ടി രംഗത്തെത്തി. ഒരു ദിവസത്തിനിടെ രണ്ടാമത്തെ സംഭവം. മറ്റൊരു ജീവന്‍ കൂടി നഷ്ടപ്പെട്ടു, മറ്റൊരു കുടുംബം ദുഃഖത്തിലായിരിക്കുന്നു. ബിഹാറില്‍ നിന്നുള്ള ദില്‍ഖുഷിന് നേരെയുള്ള ആക്രമണത്തെ ജെകെഎന്‍സി ശക്തമായി അപലപിക്കുന്നെന്ന് ട്വീറ്റില്‍ പറഞ്ഞു.ഇതിനിടെ, ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ജൂണ്‍ മൂന്നിന് ഉന്നതതല യോഗം ചേരും. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന അമര്‍നാഥ് തീര്‍ത്ഥാടന യാത്രയുടെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്യും. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ്, കരസേനാ മേധാവി, ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോഴ്സ്, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
കഴിഞ്ഞ സുരക്ഷാ അവലോകന യോഗത്തില്‍ സിവിലിയന്‍ കൊലപാതകങ്ങളെക്കുറിച്ച് ഷാ ആശങ്ക ഉന്നയിച്ചിരുന്നുവെന്നും പരിശോധന നടത്താന്‍ എല്ലാ സുരക്ഷാ സേനയോടും ആവശ്യപ്പെട്ടിരുന്നതായും വൃത്തങ്ങള്‍ അറിയിച്ചു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് സജീവമായി നടത്താന്‍ സുരക്ഷാ സേനയ്ക്കും പോലീസിനും അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സാധാരണ പൗരന്മാര്‍ക്കെതിരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നതോടെ പുറത്ത് നിന്ന് കാശ്മീരില്‍ താമസിക്കുന്നവര്‍ കനത്ത ഭീതിയിലാണ്. ആക്രമണത്തെ തുടര്‍ന്ന് കാശ്മീരില്‍ പ്രതിഷേധവും ശക്തമാകുന്നുണ്ട്. പുറത്തുനിന്നുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്വന്തം നാടുകളിലേക്കു സ്ഥലം മാറ്റം നല്‍കണമെന്നും ആവശ്യപ്പെട്ട് ജമ്മുവില്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.












Click it and Unblock the Notifications