ശ്രീനഗറിൽ മെഡിക്കൽ കോളജിന് സമീപം ഭീകരാക്രമണം; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു
ശ്രീനഗറിൽ മെഡിക്കൽ കോളജിന് സമീപം ഭീകരാക്രമണം; സുരക്ഷാ സേനയ്ക്ക് നേരെ ഭീകരർ വെടിയുതിർത്തു
ശ്രീനഗർ: ജമ്മു- കാശ്മീരിലെ ശ്രീനഗറിൽ മെഡിക്കൽ കോളജിന് സമീപം ഭീകരാക്രമണം. ആശുപത്രിയ്ക്ക് മുൻപിൽ വിന്യസിച്ച സുരക്ഷാ സേനയ്ക്ക് നേരെയാണ് ഭീകരർ വെടിയുതിർത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം അരങ്ങേറിയത്. വെടിയുതിർത്തതിനെ തുടർന്ന് സേനയും ഭീകരരും തമ്മിൽ വെടിവയ്പുണ്ടായി. നിലവിൽ ഭീകരരെ പിടി കൂടാൻ സാധിച്ചിട്ടില്ല.

ശ്രീനഗറിലെ ബെമിനയിൽ എസ്‌കെഐഎംഎസ് മെഡിക്കൽ കോളേജ് ആശുപത്രിയ്‌ക്ക് മുൻപിൽ വിന്യസിച്ച സേനാംഗങ്ങൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനത്തിൽ എത്തിയ ഭീകര സംഘം ആശുപത്രിയ്‌ക്ക് മുൻപിൽ സുരക്ഷയൊരുക്കിയ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം ഭീകരർ കടന്നു കളഞ്ഞു. ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.
സംഭവത്തിൽ ഭീകരർക്കായി സിആര്‍പിഎഫും പൊലീസും തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രിയ്‌ക്കുള്ളിലും പരിസരത്തും പോലീസ് സുരക്ഷ ശക്തമാക്കി. ആശുപത്രിയുടെ പരിസരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തു.
പ്രദേശത്തെ ആൾക്കൂട്ട സാന്നിധ്യം മുതലെടുത്താണ് ഭീകരർ രക്ഷപ്പെട്ടതെന്ന് ശ്രീനഗർ പോലീസ് പറഞ്ഞു. താഴ്‌വരയിലെ പിന്നോക്ക സമുദായങ്ങളിൽ നിന്നുള്ളവരെയും കുടിയേറ്റ തൊഴിലാളികളെയും ലക്ഷ്യമിട്ട് അടുത്തിടെ നടന്ന കൊലപാതകങ്ങൾക്ക് ശേഷമുള്ള ആദ്യത്തെ വലിയ ഭീകരാക്രമണമാണിത്. കഴിഞ്ഞ മൂന്ന് ആഴ്ചക്കിടെ ജമ്മു കശ്മീരിലെ പൂഞ്ചിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ മലയാളി അടക്കം 11 സൈനീകരാണ് വീരമൃത്യു വരിച്ചിരുന്നു.
പൂഞ്ചില്‍ സൈനീകര്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ ജൂനിയർ കമ്മീഷൻഡ് ഓഫീസറും മലയാളിയും അടക്കം 11 സൈനീകരാണ് വീരമൃത്യു വരിച്ചിരുന്നു.അതേസമയം, ഒക്ടോബർ മാസം മാത്രം 11 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. അന്ന് ഇതിന്റെ ഭാഗമായി രജൗറി-പൂഞ്ച് ദേശീയപാതയിൽ ഗതാഗതം താത്കാലികമായി നിർത്തി വച്ചിരുന്നു. പാകിസ്താനിൽ നിന്ന് നുഴഞ്ഞു കയറിയ ഭീകരർക്കായി നർ ഖാസ് വനത്തിനുള്ളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.
എന്നാൽ, ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീർ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പ്രദേശത്തെ സ്ഥിതി ഗതികൾ വിലയിരുത്തിയിരുന്നു.
Recommended Video
കഴിഞ്ഞ മാസം ശ്രീനഗർ ഉൾപ്പെടെയുള്ള ജമ്മു-കാശ്മീരിലെ പ്രധാന നഗരങ്ങളിൽ ഉണ്ടായ ഭീകരാക്രമണങ്ങളിൽ പത്തിലധികം പേരാണ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ നൽകിയ ശക്തമായ താക്കീതിന്റെ ഫലമായി ഭീകരർ അവിടെ ആക്രമണം അവസാനിപ്പിച്ചിരുന്നു.












Click it and Unblock the Notifications