അസം റൈഫിൾസിന് നേരെ ഭീകരാക്രമണം, കമാൻഡിംഗ് ഓഫീസറടക്കം കൊല്ലപ്പെട്ടതായി റിപ്പോർട്ട്
അസം റൈഫിൾസിന് നേരെ ഭീകരാക്രമണം, നിരവധി പേർക്ക് പരിക്കെന്ന് റിപ്പോർട്ട്
മണിപ്പൂർ: മണിപ്പൂരിൽ ഉണ്ടായ ഭീകരാക്രമണത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സിംഗാട്ട് സബ് ഡിവിഷനിൽ അസം റൈഫിൾസ് യൂണിറ്റിലെ കമാൻഡിംഗ് ഓഫീസറുടെ വാഹനവ്യൂഹത്തിന് നേരെയായിരുന്നു ഭീകരർ ആക്രമണം നടത്തിയത്.
കമാൻഡിംഗ് ഓഫീസറും കുടുംബവും അടക്കം 7 ഓളം സൈനികർ വാഹന വ്യൂഹത്തിൽ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് ഒളിഞ്ഞിരുന്ന ഭീകരർ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. 10 മണിയോടെയാണ് സംഭവം നടന്നത്. അതിർത്തി പ്രദേശത്തുള്ള സൈനിക ക്യാമ്പ് സന്ദർശിച്ച ശേഷം മടങ്ങി വരികയായിരുന്നു ഇവർ.

അസം റൈഫിൾസ് 46-ാം യൂണിറ്റ് കമാൻഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഥി, അദ്ദേഹത്തിൻ്റെ ഭാര്യ, മകൻ ഇവരുടെ സുരക്ഷാഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് സൈനികർ, വാഹനത്തിൻ്റെ ഡ്രൈവർ എന്നിവർക്കാണ് ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായത്. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കൻ എന്ന ഗ്രാമത്തോട് ചേർന്നാണ് ഇവർ ആക്രമണം നടത്തിയത്. ആക്രമണത്തിനായി വൻ ആയുധശേഖരങ്ങൾ ഉപയോഗിച്ചെന്നാണ് വിവരം. മണിപ്പൂരിൽ ഇടക്കാലത്ത് നടന്നതിൽ വച്ച് ഏറ്റവും വലിയ ദുരിതമായാണ് ഈ ആക്രമണത്തെ കണക്കാക്കുന്നത്.
Recommended Video
ഭീകാരക്രമണം സ്ഥിരീകരിച്ച മണിപ്പൂർ മുഖ്യമന്ത്രി എൻ.ബിരണ് സിംഗ് ഭീകരരെ കണ്ടെത്താൻ സുരക്ഷാസേനകൾ തെരച്ചിൽ ആരംഭിച്ചതായി അറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും ഭീകരാക്രമണത്തെ അപലപിച്ചു. അഞ്ച് സൈനികരുടെ വിലപ്പെട്ട ജീവനുകളും രണ്ട് കുടുംബാംഗങ്ങളേയും രാജ്യത്തിന് നഷ്ടമായിരിക്കുന്നു. ജീവൻ നഷ്ടമായവരുടെ ഉറ്റവരുടെ ദുഖത്തിൽ പങ്കു ചേരുന്നു. ഈ ഹീനകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നീതിക്ക് മുന്നിൽ കൊണ്ടു വരിക തന്നെ ചെയ്യും - രാജ്നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.
മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള ഒരു വിദൂരഗ്രാമപ്രദേശമാണ് ചുരാചന്ദ്പൂർ ജില്ലയിലെ സെഹ്കൻ. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ തീവ്രവാദസംഘടനകളും ഏറ്റെടുത്തിട്ടില്ല. ഇത് ആദ്യമായാണ് ഭീകരവാദ ആക്രമണത്തിൽ സൈനികർ അല്ലാത്തവർ മരണമടയുന്നത്. എന്നാൽ മണിപ്പൂർ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പീപ്പിൾസ് ലിബറേഷൻ ആർമി എന്ന ഭീകരസംഘടനയെ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്നുണ്ട്.
അതേസമയം, രണ്ടാഴ്ചയ്ക്ക് മുൻപ് അഫ്ഗാനിസ്ഥാനിലെ കാബൂളിലെ സൈനിക ആശുപത്രിക്ക് നേരെ ഭീകർ അക്രമണം നടന്നിരുന്നു. സംഭവത്തിൽ 19 പേർ കൊല്ലപ്പെടുകയും 50 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അഫാഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് ശേഷം ഏറ്റവും ക്രൂരമായി നടന്ന അക്രമമാണിതെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തിരുന്നു. ടെലഗ്രാം ചാനലിലൂടെയാണ് ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ അറിയിച്ചത്. തോക്കും ബോംബും ഉപയോഗിച്ചായിരുന്നു ഭീകരര്‍ ആശുപത്രിക്ക് നേരെ ആക്രണം നടത്തിയത്. .












Click it and Unblock the Notifications