കാശ്മീരിൽ പോലീസ് ബസിന് നേരെ വെടിയുതിർത്ത് തീവ്രവാദികൾ; 14 പോലീസുകാർക്ക് പരിക്ക്
ശ്രീനഗർ;കാശ്മൂരിൽ തീവ്രവാദ ആക്രമണത്തിൽ 14 പോലീസുകാർക്ക് പരിക്ക്. പോലീസുകാർ സഞ്ചരിച്ച ബസിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു. പാന്ത ചൗക്കിലെ സെവാനിന് സമീപം സായുധരായ ഉദ്യോഗസ്ഥരുമായി പോയ പോലീസ് ബസിനു നേരെയാണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ മുഴുവൻ പോലീസുകാരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് കാശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. ശ്രീനഗറിലെ രഗ്രേത്ത മേഖലയിലായിരുന്നു തീവ്രവാദികളെ സൈന്യം വകവരുത്തിയത്. രാവിലെയോടെയാണ് പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി ശ്രീനഗർ പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെ പരിശോധന നടത്തിയപ്പോൾ സൈന്യത്തിന് നേർക്ക് തീവ്രവാദികൾ വെടിയുതിർക്കുകകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരർ കൊല്ലപ്പെട്ടത്. അതേസമയം ഏത് ഭീകരസംഘത്തിൽ പെട്ടവരാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല.
അതേസമയം കഴിഞ്ഞ ദിവസം കശ്മീരിലെ പുല്‍വാമ ജില്ലയിലുള്ള അവന്തിപ്പോരയില്‍ ഒരു ഭീകരവാദിയെ സുരക്ഷാസേന വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. സുരക്ഷാസേന തിരച്ചില്‍ നടത്തുന്നതിനിടെ ഞായറാഴ്ച പുലര്‍ച്ചയോടെ ഭീകരവാദികള്‍ വെടിവെപ്പ് നടത്തി. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരവാദി കൊല്ലപ്പെട്ടത്. കാശ്മീരിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഭീകരാക്രമണങ്ങൾ വർധിച്ചുവരികയാണ്. നിരവധി സൈനികർ ഉൾപ്പെടെ തീവ്രവാദ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications